മഹാരാഷ്ട്രയിലെ (Maharashtra) ഒരു കര്‍ഷകന് (Farmer) ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ ലഭിച്ചു. തുടര്‍ന്ന്, 2014ല്‍ നരേന്ദ്രമോദി (Narendra Modi) നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയതാണെന്ന് കരുതി സന്തോഷിച്ച് അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് കത്തയക്കുകയും ചെയ്തു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബാങ്കിന് സംഭവിച്ച ഒരു പിഴവിന്റെ ഫലമായാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ ഈ തുക ലഭിച്ചത്. ഇപ്പോള്‍, അബദ്ധവശാൽ അയച്ചുപോയ 15 ലക്ഷം രൂപ തിരികെ ലഭിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ (Bank Official) അദ്ദേഹത്തിന് പിന്നാലെ അപേക്ഷയുമായി നടക്കുകയാണ്.
മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ പൈഥക് ഗ്രാമത്തിലായിരുന്നു ഈ സംഭവം നടന്നത്. ജ്ഞാനേശ്വര്‍ എന്ന് പേരുള്ള കര്‍ഷകന് തന്റെ ബാങ്ക് ഓഫ് ബറോഡയിലെ ജന്‍ധന്‍ അക്കൗണ്ടില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് 15.34 ലക്ഷം രൂപ ലഭിച്ചത്. മാസങ്ങളോളം കാത്തിരുന്നിട്ടും ഈ ഇടപാട് തിരുത്തപ്പെടുകയോ ആരും അദ്ദേഹത്തെ ബന്ധപ്പെടുകയോ ചെയ്തില്ല.
15 ലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്ക് എത്തിയത് 2014ല്‍ മോദി നല്‍കിയ വാഗ്ദാനം നിറവേറ്റിയതിന്റെ ഫലമായാണെന്ന് അദ്ദേഹം കരുതി. തുടർന്ന്, തന്റെ പുതിയ വീട് പണിയുന്നതിനായി 9 ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്തു. പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ഒരു കത്തും ജ്ഞാനേശ്വര്‍ എഴുതി. യഥാര്‍ത്ഥത്തില്‍ പണം ഒരു ഗ്രാമപഞ്ചായത്തിലേക്കാണ് അനുവദിച്ചതെങ്കിലും അബദ്ധത്തില്‍ അത് ജ്ഞാനേശ്വറിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെടുകയായിരുന്നു.
Also Read-
Aadhaar | നിയമങ്ങൾ ലംഘിച്ചാൽ ഒരു കോടി രൂപ പിഴയോ? വിശദാംശങ്ങൾ അറിയാംമാസങ്ങള്ക്കുശേഷം ബാങ്ക് നടത്തിയ അന്വേഷണത്തിലാണ് പണം തെറ്റായ അക്കൗണ്ടില്‍ നിക്ഷേപിച്ചതായി കണ്ടെത്തിയത്. ഇതിനുശേഷം, ജ്ഞാനേശ്വറിന്റെ അക്കൗണ്ടില്‍ അവശേഷിച്ച ആറ് ലക്ഷം രൂപ ബാങ്ക് തിരിച്ചെടുത്തു. ഇപ്പോള്‍, പുതിയ വീടിന്റെ നിര്‍മ്മാണത്തിനായി ജ്ഞാനേശ്വര്‍ ചെലവഴിച്ച 9 ലക്ഷം രൂപ തിരികെ നല്‍കണമെന്ന് ബാങ്ക് അധികൃതര്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
സമാനമായ ഒരു സംഭവം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബിഹാറിലെ പാട്‌നയിലും നടന്നിരുന്നു. ബാങ്കിന് സംഭവിച്ച പിഴവ് കാരണം അക്കൗണ്ടിലെത്തിയ അഞ്ചര ലക്ഷം രൂപ തിരികെ നല്‍കില്ലെന്നും അത് പ്രധാനമന്ത്രി നിക്ഷേപിച്ചതാണെന്നും വ്യക്തമാക്കി അക്കൗണ്ട് ഉടമയും ബാങ്കും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ബിഹാറിലെ ഖഗാരിയ ജില്ലയില്‍ നിന്നുള്ള രഞ്ജിത് ദാസ് എന്നയാളാണ് അബദ്ധവശാൽ അക്കൗണ്ടിലെത്തിയ പണം തിരികെ നല്‍കാന്‍ വിസമ്മതിച്ചത്. പണം പ്രധാനമന്ത്രി നരേന്ദ്ര മോദി നിക്ഷേപിച്ചതാണെന്നാണ് രഞ്ജിത്തിന്റെ വാദം.
ഐഎഎന്‍എസിന്റെ റിപ്പോര്‍ട്ട് പ്രകാരം, രഞ്ജിത് ദാസിന് 5.5 ലക്ഷം രൂപ ലഭിച്ചത് ഗ്രാമീണ്‍ ബാങ്കിന്റെ പിഴവ് കാരണമാണ്. എന്നാല്‍ 15 ലക്ഷം രൂപ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി മോദി വാഗ്ദാനം ചെയ്തതിനാല്‍ ഈ പണം തനിക്കുള്ളതാണെന്ന് രഞ്ജിത് ദാസ് കരുതി. പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത പണത്തിന്റെ ആദ്യ ഗഡുവാണ് ഇപ്പോള്‍ ലഭിച്ച തുകയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അക്കൗണ്ടിൽ ലഭിച്ച തുക ഇതിനകം ചെലവഴിച്ചതിനാല്‍ തിരികെ നല്‍കാന്‍ കഴിയില്ലെന്നും ബാങ്ക് അക്കൗണ്ടില്‍ പണമില്ലെന്നും രഞ്ജിത് ദാസ് പറഞ്ഞു. തുടര്‍ന്ന് ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ രജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തില്‍ രഞ്ജിത് അറസ്റ്റിലാവുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.