കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദേശീയ തലസ്ഥാനത്തിന്റെ അതിര്‍ത്തിയില്‍ ഒരു വര്‍ഷം നീണ്ടുനിന്ന കര്‍ഷക സമരം (Farmers Protest) ഇനി പഞ്ചാബിലെ സ്കൂള്‍ (School) പാഠപുസ്തകങ്ങളില്‍ വിഷയമാകും. പഞ്ചാബിലെ (Punjab) നിരവധി സ്വകാര്യ സ്കൂളുകളിലെ ആറാം ക്ലാസിലെ പാഠ്യപദ്ധതിയില്‍ കര്‍ഷക സമരത്തെക്കുറിച്ചുള്ള ഒരു അധ്യായം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ പുസ്തകത്തിന് പഞ്ചാബ് സ്കൂള്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ) അംഗീകാരം ലഭിച്ചിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ജഗ്ജിത് സിംഗ് ധുരി എന്ന അധ്യാപകനാണ് കർഷക സമരത്തെക്കുറിച്ചുള്ള അധ്യായം ഉൾപ്പെട്ട പുസ്തകം സമാഹരിച്ചത്. ഇത് ഇപ്പോള്‍ വിദ്യാഭ്യാസ ബോർഡിലേക്ക് അംഗീകാരത്തിനായി അയയ്ക്കും.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19 നാണ് വിവാദമായ കാര്‍ഷിക നിയമം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് പിന്‍വലിച്ചത്. തുടര്‍ന്നുണ്ടായ ആഘോഷങ്ങളും കര്‍ഷക സമരത്തിന്റെ ചരിത്രവും പ്രസ്തുത അധ്യായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അധ്യായത്തിന്റെ അവസാന ഭാഗത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരം നല്‍കാനായി നിരവധി ചോദ്യങ്ങളും നല്‍കിയിട്ടുണ്ട്. നിലവില്‍ ഈ പുസ്തകം ഭട്ടിന്‍ഡയിലെ ലെഹ്റാഗാഗയിലെ സെയ്ബ ഇന്റര്‍നാഷണല്‍ സ്കൂളിന്റെയും മറ്റ് ചില സ്കൂളുകളുടെയും പാഠ്യപദ്ധതിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കര്‍ഷകരുടെ 'ചരിത്രപരമായ' സമരത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി പി എസ് ഇ ബി പുസ്തകത്തിന് അനുമതി നല്‍കണമെന്ന് ലേഖകന്‍ പറയുന്നു.
2020 ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് പുതിയ കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ സമരം ആരംഭിച്ചത്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ 2020 നവംബറില്‍ കുത്തിയിരിപ്പ് സമരത്തിനായി ഡല്‍ഹിയിലേക്ക് പുറപ്പെടുകയായിരുന്നു. എന്നാല്‍ ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ അവരെ തടഞ്ഞുവെച്ചു. പിന്നീട്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും ഈ പ്രതിഷേധത്തില്‍ ചേര്‍ന്നു.
ഡല്‍ഹിക്ക് പുറത്ത് സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ കര്‍ഷകര്‍ കുത്തിയിരുന്ന് ഒരു വര്‍ഷത്തിലേറെ പ്രതിഷേധം നടത്തി. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. ഒടുവില്‍ ഒരു വര്‍ഷത്തെ ചര്‍ച്ചകള്‍ക്കും സന്ധി സംഭാഷണങ്ങള്‍ക്കും ശേഷം 2021 ഡിസംബറില്‍ പ്രതിഷേധം അവസാനിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചു.
അതേസമയം, ഭൂരിഭാഗം കാര്‍ഷിക സംഘടനകളും കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നതായി സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി പറഞ്ഞിരുന്നു. 33 ദശലക്ഷം കര്‍ഷകരെ പ്രതിനിധീകരിക്കുന്ന, 86 ശതമാനം കര്‍ഷക സംഘടനകളും കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചിരുന്നതായി വിദഗ്ദ്ധ സമിതി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച നിയമങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും സംസ്ഥാനങ്ങള്‍ കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ നടപ്പാക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Farmers protests, Punjab