• HOME
  • »
  • NEWS
  • »
  • india
  • »
  • Prathyusha Garimella |ഫാഷൻ ഡിസൈനർ പ്രത്യുഷ ഗരിമെല്ലയ്ക്ക് വിഷാദരോഗം?; ആത്മഹത്യാകുറിപ്പ് കണ്ടെത്തി

Prathyusha Garimella |ഫാഷൻ ഡിസൈനർ പ്രത്യുഷ ഗരിമെല്ലയ്ക്ക് വിഷാദരോഗം?; ആത്മഹത്യാകുറിപ്പ് കണ്ടെത്തി

പ്രത്യുഷയുടേതെന്ന് കരുതുന്ന ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

  • Share this:
    ജൂൺ 11 നാണ് ഫാഷൻ ഡിസൈനറായ പ്രത്യുഷാ ഗരിമെല്ലയെ (Prathyusha Garimella)മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൈദരാബാദിലുള്ള പ്രത്യുഷയുടെ വസ്ത്രശാലയ്ക്കുള്ളിലുള്ള ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിൽ നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപത്തു നിന്ന് കാർബൺ മോണോക്സൈഡ് സിലിണ്ടറും പൊലീസ് കണ്ടെത്തിയിരുന്നു.

    ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രത്യുഷ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രത്യുഷയുടേതെന്ന് കരുതുന്ന ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

    ഈ ജീവിതമല്ല താൻ ആഗ്രഹിച്ചതെന്നും മാതാപിതാക്കൾക്ക് ബാധ്യതയായിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് ആത്മഹത്യാകുറിപ്പിൽ എഴുതിയിരിക്കുന്നത്. ഓരോ ദിവസവും താൻ കരയുകയാണ്. മാതാപിതാക്കളോടും സുഹൃത്തുക്കളോടും തന്നെ സ്നേഹിക്കുന്നവരോടുമെല്ലാം മാപ്പ് ചോദിക്കുന്നുവെന്നും ആത്മഹത്യാകുറിപ്പിലുണ്ട്.

    Also Read-സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ല വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹം ശുചിമുറിയില്‍

    ഫാഷൻ സ്റ്റുഡിയോയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വാച്ച്മാനാണ് പൊലീസിനേയും പ്രത്യുഷയുടെ മാതാപിതാക്കളേയും വിവരമറിയിച്ചത്. ശനിയാഴ്ച്ച രാവിലെ സ്റ്റുഡിയോയ്ക്കുള്ളിൽ കയറിയ പ്രത്യുഷ വൈകുന്നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്നാണ് സംശയം തോന്നിയതെന്ന് വാച്ച്മാൻ പൊലീസിനോട് പറഞ്ഞു.

    വാതിൽ ഏറെ നേരം മുട്ടിയെങ്കിലും തുറക്കാത്തതിനെ തുടർന്നാണ് പൊലീസിനെ വിവരമറിയിച്ചത്. പ്രത്യുഷയുടെ മൃതദേഹം ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറയുന്നു. ഇവിടെ നിന്ന് കണ്ടെത്തിയ സിലിണ്ടറും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

    ബോളിവുഡിലും തെന്നിന്ത്യൻ സിനിമാലോകത്തും നിരവധി താരങ്ങൾക്ക് വസ്ത്രാലങ്കാരം നിർവഹിച്ച വ്യക്തിയാണ് പ്രത്യുഷ. ഐശ്വര്യ റായ് ബച്ചൻ, വിദ്യാ ബാലൻ, സറാ അലി, കാജൽ അഗർവാൾ, ഗൗഹർ ഖാൻ, രവീണ ടണ്ടൻ, ഹുമ ഖുറേഷി, നേഹ ദൂപിയ തുടങ്ങിയ താരങ്ങളുടേയെല്ലാം വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുണ്ട്.

    ശ്രദ്ധിക്കുക: 

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Naseeba TC
    First published: