ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസിയുടെ മകളുടെ ഭർതൃപിതാവും പ്രമുഖ ഓർത്തോപീഡിക് സർജനുമായ ഡോ. മസ്ഹറുദ്ദീൻ അലി ഖാൻ (60) സ്വയം വെടിയുതിർത്ത് മരിച്ചു. ഹൈദരാബാദിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
അസദുദ്ദീൻ ഒവൈസിയുടെ രണ്ടാമത്തെ മകളുടെ ഭർതൃപിതാവാണ് മസ്ഹറുദ്ദീൻ അലി ഖാൻ. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലുള്ള ആശുപത്രിയിൽ വെച്ചാണ് അന്ത്യമെന്ന് ടിവി9 തെലുങ്കു റിപ്പോർട്ടിൽ പറയുന്നു. കുടുംബ വഴക്കിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് റിപ്പോർട്ടുകൾ. ഹൈദരാബാദിലെ ഒവൈസി ആശുപത്രിയിൽ ഓർത്തോപീഡിക് സർജനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മൂന്ന് പതിറ്റാണ്ടായി ഈ മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു.
Also Read- ബന്ധുവിന്റെ വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ 19കാരന്‍ കുഴഞ്ഞുവീണു മരിച്ചു
മൃതദേഹം ഒസ്മാനിയ ജനറൽ ആശുപത്രിയിലെ മോർച്ചറയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്വന്തം തോക്ക് ഉപയോഗിച്ച് തലയിൽ വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നുവെന്ന് ഹൈദരാബാദ് വെസ്റ്റ് സോൺ ഡിസിപി ജോയൽ ഡേവിസ് അറിയിച്ചു. വെടിയേറ്റ മസ്ഹറുദ്ദീനെ കുടുംബാംഗങ്ങളാണ് അപ്പോളോ ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിലെത്തുന്നതിനു മുമ്പു തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. ജീവനൊടുക്കാനുള്ള കാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇദ്ദേഹത്തിന്റെ വസതിയിൽ നിന്നും പൊലീസ് തെളിവുകൾ ശേഖരിച്ചു. തോക്കിന്റെ ലൈസൻസ് ഡോക്ടറുടെ സ്വന്തം പേരിലാണ്. ഒരു റൗണ്ട് വെടിയാണ് ഉതിർത്തതെന്നും പൊലീസ് പറയുന്നു.
മസ്ഹറുദ്ദീനും കുടുംബാംഗങ്ങളുമായി സ്വത്തു തർക്കം നിലവിലുണ്ട്. ഇദ്ദേഹത്തിനെതിരെ ഗാർഹിക പീഡനത്തിന് കേസും നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.