ചെന്നൈ: പ്രണായാഭ്യർത്ഥന നിരസിച്ചതിന് യുവാവ് ട്രെയിനിനു മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ ചെന്നൈയിലെ കോളജ് വിദ്യാർത്ഥിനിയുടെ പിതാവ് ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ഇന്നലെ കൊല്ലപ്പെട്ട ടി നഗറിലെ ജെയിൻ കോളജ് ബിബിഎ മൂന്നാം വർഷ വിദ്യാർത്ഥിനി സത്യയുടെ (20) പിതാവ് മാണിക്കമാണ് മരിച്ചത്. മകളുടെ മരണവാര്‍ത്തയറിഞ്ഞ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാണിക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുറച്ച് സമയത്തിനുള്ളിൽ മരണം സംഭവിച്ചു. സത്യയുടെ മാതാവ് രാമലക്ഷ്മി ആദമ്പാക്കം പൊലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളാണ്.
അതേസമയം, വിദ്യാർത്ഥിനിയെ തള്ളിയിട്ട ശേഷം രക്ഷപെട്ട ആദംപാക്കം സ്വദേശി സതീഷ് (23) പൊലീസ് പ്രത്യേക സംഘത്തിന്റെ പിടിയിലായി. ഏറെനാളായി സതീഷ് പെൺകുട്ടിയുടെ പിന്നാലെ നടന്നു ശല്യപ്പെടുത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു. ആഴ്ചകൾക്ക് മുമ്പ് സത്യയുടെ മാതാപിതാക്കൾ മാമ്പലം പൊലീസ് സ്റ്റേഷനിൽ സതീഷിനെതിരെ പരാതി നൽകിയിരുന്നു.
Also Read- ആറുവർഷം പൊലീസിനെ വട്ടംകറക്കിയ 'ആസാമീസ് സുകുമാര കുറുപ്പ്' പിടിയിൽ
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ സത്യ തന്റെ കോളജിലേക്ക് പോകാൻ ട്രെയിൻ കാത്തു നിൽക്കവേ സതീഷ് സ്റ്റേഷനിലെത്തി. തുടർന്നു ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ താംബരം-ബീച്ച് സബേർബൻ ട്രെയിൻ ഒന്നാം പ്ലാറ്റ്‌ഫോമിന് സമീപമെത്തിയപ്പോൾ സതീഷ് സത്യയെ തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ട്രെയിനിന് അടിയിൽപ്പെട്ട യുവതി തൽക്ഷണം മരിച്ചു. മറ്റു യാത്രക്കാർ സതീഷിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് സതീഷിനായി തിരച്ചിൽ നടത്തിയത്. റെയിൽവേ പൊലീസ് സ്ഥലത്തെത്തി സത്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.
ദുരൈപാക്കത്തിന് സമീപം ഒളിവിലായിരുന്ന പ്രതി സതീഷിനെ അർദ്ധരാത്രി 12.30ഓടെ സ്‌പെഷ്യൽ ഫോഴ്‌സ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സതീഷിനെ ചോദ്യം ചെയ്തപ്പോഴാണ് സത്യയും സതീഷും വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്ന് മൊഴി നൽകിയത്. കൊല്ലപ്പെട്ട സത്യയും സതീഷും സ്കൂൾ കാലം മുതൽ പ്രണയത്തിലായിരുന്നു. പിന്നീട് സതീഷ് ജോലിക്കൊന്നും പോകാതെ കഞ്ചാവ് ഉപയോഗിക്കുന്നത് പതിവാക്കി. ഇതോടെ സത്യ സതീഷുമായി അകന്നു. ബന്ധം വേർപെടുത്തിയതിന് ശേഷം മൂന്ന് തവണ സതീഷ് സത്യയുമായി വഴക്കിട്ടിട്ടുണ്ട്. തന്നെ വീണ്ടും പ്രണയിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്ന് വഴക്ക്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: College student, Tamil nadu