പാട്ന: ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ജവാന് ജയ് കിഷോറിന്റെ പിതാവിനെ പൊലീസ് മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്തതായി പരാതി. ജയ് കിഷോറിന്റെ പിതാവായ രാജ് കപൂര്‍ സിംഗിനെയാണ് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. ബീഹാറിലെ വൈശാലി ജില്ലയില്‍ തന്റെ മകന്റെ പേരില്‍ നിര്‍മ്മിക്കുന്ന സ്മാരകവുമായി ബന്ധപ്പെട്ട ഭൂമി തര്‍ക്കമാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് അദ്ദേഹത്തിന്റെ മറ്റൊരു മകനും സൈനികനുമായ നന്ദ് കിഷോര്‍ പറഞ്ഞു.
അതേസമയം, യാതൊരു രീതിയിലുള്ള മര്‍ദ്ദനവും നടന്നിട്ടില്ലെന്നും നിയമപരമായി അറസ്റ്റ് ചെയ്യുക മാത്രമാണ് ഉണ്ടായതെന്നുമാണ് എസ്.പി മനീഷ് പറഞ്ഞത്.
പ്രശ്നം
ബീഹാറിലെ ചക്ഫത്തേഹ് ഗ്രാമത്തിലുള്ള സർക്കാർ ഭൂമിയുമായി അതിർത്തി പങ്കിടുന്നവരാണ് രാജ് കപൂര്‍ സിംഗും അയൽവാസിയായ ഹരിനാഥ് റാമും. 2020 ലെ ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ ജയ് കിഷോര്‍ മരിച്ചതിന് പിന്നാലെ നിരവധി മന്ത്രിമാരും മറ്റ് ജനപ്രതിനിതികളും രാജ് കപൂര്‍ സിംഗിനെയും കുടുംബത്തെയും സന്ദര്‍ശിച്ചിരുന്നു. അന്ന് ജയ് കിഷോറിന്റെ പേരില്‍ ഒരു സ്മാരകം നിര്‍മ്മിക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ സ്മാരകം നിര്‍മ്മിക്കാനുള്ള സ്ഥലം അനുവദിച്ചിരുന്നില്ല.
തുടര്‍ന്ന് സര്‍ക്കാര്‍ ഭൂമിയില്‍ തന്നെ സ്മാരകം നിര്‍മ്മിക്കാന്‍ ഗ്രാമവാസികള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് ഹരിനാഥ് രംഗത്തെത്തി. തുടര്‍ന്ന് ഗ്രാമവാസികളുടെ ഒരു യോഗം വിളിച്ചു ചേര്‍ത്തിരുന്നു. തുടര്‍ന്ന് ഭൂരേഖകള്‍ പരിശോധിച്ച ജനതാ ബ്ലോക്കിന്റെ സര്‍ക്കിള്‍ ഓഫീസര്‍ ആ ഭൂമിയില്‍ സ്മാരകം പണിയാന്‍ അനുമതി നല്കി. രാജ് കപൂര്‍ സിംഗ് സമീപത്തെ ഭൂമി വാങ്ങി ഹരിനാഥിന് നല്‍കാമെന്നും തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്ന് തന്റെ സാധനങ്ങള്‍ ഒഴിപ്പിക്കാമെന്നും ധാരണയാകുകയും ചെയ്തു.
എന്നാല്‍ സ്മാരകത്തിന്റെ നിര്‍മ്മാണം ആരംഭിച്ചതോടെ ഹരിനാഥ് വീണ്ടും എതിര്‍പ്പുമായി എത്തി. എസ് സി, എസ്ടി ആക്ട് പ്രകാരം സിംഗിനെതിരെ ഇദ്ദേഹം പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഫെബ്രുവരി 25 ന് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ചും വലിച്ചിഴച്ചുമാണ് പൊലീസ് രാജ് കപൂര്‍ സിംഗിനെ പൊലീസ് ജീപ്പിലേക്ക് കയറ്റിയതെന്നാണ് ഇദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നത്. സിംഗിനെതിരെ നല്‍കിയിരിക്കുന്ന പരാതി അടിസ്ഥാന രഹിതമാണെന്നും കുടുംബം ആരോപിച്ചു.
പരാതിക്കാരന്റെ വാദം
‘രാജ് കപൂര്‍ സിംഗിന് ഭൂമി സ്വന്തമായുണ്ട്. അദ്ദേഹത്തിന് വേണമെങ്കില്‍ സ്മാരകം അവിടെ നിർമ്മിക്കാം. എന്തിനാണ് ഞങ്ങളുടെ ഭൂമിയുടെ മുന്നില്‍ തന്നെ അദ്ദേഹം സ്മാരകം പണിയുന്നത്. ജയ് കിഷോറിന്റെ പേരില്‍ ഒരു സ്മാരകം പണിയുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നുമില്ല. അദ്ദേഹം ഞങ്ങള്‍ക്കും സഹോദര തുല്യനായിരുന്നു,’ ഹരിനാഥിന്റെ മകന് മനോജ് കുമാര്‍ പറഞ്ഞു.
അതേസമയം ഇരുവരും ചേര്‍ന്ന് ഒപ്പിട്ട കരാറിനെപ്പറ്റിയും അദ്ദേഹം തുറന്നുപറഞ്ഞു. മറ്റുള്ളവരുടെ സമ്മര്‍ദ്ദം കൊണ്ടാണ് അങ്ങനൊരു കരാറിന് സമ്മതിച്ചതെന്നും അതുമായി മുന്നോട്ട് പോകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മനോജ് കുമാര്‍ പറഞ്ഞു.
രാജ്യസ്നേഹിയായ പിതാവ്
2020ലെ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ ചൈനീസ് ആക്രമണത്തില്‍ ഒരു കേണല്‍ ഉള്‍പ്പടെ 20 ജവാന്മാരാണ് കൊല്ലപ്പെട്ടത്.
“ഒരുമാസം മുമ്പാണ് എനിക്ക് കോള്‍ വന്നത്. മലമുകളിലേക്ക് തങ്ങളെ വിന്യസിക്കുകയാണെന്ന് മകന് പറഞ്ഞു. അവിടെ സെല്‍ ടവര്‍ ഇല്ലെന്നും ചിലപ്പോള്‍ വിളിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. തിരിച്ച് വന്നശേഷം സംസാരിക്കാമെന്നാണ് അവന് പറഞ്ഞത്. എന്നാല്‍ പിന്നീട് അവന് വിളിച്ചില്ല. ആക്രമണം കഴിഞ്ഞ് മകന് ഗുരുതരമായി പരിക്കേറ്റുവെന്ന സന്ദേശം ലഭിച്ചു. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് അവന് മരിച്ചുവെന്ന സന്ദേശമാണ് ലഭിച്ചത്,” ജയ് കിഷോറിന്റെ മരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സിംഗ് പറഞ്ഞ വാക്കുകളാണ് ഇത്.
തന്റെ മകന്റെ പേരില്‍ ഒരു സ്മാരകം പണിയണമെന്നാണ് തന്റെ ഇനിയുള്ള ആഗ്രഹമെന്നും സിംഗ് പറഞ്ഞിരുന്നു. തന്റെ മകന് വീരമൃത്യു വരിച്ചു. എന്നാല്‍ അവന്റെ ഓര്‍മ്മകള്‍ ഇവിടെ നിലനില്‍ക്കണം. അതിനാണ് സ്മാരകം പണിയുന്നത് സിംഗ് പറഞ്ഞിരുന്നു.
സഹോദരന്റെ വാദം
”എന്റെ സഹോദരന് മരിച്ച സമയത്ത് ഞങ്ങളെ സന്ദര്‍ശിച്ച എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഞങ്ങളോടൊപ്പം നില്‍ക്കുന്നുവെന്നാണ് പറഞ്ഞത്. എന്നാല്‍ പിതാവിന്റെ അറസ്റ്റിന് ശേഷം ഞങ്ങളുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ഒരു നേതാക്കള്‍ പോലും വന്നിട്ടില്ല. കുറച്ച് നാള് മുമ്പ് പിതാവിനെ എസ്എച്ച്ഒ ആദരിച്ചിരുന്നു. ഇന്ന് അതേ ബീഹാര്‍ പൊലീസ് തന്നെ അദ്ദേഹത്തെ വലിച്ചിഴച്ച് മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്തിരിക്കുകയാണ്. സൈന്യത്തില്‍ ജോലി ചെയ്യുന്ന കാലത്ത് എന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നല്‍കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നതാണ്. എന്നാല്‍ ഈ ഒരു സംഭവത്തിന് ശേഷം ഞാന്‍ ആകെ തകര്‍ന്നുപോയി,’ ജയ് കിഷോറിന്റെ സഹോദരന് നന്ദ് കിഷോര്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ വാദം
രക്തസാക്ഷികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമീപനത്തെ ചോദ്യം ചെയ്ത് ബിജെപി നേതാവ് ഗുരു പ്രകാശ് രംഗത്തെത്തി.
”എന്ത് മനോഭാവമാണ് ഇത്. രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച ജവാന്റെ കുടുംബത്തോട് ഇങ്ങനെയാണോ പെരുമാറുന്നത്. നിര്‍ഭാഗ്യകരമാണിത്. പൊലീസിന് ജനങ്ങളെ അക്രമിക്കാനുള്ള അധികാരമില്ല,” ഗുരു പ്രകാശ് പറഞ്ഞു.
അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തെപ്പറ്റി തനിക്ക് അറിയില്ലെന്നാണ് ധനമന്ത്രി വിജയ് ചൗധരി പറഞ്ഞത്. ബജറ്റ് തയ്യാറാക്കുന്ന തിരക്കിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.