ന്യൂഡൽഹി: രാജ്യത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെ അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇടപെടലുമായി കേന്ദ്രം. ഡോക്ടർമാര്‍ അടക്കം ആരോഗ്യപ്രവർത്തകര്‍ക്ക് നേരെ അക്രമം നടത്തുന്നവർക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത് വിചാരണ നടപടികൾ വേഗത്തിലാക്കണമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന സർക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെ ആക്രമണങ്ങൾ പതിവ് സംഭമായതോടെയാണ് കേന്ദ്ര ഇടപെടൽ. ഇത്തരം സംഭവങ്ങളിൽ പകർച്ചാവ്യാധി നിയമപ്രകാരം കർശന നടപടികൾ തന്നെ സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
'ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ അവരുടെ മനോവീര്യത്തെ തകർത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ കാരണമാകും. ഇത് ആരോഗ്യ- പ്രതിരോധ സംവിധാനത്തെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാം' കത്തിൽ ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ ആരോഗ്യ പരിപാലന വിദഗ്ധരെ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കേണ്ടത് അനിവാര്യമാണെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കുന്നു.
"അതിക്രമം നടത്തുന്നവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ വേഗത്തിലാക്കണം. ബാധകമായ ഇടങ്ങളിൽ 2020 ലെ പകർച്ചവ്യാധി (ഭേദഗതി) നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുകയും ചെയ്യാം' സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ ഭല്ല പറയുന്നു.ഈ നിയമമനുസരിച്ച്, ഡോക്ടർമാർക്കും ആരോഗ്യപരിപാലന വിദഗ്ധർക്കും നേരെയുള്ള ആക്രമണം നടത്തുന്നവര്‍ക്ക് അഞ്ച് വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയുമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.