സോഷ്യൽ മീഡിയ 'ദുരുപയോഗം': പ്രശാന്ത് ഭൂഷണിനും കണ്ണന്‍ ഗോപിനാഥനുമെതിരെ ഗുജറാത്തിൽ കേസ്
സോഷ്യൽ മീഡിയ 'ദുരുപയോഗം': പ്രശാന്ത് ഭൂഷണിനും കണ്ണന്‍ ഗോപിനാഥനുമെതിരെ ഗുജറാത്തിൽ കേസ്
സര്‍ക്കാര്‍ ഉത്തരവുകൾ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ ട്വീറ്റ് ചെയ്തെന്നും ഇത് സമൂഹത്തിൽ സമാധാനപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നുമാണ് കണ്ണൻ ഗോപിനാഥനെതിരായ പരാതി.
അഹമ്മദാബാദ്: സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ എന്നിവർക്കെതിരെ കേസെടുത്ത് ഗുജറാത്ത് പൊലീസ്. രാമായണവുമായി ബന്ധപ്പെട്ട് ആക്ഷേപകരമായ ട്വീറ്റ് പോസ്റ്റ് ചെയ്തതിനാണ് പ്രശാന്ത് ഭൂഷണിനെതിരെ കേസ്. സർക്കാർ ഉത്തരവുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയ വഴി ആളുകളെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് കണ്ണന്‍ ഗോപിനാഥനെതിരായ കേസ്.
രാജ്കോട്ടിലെ ഭക്ത നഗർ പൊലീസ് സ്റ്റേഷനിലാണ് ഇരുവര്‍ക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുടര്‍ന്ന് അന്വേഷണം സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്. രാജ്കോട്ട് സ്വദേശിയും മുൻ ആര്‍മി ക്യാപ്റ്റനുമായ ജയ്ദേവ് ഭായി ജോഷി എന്നയാളാണ് പരാതിക്കാരൻ. രാമായണത്തെയും മഹാഭാരതത്തെയും ലഹരി പദാർത്ഥത്തോട് ഉപമിച്ച് ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തി എന്നാണ് പ്രശാന്തിനെതിരായ പരാതി.
പ്രശാന്ത് ഭൂഷണ്‍ മാർച്ച് 28ന് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റാണ് പരാതിക്കടിസ്ഥാനം. 'നിർബന്ധിത ലോക്ക്ഡൗൺ കാരണം കോടിക്കണക്കിന് ആളുകൾ പട്ടിണികിടക്കുകയാണ്. വീടുകളിലേക്ക് മടങ്ങിയെത്താൻ നൂറു കണക്കിന് മൈലുകൾ നടക്കുകയാണ്. എന്നാൽ നമ്മുടെ ഹൃദയമില്ലാത്ത മന്ത്രിമാർ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ലഹരി ആസ്വദിക്കുകയും അത് പകർന്നു നൽകുകയും ചെയ്യുകയാണ്' എന്നായിരുന്നു ട്വീറ്റ്. ഇതിനെതിരെയാണ് പരാതി.
സര്‍ക്കാര്‍ ഉത്തരവുകൾ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ ട്വീറ്റ് ചെയ്തെന്നും ഇത് സമൂഹത്തിൽ സമാധാനപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നുമാണ് കണ്ണൻ ഗോപിനാഥനെതിരായ പരാതി. കണ്ണനൊപ്പം നാഷണൽ ഹെറാൾഡ് ന്യൂസ് പേപ്പർ ന്യൂസ് എഡിറ്റർ ആഷ്ലിൻ മാത്യുവിനെയും പ്രതി ചേർത്തിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെക്ഷന്‍ 34, മതവികാരം വ്രണപ്പെടുത്തല്‍, പരിഭ്രാന്തി ഉയർത്തുന്ന കാര്യങ്ങൾ പ്രചരിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നിവയ്ക്കാണ് കേസ്.
വിഷയത്തിൽ പ്രതികരിക്കാൻ പ്രശാന്ത് ഭൂഷൺ തയ്യാറായിട്ടില്ല. സർക്കാർ ഉത്തരവ് തെറ്റായ വ്യാഖ്യാനിച്ചു എന്നാരോപിച്ച് ഗുജറാത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു എന്ന വിവരം കണ്ണൻ ഗോപിനാഥന്‍ തന്നെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. 'നിങ്ങൾക്ക് അറസ്റ്റ് ചെയ്യാൻ സാധിക്കുമായിരിക്കും.. പക്ഷെ നിശബ്ദനാക്കാന്‍ കഴിയില്ല.. നിങ്ങളെ ഇവിടെ ആർക്കും ഭയമില്ല' എന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.