HOME » NEWS » India » FIRE BREAKS OUT AT DELHI AIIMS NO INJURIES REPORTED

ഡൽഹി എയിംസ് ആശുപത്രിയിൽ തീപിടിത്തം; ആളപായമില്ലെന്ന് റിപ്പോർട്ടുകൾ

ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

News18 Malayalam | news18-malayalam
Updated: June 17, 2021, 8:48 AM IST
ഡൽഹി എയിംസ് ആശുപത്രിയിൽ തീപിടിത്തം; ആളപായമില്ലെന്ന് റിപ്പോർട്ടുകൾ
Fire tenders at AIIMS Delhi.
  • Share this:
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അഗ്നിബാധ. കൺവേർഷൻ ബ്ലോക്കിലെ ഒൻപതാം നിലയിലാണ് തീപിടുത്തമുണ്ടായത്. ടീച്ചിംഗ് ബ്ലോക്ക് ആയതിനാൽ ആളപായം ഒന്നുമുണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ.

'ടീച്ചിംഗ് ബ്ലോക്കിലാണ് അഗ്നിബാധയുണ്ടായത്. അവിടെ രോഗികളാരും ഉണ്ടായിരുന്നില്ല. ആരെയും രക്ഷപ്പെടുത്തേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല' ഡൽഹി ഫയർ സർവീസസ് ഡയറക്ടർ അതുൽ ഗാർഗ് അറിയിച്ചു. തീ പിടുത്തം നിയന്ത്രണ വിധേയമാക്കിയെന്നും ആർക്കും പരിക്കുകളൊന്നും ഇല്ലെന്നുമാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.




കഴിഞ്ഞ ദിവസം രാത്രി 10.22ഓടെയായിരുന്നു അപകടമുണ്ടായതെന്നാണ് അഗ്നിശമന വിഭാഗം അറിയിച്ചത്. വിവരം അറിഞ്ഞ് ഫയർ ഫോഴ്സിന്‍റെ ഇരുപത്തിരണ്ട് യൂണിറ്റുകളാണ് സംഭവ സ്ഥലത്ത് കുതിച്ചെത്തിയത്. ഒൻപതാം നിലയിലെ മേൽക്കൂരയിൽ തീ പടർന്നു പിടിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. എന്നാലും സംഭവത്തിന്‍റെ യഥാർഥ കാരണം വ്യക്തമാകാൻ വിശദമായ അന്വേഷണം തന്നെ നടത്തുമെന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചിരിക്കുന്നത്.



സമാനമായ മറ്റൊരു സംഭവത്തിൽ ഗുജറാത്തിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 18 രോഗികള്‍ മരിച്ചിരുന്നു. ഇക്കഴിഞ്ഞ മെയിലായിരുന്നു ദാരുണ സംഭവം. ഭറൂച്ചിലുള്ള ആശുപത്രിയിലാണ് അപകടം നടന്നത്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 50 ഓളം രോഗികളെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗികളായിരുന്നു. പൊള്ളലേറ്റും പുക ശ്വസിച്ചുമായിരുന്നു മരണം.  ഭറൂച്ച്- ജംബുസാര്‍ ദേശീയ പാതയിലാണ് നാലു നിലകളിലായുള്ള കോവിഡ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഒരു ട്രസ്റ്റിന് കീഴിലാണ് ഇതിന്റെ പ്രവര്‍ത്തനം.
Published by: Asha Sulfiker
First published: June 17, 2021, 8:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories