ഉത്തരേന്ത്യയിലെ ആദ്യത്തെ ബഹിരാകാശ ശാസ്ത്ര കേന്ദ്രമായ സതീഷ് ധവാൻ സെന്റർ ഫോർ സ്പേസ് സയൻസസ് (Satish Dhawan Centre for Space Sciences) ജമ്മു കേന്ദ്ര സർവകലാശാലയിൽ (Central University of Jammu) കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് (Jitendra Singh) ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. ഇവിടെ ആദ്യ കോഴ്‌സായ ബിടെക് ഏവിയേഷൻ ആൻഡ് എയറോനോട്ടിക്‌സ് ഈ വർഷം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അറുപത് വിദ്യാർത്ഥികൾക്കായിരിക്കും ഈ കോഴ്സിൽ പ്രവേശനം നേടാൻ കഴിയുക. ഉത്തരേന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരമായ ദിവസമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കൂടി ചുമതലയുള്ള ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി പറഞ്ഞു.
2018 ഒക്ടോബറിൽ, ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ (ISRO) ജമ്മു സെൻട്രൽ യൂണിവേഴ്‌സിറ്റിയുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗത്തിനും ഭൂവിനിയോഗ പാറ്റേണുകൾ ആസൂത്രണം ചെയ്യുന്നതിനും സഹായിക്കുന്ന ജിയോ-സ്പേഷ്യൽ ഡാറ്റാ വിശകലനത്തിനുള്ള സൗകര്യങ്ങളോടുകൂടിയ കേന്ദ്രം സ്ഥാപിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.
അന്തരീക്ഷ പഠനങ്ങൾക്കായി ഭൂതല നിരീക്ഷണ കേന്ദ്രം, അസ്ട്രോഫിസിക്സ് ഗവേഷണ ലാബ്, ഹിമാനികളുടെ പഠനത്തിന് വേണ്ടിയുള്ള ലബോറട്ടറി എന്നിവയും ഇവിടെ സജ്ജീകരിക്കും. ബഹിരാകാശ സാങ്കേതികവിദ്യ ഇതുവരെ ദക്ഷിണേന്ത്യയിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുകയായിരുന്നു, അതിനാൽ ജമ്മുവിന് മാത്രമല്ല, ഉത്തരേന്ത്യയ്ക്കാകെ ഇതൊരു ചരിത്രദിനമാണെന്ന് മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഒരു വശത്ത് ബഹിരാകാശ മേഖല സ്വകാര്യ കമ്പനികൾക്ക് തുറന്നു കൊടുക്കുന്നുവെന്ന് ഉറപ്പാക്കുകയും മറുവശത്ത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ബഹിരാകാശ സാങ്കേതിക സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനമെടുക്കുകയും ചെയ്യുന്നതായി മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'ബഹിരാകാശ സാങ്കേതികവിദ്യയുടെ അതിരുകളും മാനവികതയ്ക്ക് വേണ്ടിയുള്ള പ്രയോഗവും' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സമ്മേളനവും സിംഗ് ഉദ്ഘാടനം ചെയ്തു. മുൻ ഐഎസ്ആർഒ ചെയർമാനായിരുന്നു സതീഷ് ധവാൻ. ജമ്മു കശ്മീരിൽ നിന്നുള്ള ഇദ്ദേഹം ദോഗ്ര സമൂഹത്തിന്റെ അഭിമാനമായ വ്യക്തിത്വമാണ്. അതിനാലാണ് ബഹിരാകാശ കേന്ദ്രത്തിന് അദ്ദേഹത്തിന്റെ പേര് നൽകാൻ നിർദ്ദേശിച്ചതെന്നും സിംഗ് പറഞ്ഞു. ജമ്മുവിൽ നിന്ന് ബാംഗ്ലൂരിലേക്കാണ് സതീഷ് ധവാൻ പോയത്. നിരവധി സുപ്രധാന പദ്ധതികളിൽ അവിടെ അദ്ദേഹം പ്രവർത്തിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഇടപെടലുകൾ കാരണമാണ് ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ ആസ്ഥാനം ഡൽഹിക്ക് പകരം ബാംഗ്ലൂരിൽ സ്ഥാപിച്ചതെന്ന് സിംഗ് പറഞ്ഞു. ഭൂരിഭാഗം ബഹിരാകാശ സാങ്കേതിക സ്ഥാപനങ്ങളും പണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്നതായും എൻജിനീയറിങ്, എയറോനോട്ടിക്‌സ്, ഉൾപ്പടെ വിവിധ കോഴ്സുകൾ നൽകുന്ന ഏക സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് ആൻഡ് ടെക്‌നോളജി തിരുവനന്തപുരത്താണ് സ്ഥിതി ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
പുതിയ കേന്ദ്രത്തിൽ ഈ വർഷം ഏവിയേഷൻ ആൻഡ് എയറോനോട്ടിക്‌സിൽ ബിടെക്കിന്റെ ആദ്യ കോഴ്‌സ് ആരംഭിക്കും. പ്രവേശനം നൽകുന്നത് 60 വിദ്യാർത്ഥികൾക്ക് ആയിരിക്കും. വിവേചനം ഉൾപ്പടെ മറ്റെന്തെങ്കിലും ആരോപണങ്ങൾ ഉണ്ടാകാതിരിക്കാൻ ഐഐടി-ജെഇഇ പ്രവേശന മാനദണ്ഡങ്ങൾ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ സ്ഥാപനത്തിൽ നിന്ന് ഏവിയേഷൻ, എയറോനോട്ടിക്‌സ് കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ മാത്രമല്ല, നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ (നാസ) പോലുള്ള ബഹിരാകാശ സ്ഥാപനങ്ങളിലും ബഹിരാകാശ സാങ്കേതികവിദ്യയിൽ അവസരങ്ങൾ കണ്ടെത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദി തുറന്നു നൽകുന്ന പുതിയ അവസരങ്ങൾ സർക്കാർ ജോലികളേക്കാൾ കൂടുതൽ ലാഭകരമാണന്നും നമ്മൾ ജനങ്ങളിലേക്ക് എത്തിച്ചേരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഡ്രോണുകളും ബഹിരാകാശ സാങ്കേതികവിദ്യയും പോലെയുള്ള പുതിയ വഴികൾ പാർപ്പിടം, സ്മാർട്ട് സിറ്റികൾ, റെയിൽവെ, ഹൈവെ ഉൾപ്പെടെ എല്ലാ മേഖലകളിലേക്കും ചെന്നെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. യുവാക്കളോട് സ്വയം പര്യാപ്തരാകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഐഐഐഎം ജമ്മു (കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിൻ) തുടക്കമിട്ട പർപ്പിൾ വിപ്ലവം രാജ്യത്തുടനീളം അതിവേഗം വ്യാപിക്കുകയാണെന്നും പറഞ്ഞു. ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്കുള്ള ജമ്മു കശ്മീരിന്റെ സംഭാവനയാണ് പർപ്പിൾ വിപ്ലവം. അരോമ മിഷൻ എന്നും വിളിക്കപ്പെടുന്ന ഇത് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് വഴി ആരംഭിച്ചതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.