തെരുവില്‍ അലഞ്ഞ് തിരിയുന്ന പശുക്കളെ പുനരധിവസിപ്പിക്കാന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. പദ്ധതി പ്രകാരം ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കന്നുകാലികള്‍ക്കായി പുനരധിവാസകേന്ദ്രമൊരുക്കുമെന്നാണ് റിപ്പോര്‍ട്ട്. പര്കാസി ടൗണില്‍ ആരംഭിക്കുന്ന പദ്ധതിയ്ക്കായി യുപി സര്‍ക്കാര്‍ 52 ഹെക്ടര്‍ ഭൂമി അനുവദിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ 63 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിന്റെ നേതൃത്വത്തിലാകും പദ്ധതി തയ്യാറാക്കുക. 5000 പശുക്കളെ പുനരധിവസിക്കുന്ന തരത്തിലാകും പ്രാരംഭ പദ്ധതി എന്നാണ് വിവരം.
യുപിയിലും മറ്റ് നഗരങ്ങളിലും അലഞ്ഞ് തിരിയുന്ന പശുക്കളുടെയും മറ്റ് മൃഗങ്ങളുടെയും എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഇവ കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവയെ പുനരധിവസിപ്പിക്കാനായി പദ്ധതിയിടുന്നത്.
അലഞ്ഞ് തിരിയുന്ന കന്നുകാലിക്കൂട്ടം വിനോദ സഞ്ചാരമേഖലയെയും ഗതാഗതത്തെയും ബാധിക്കുന്നുവെന്ന് നേരത്തെ പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. അവയെ പുനരധിവസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന ആവശ്യമുയര്‍ത്തി നിരവധി പേര് രംഗത്തെത്തുകയും ചെയ്തിരുന്നു.
ദേശീയ പാതകളിലേക്ക് കന്നുകാലികളെ കൂട്ടമായി കൊണ്ടുവരുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പിഴ ശിക്ഷകള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വര്‍ഷം യുപിയില്‍ നടത്തിയ പൊതു റാലിക്കിടെ പറയുകയും ചെയ്തിരുന്നു.
2022 മെയ് 10ന് യുപിയിലെ ബാഹ്റെച്ചില് നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഈ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മോദി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയത്. ഉടമസ്ഥരില്ലാത്ത കന്നുകാലികള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന സംസ്ഥാനമാണ് യുപി.
Also Read- മുടി നീളം കുറച്ചു വെട്ടിയതിന് 2 കോടി നഷ്ടപരിഹാരത്തിനുള്ള വിധി സുപ്രീംകോടതി റദ്ദാക്കി
അടുത്ത നാല് മാസത്തിനുള്ളില്‍ തന്നെ കന്നുകാലികള്‍ക്കായി ഒരു പുനരധിവാസ കേന്ദ്രം സജ്ജമാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രി സഞ്ജീവ് ബല്യണിന്റെ മണ്ഡലത്തിലാകും ഇവ നിര്‍മ്മിക്കുക. പദ്ധതിയുടെ വിജയസാധ്യത പരിശോധിച്ച ശേഷം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി ഈ പദ്ധതി വ്യാപിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.
” ഒരു മൃഗത്തിന് 30 രൂപ വീതമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. മുസാഫര്‍നഗറില്‍ 500 പഞ്ചായത്തുകളാണ് ഉള്ളത്. പുനരധിവാസ കേന്ദ്രത്തിന്റെ ചെലവിന്റെ ഒരു ശതമാനം അവര്‍ വഹിക്കും. ബാക്കി ഭാഗം പൊതുജനങ്ങള്‍, വ്യവസായികള്‍ തുടങ്ങിയവരില്‍ നിന്ന് സംഭാവനയായി വാങ്ങും. പദ്ധതി നടത്തിപ്പിനായി ഒരു ജില്ലാ ഓഫീസ് സ്ഥാപിക്കും. സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും ആവശ്യപ്പെടും,’ സഞ്ജീവ് ബല്യണ് പറഞ്ഞു.
ഇതിനുപുറമെ ചത്ത മൃഗങ്ങളെ സംസ്കരിക്കാനുള്ള സംവിധാനവും അവയുടെ വിസര്‍ജ്യങ്ങളില്‍ നിന്ന് കീടനാശിനി പോലുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയും ഇതോടൊപ്പം ഒരുങ്ങുന്നുണ്ട്.
8.55 ലക്ഷം വരുന്ന ഉടമസ്ഥരില്ലാത്ത കന്നുകാലികളെ പാര്‍പ്പിക്കാന്‍ കഴിയുന്ന 6222 ഗോശാലകള്‍ യുപിയില്‍ നിര്‍മ്മിക്കുമെന്നാണ് ബിജെപി സര്‍ക്കാരിന്റെ അവകാശവാദം. എന്നാൽ വിഷയം പാര്‍ട്ടിയ്ക്ക് വെല്ലുവിളിയുയര്ത്തിയിരിക്കുകയാണെന്ന് യുപിയിലെ പ്രാദേശിക ബിജെപി നേതാക്കള്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.