• HOME
  • »
  • NEWS
  • »
  • india
  • »
  • Hydrogen Fuel Cell Bus | ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജൻ ബസ് പുറത്തിറക്കി; പ്രത്യേകതകൾ എന്തൊക്കെ?

Hydrogen Fuel Cell Bus | ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജൻ ബസ് പുറത്തിറക്കി; പ്രത്യേകതകൾ എന്തൊക്കെ?

വായുവും ഹൈഡ്രജനും ചേർന്ന മിശ്രിതം ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ടാണ് ഫ്യുവൽ സെൽ വാഹനങ്ങൾ പ്രവർത്തിപ്പിക്കുന്നത്

  • Last Updated :
  • Share this:
    ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് (hydrogen fuel cell bus) ഉദ്ഘാടനം ചെയ്തു. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് (Jitendra Singh) ആണ് പൂനെയിൽ അനാച്ഛാദന കർമം നിർവഹിച്ചത്. പൂനെയിലെ കെപിഐടി ലിമിറ്റഡും കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും (സിഎസ്ഐആർ) ചേർന്നാണ് വാഹനം നിർമിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വെച്ച ആത്മനിർഭർ ഭാരത് മിഷന്റെ (Atmanirbhar Bharat mission) ഭാഗമായാണ് ബസ് നിർമിച്ചത്.

    വായുവും ഹൈഡ്രജനും ചേർന്ന മിശ്രിതം ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ടാണ് ഫ്യുവൽ സെൽ വാഹനങ്ങൾ പ്രവർത്തിപ്പിക്കുന്നത്. ഈ പ്രക്രയിൽ വെള്ളം മാത്രമാണ് പുറം തള്ളുന്നത്. അതിനാൽ, ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനങ്ങൾ പരിസ്ഥിതി സൗഹൃദമാണ്.

    ഹൈഡ്രജൻ ഇന്ധന സെൽ വാഹനങ്ങൾ പ്രവർത്തിക്കാൻ ആവശ്യമായ ചെലവ് ഡീസൽ വാഹനങ്ങളെക്കാൾ കുറവാണെന്നും ഡീസൽ വാഹനങ്ങൾ വലിയ തോതിൽ വായു മലിനീകരണത്തിന് കാരണമാകുമെന്നും ഇതിനോടകം തെളിഞ്ഞിട്ടുള്ള കാര്യങ്ങളാണ്. 12 മുതൽ14 ശതമാനം വരെയുള്ള കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളാൻ കാരണം ഡീസൽ എഞ്ചിൻ ഉള്ള വാഹനങ്ങളാണ്. മറുവശത്ത്, ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനങ്ങൾ ഇത്തരം മാലിന്യങ്ങൾ ഉണ്ടാക്കുന്നതേയില്ല.

    ശുദ്ധീകരണ വ്യവസായം, വളം വ്യവസായം, ഉരുക്ക് വ്യവസായം, സിമൻറ് വ്യവസായം, വാണിജ്യ ഗതാഗത മേഖല എന്നിവയിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കുറച്ച്, ഗ്രീൻ ഹൈഡ്രജനിലൂടെ ഡീകാർബണൈസേഷൻ സാധ്യമാകുമെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ''ഏകദേശം 12 മുതൽ14 ശതമാനം വരെയുള്ള കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് ഡീസൽ ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന വലിയ വാഹനങ്ങളിൽ നിന്നാണ്. ഹൈഡ്രജൻ ഫ്യുവൽ സെൽ വാഹനങ്ങൾ ഈ മേഖലയിലെ ഓൺ-റോഡ് എമിഷൻ ഇല്ലാതാക്കാനുള്ള മികച്ച മാർഗമാണ്'', അദ്ദേഹം കൂട്ടിച്ചേർത്തു.

    ഹൈഡ്രജൻ ഇന്ധനത്തിന്റെ പ്രവർത്തനം

    ഫോസിൽ ഇന്ധനങ്ങളെ ആശ്രയിച്ചുള്ള ഗതാഗതം കുറയ്ക്കുന്നതിനും വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം തടയുന്നതിനുമുള്ള പ്രധാന പരിഹാരമായാണ് ഹൈഡ്രജൻ ഫ്യുവൽ സെല്ലിനെ കണക്കാക്കുന്നത്. വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനായി ഹൈഡ്രജന്‍റെ രാസ ഊർജമാണ് ഉപയോഗിക്കുന്നത്. ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച വൈദ്യുതിയാണ് ഇത്തരത്തിൽ ഉൽപാദിപ്പിക്കുന്നത്. ജലവും താപവുമാണ് ഈ പ്രക്രിയയിലെ ഉപോൽപന്നങ്ങൾ. രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റി മറ്റ് ഇലക്ട്രിക് വാഹനങ്ങളെ പോലെ ബാറ്ററിയിൽ ശേഖരിച്ചാണ് വാഹനത്തിന്‍റെ എഞ്ചിൻ പ്രവർത്തിക്കുന്നത്. കപ്പാസിറ്ററിന്‍റെ സഹായത്തോടെയാണ് ഈ പ്രവർത്തനം നടക്കുന്നത്.

    പരിസ്ഥിതി മലിനീകരണം ഉണ്ടാക്കാത്തതിനാൽ വിദേശ രാജ്യങ്ങൾ ഇത്തരം ബസുകൾ കൂടുതലായി ഉപയോ​ഗിക്കുന്നുണ്ട്. ഒരു ബസിന് രണ്ട് കോടിയോളം രൂപ ചെലവ് വരും. നിലവിൽ ലഭ്യമാകുന്ന ഹൈഡ്രജൻ ഫ്യുവൽ സെല്ലും ചെലവേറിയതാണ്. എന്നാൽ വെള്ളത്തിൽ നിന്നോ എൽഎൻജി ഇന്ധനത്തിൽ നിന്നോ വ്യാവസായിക അടിസ്ഥാനത്തിൽ ഹൈഡ്രജൻ ഉൽപാദിപ്പിക്കാനായാൽ ചെലവ് കുറയ്ക്കാനാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
    Published by:Anuraj GR
    First published: