ഇന്ത്യയിൽ (India) നിന്ന് നേപ്പാളിലേക്കുള്ള (Nepal) ആദ്യത്തെ ബ്രോഡ് ഗേജ് പാസഞ്ചർ തീവണ്ടി (Passenger Train) ഏപ്രിൽ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദൂബയടക്കമുള്ള പ്രമുഖർ വീഡിയോ കോൺഫറൻസിങിലൂടെ ചടങ്ങിൽ പങ്കെടുക്കും. യനഗർ - കുർത്ത ക്രോസ് ബോർഡർ റെയിൽവേ ലിങ്ക് നേപ്പാളിലെ ആദ്യത്തെ ആധുനിക റെയിൽവേ സർവീസായി മാറുമെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 35 കിലോമീറ്റർ ദൂരം നീണ്ടുകിടക്കുന്ന ഈ സർവീസ് ഇന്ത്യയിലെ ബിഹാറിലുള്ള ജയനഗറിനെയും നേപ്പാളിലെ കുർത്തയെയും തമ്മിലാണ് ബന്ധിപ്പിക്കുന്നത്.
അഞ്ച് കോച്ചുകളുള്ള ഡെമു തീവണ്ടിയാണ് ആദ്യമായി ഈ റൂട്ടിലൂടെ ഓടിത്തുടങ്ങുക. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ഈ റെയിൽവേ സർവീസ് കമ്മീഷൻ ചെയ്യുന്നതിലൂടെ സാധിക്കുമെന്ന് കേന്ദ്ര സർക്കാർ കരുതുന്നു. സാധാരണ യാത്രകൾക്കും ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുമെല്ലാം ഇന്ത്യക്കാർക്ക് ഈ തീവണ്ടി സർവീസിനെ ആശ്രയിക്കാൻ സാധിക്കും. ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് യാത്ര ചെയ്യണമെങ്കിൽ ഇന്ത്യൻ പൗരൻമാർ താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഒരു തിരിച്ചറിയൽ കാർഡ് നിർബന്ധമായും കയ്യിൽ കരുതേണ്ടതാണ്.
നാഷണൽ പാസ്പോർട്ട്
തെരഞ്ഞെടുപ്പ് കമ്മീഷൻ ഇഷ്യൂ ചെയ്തിരിക്കുന്ന തിരിച്ചറിയൽ കാർഡ്
ഇന്ത്യൻ സർക്കാറോ, ഏതെങ്കിലും സംസ്ഥാന സർക്കാറോ കേന്ദ്ര ഭരണ പ്രദേശമോ തൊഴിലാളികൾക്കായി അനുവദിച്ചിരിക്കുന്ന തിരിച്ചറിയൽ കാർഡ്
നേപ്പാളിലെ ഇന്ത്യയുടെ കോൺസുലേറ്റ് ജനറലോ ഇന്ത്യൻ എംബസിയോ നൽകിയിരിക്കുന്ന തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ എമർജൻസി സർട്ടിഫിക്കറ്റ്
65 വയസ്സിന് മുകളിലോ 15 വയസ്സിന് താഴെയോ പ്രായമുള്ള യാത്രക്കാർ അവരുടെ പ്രായം തെളിയിക്കുന്നതിനായി തിരിച്ചറിയൽ രേഖകളായ പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, റേഷൻ കാർഡ്, കേന്ദ്ര സർക്കാരിൻെറ ആരോഗ്യ പദ്ധതിയുടെ കാർഡ് എന്നിവയിലൊന്ന് കൈയിൽ കരുതേണ്ടതാണ്.
ആദ്യത്തെ മൂന്ന് തിരിച്ചറിയൽ കാർഡുകളിലൊന്ന് കൈയിലുള്ള പ്രായപൂർത്തിയായ പൗരൻമാരിൽ ഒരാളുള്ള കുടുംബത്തിലെ മറ്റുള്ളവർ ആ വ്യക്തിയുമായി ബന്ധം തെളിയിക്കുന്ന തരത്തിലുള്ള ഫോട്ടോ ഐഡൻറിറ്റി കാർഡുകളിലൊന്ന് യാത്രയിൽ കരുതണം. കേന്ദ്ര സർക്കാരിൻെറ ആരോഗ്യ പദ്ധതിയുടെ കാർഡ്, റേഷൻ കാർഡ്, പാൻ കാർഡ്, സ്കൂളിൻെറയോ കോളേജിൻെറയോ തിരിച്ചറിയൽ കാർഡ് എന്നിവയെല്ലാം ഫോട്ടോ ഐഡൻറിറ്റി കാർഡായി പരിഗണിക്കും.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദൂബയും കഴിഞ്ഞ വർഷം ഗ്ലാസ്ഗോയിൽ നടന്ന ഐക്യ രാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുക്കവേ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ കൂടിക്കാഴ്ച. ഈ വർഷം ആദ്യം നടക്കേണ്ടിയിരുന്ന വൈബ്രൻറ് ഗുജറാത്ത് കോൺഫറൻസിൽ നേപ്പാൾ പ്രധാനമന്ത്രി പ്രത്യേക ക്ഷണിതാവായിരുന്നു. എന്നാൽ രാജ്യത്ത് കൊവിഡ് കേസുകളുടെ വർധനവുണ്ടായ സാഹചര്യത്തിൽ ആ പരിപാടി റദ്ദാക്കാൻ തീരുമാനിക്കുകയാണ് ഉണ്ടായത്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.