ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് തുടക്കമായി. പശ്ചിമബാഗാളിലും ആസാമിലും ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ബംഗാളില്‍ 30 സീറ്റുകളിലേക്കും അസമില്‍ 47 സീറ്റുകളിലേക്കുമാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്. ഭരണത്തുടര്‍ച്ച ഉറപ്പാക്കാൻ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനും ആസമിൽ ബിജെപിക്കും വോട്ടെടുപ്പ് നിര്‍ണായകമാണ്.
ബംഗാളിൽ ഇന്ന് അഞ്ച് ജില്ലകളിലായി 73 ലക്ഷം വോട്ടർമാരാണുള്ളത്. 10,200 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 30 സീറ്റുകളിൽ 29 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. ഒരു സീറ്റ് ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ(എജെഎസ് യു) ന് നൽകി. 29 സീറ്റുകളിൽ തന്നെയാണ് തൃണമൂൽ കോൺഗ്രസും മത്സരിക്കുന്നത്. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിക്കും പിന്തുണ നൽകി. ഇടതു പാർട്ടികളുമായി സഖ്യമുണ്ടാക്കിയാണ് പശ്ചിമബംഗാളിൽ കോൺഗ്രസ് മത്സരിക്കുന്നത്. കോൺഗ്രസ്-ഇടതു സഖ്യത്തിൽ സിപിഎം 18 സീറ്റുകളിലേക്കും സിപിഐ 4 സീറ്റിലും ജനവിധി തേടുമ്പോൾ കോൺഗ്രസ് 5 സീറ്റുകളിലാണ് മത്സരിക്കുന്നത്.
Also Read-
'തെരഞ്ഞെടുപ്പ് സർവേകൾ സൂചന; അമിതമായി വിശ്വസിക്കരുത്' CPM സംസ്ഥാന സെക്രട്ടറിയേറ്റ്
അതേസമയം, ബംഗാളിലെ പുരുളിയയിൽ വോട്ടെടുപ്പിന് മുൻപ് അക്രമം ഉണ്ടായി. പോളിങ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം എത്തിച്ചു മടങ്ങുക ആയിരുന്ന ബസ് കത്തിച്ചു. രാവിലെ ഏഴ് മുതൽ ആറര വരെയാണ് പശ്ചിമബംഗാളിൽ വോട്ടെടുപ്പ്. ആസാമിൽ ഏഴ് മുതൽ ആറ് വരെയുമാണ് വോട്ടെടുപ്പ്.
Also Read-
ബംഗാളിൽ CPM സ്ഥാനാർഥിയായി JNU വിദ്യാർഥി നേതാവ് ഐഷി ഘോഷും; യുവാക്കളെ ഇറക്കി കളം പിടിക്കാൻ ഇടതുപക്ഷം
ആസാമിൽ, അപ്പർ ആസാം, സെൻട്രൽ ആസാം മേഖലയിലുള്ള 81 ലക്ഷം പേരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 11,000 ബൂത്തുകളിലും 2000 ഓക്സിലറി ബൂത്തുകളിലും വോട്ടെടുപ്പ് നടക്കും. ആസാം ഗണ പരിഷദുമായി ചേർന്നാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 47 സീറ്റുകളിൽ 39 സീറ്റുകളിൽ ബിജെപിയും 10 ഇടത്ത് എജിപിയുമാണ് മത്സരിക്കുന്നത്. അസമിൽ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ അടക്കമുള്ള നേതാക്കൾ ഇന്ന് ജനവിധി തേടുന്നുണ്ട്.
പശ്ചിമ ബംഗാളില്‍ എട്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടം ഏപ്രില്‍ 1 നും മൂന്നാംഘട്ടം ഏപ്രില്‍ ആറിനും നാലാം ഘട്ടം ഏപ്രില്‍ 10 നും നടക്കും. അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 17 നും ആറാംഘട്ടം ഏപ്രില്‍ 22 നും ഏഴാംഘട്ടം ഏപ്രില്‍ 26 നും എട്ടാംഘട്ടം ഏപ്രില്‍ 29 നും നടക്കും. മൂന്ന് സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ മെയ് 2-നായിരിക്കും.
ആസമിൽ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 1-നും മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 6-നും നടക്കും. കേരളത്തിനൊപ്പം തമിഴ്നാട്ടിലും വോട്ടെടുപ്പ് ഏപ്രില്‍ ആറിനായിരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.