# സുഹാസ് മുൻഷി
ന്യൂഡൽഹി: പുൽവാമയിൽ 40 സിആർപിഎഫ് ജവാൻമാരുടെ ജീവൻ നഷ്ടപ്പെട്ട ഭീകരാക്രമണം നടന്ന് 12ാം നാള് ആണ് പാകിസ്താൻ അതിർത്തി കടന്ന് ഇന്ത്യ തിരിച്ചടി നൽകിയിരിക്കുന്നത്. ജെയ്ഷ് ഇ മുഹമ്മദിന്റെ ആസ്ഥാനമായ ബലാക്കോട്ടിലും മുസാഫറാബാദിലും ചകോത്തിയിലുമാണ് ഇന്ത്യൻ വ്യോമസേനാ പോർവിമാനങ്ങൾ ആക്രമണം നടത്തിയത്. രണ്ടാം മിന്നലാക്രമണത്തിൽ 12 മിറാഷ് 2000 വിമാനങ്ങള്‍ പങ്കെടുത്തുവെന്നാണ് വിവരം. 2016 ഉറി ആക്രമണത്തെ തുടർന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെക്കാൾ അതിശക്തമായ ആക്രമണമാണ് ഇത്തവണ പാക് മണ്ണിൽ ഇന്ത്യ നടത്തിയിരിക്കുന്നത്.
ആദ്യ മിന്നലാക്രമണത്തെക്കാൾ ശക്തം- മൂന്ന് കാരണങ്ങൾ
1. ഉറി ഭീകരാക്രമണം നടന്ന് 11ാം നാൾ, 2016 സെപ്തംബർ 29നായിരുന്നു ഇന്ത്യൻ സേനയുടെ ആദ്യ മിന്നലാക്രമണം. നിയന്ത്രണ രേഖക്ക് സമീപം കുപ് വാരക്കും പൂഞ്ചിനും സമീപപ്രദേശങ്ങളിലായിരുന്നു സേന മിന്നലാക്രമണം നടത്തിയത്.
എന്നാൽ ഇന്ന് പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദിനിനും ചകോത്തിക്കും പുറമെ പാകിസ്താൻ മണ്ണിലെ ജെയ്ഷ് ഇ കേന്ദ്രങ്ങളിലും ഇന്ത്യ ആക്രമണം നടത്തി. 1971ലെ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇന്ത്യൻ പോർവിമാനങ്ങൾ പാകിസ്താന്റെ വ്യോമാതിർത്തി ലംഘിക്കുന്നത്. 1999ലെ കാർഗിൽ യുദ്ധസമയത്ത് പോലും നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ വിമാനങ്ങൾ ആക്രമണം നടത്തിയിരുന്നില്ല. ഒരുവിദേശ മണ്ണിൽ ആക്രമണം നടത്തുന്നത് യുദ്ധമായി കണക്കാക്കുമെന്നതിനാൽ വ്യോമാക്രമണം നടത്തുമ്പോൾ രാജ്യങ്ങൾ അതീവ ശ്രദ്ധ പുലർത്താറുണ്ട്.
2. ആദ്യമിന്നലാക്രമണത്തെക്കാൾ ശക്തമായിരുന്നു എന്നു പറയാൻ മറ്റൊരു കാരണം ഇന്ന് ഇന്ത്യ ഉപയോഗിച്ച ആയുധങ്ങളാണ്. ജെയ്ഷ് ഇ ആസ്ഥാനത്ത് ഇന്ത്യ വർഷിച്ചത് ശക്തിയേറിയ ബോംബുകളാണ്. ആദ്യ മിന്നലാക്രമണത്തിൽ ഗൺഷോട്ടുകളായിരുന്നു.
ജെയ്ഷ് ഇ കേന്ദ്രങ്ങളിൽ ആയിരം കിലോ ലേസർ നിയന്ത്രിത ബോംബുകൾ വർഷിച്ചതായാണ് പ്രാഥമിക വിവരം. 200ഓളം ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഔദ്യോഗിക വിവരം ഇനിയും പുറത്തുവരാനുണ്ട്. ആദ്യ മിന്നലാക്രമണത്തിൽ 50ഓളം പേരാണ് കൊല്ലപ്പെട്ടത്.
3. പാകിസ്താന്റെ പ്രതിരോധ സേന അതീവ ജാഗരൂകരായി തുടരുന്നതിനിടെ ആണ് ഇത്തവണ ഇന്ത്യ ആക്രമണം നടത്തിയതെന്നതും പ്രത്യേകതയാണ്. പാകിസ്താൻ വ്യോമസേന തലവൻ മുജാഹിദ് അൻവർ ഖാൻ രണ്ടുദിവസം മുൻപും പറഞ്ഞത് ഏത് ആക്രമണവും നേരിടാൻ പാക് സേന തയാറായി നിൽക്കുകയാണ് എന്നാണ്.
പാക് ഭീകര കേന്ദ്രങ്ങൾ മാത്രമല്ല, പാകിസ്താൻ സേന ജാഗ്രതയിലായിരിക്കുമ്പോഴും പാക് മണ്ണില്‍ കടന്ന് കൃത്യതയാർന്ന ആക്രമണം നടത്താൻ കഴിവുണ്ടെന്ന് ഇന്ത്യ തെളിയിച്ചു. ആക്രമണത്തിൽ പങ്കെടുത്ത 12 വിമാനങ്ങളിൽ ഒന്നിനെയെങ്കിലും പാക് സേന ലക്ഷ്യമിട്ടിരുന്നെങ്കിൽ അത് ഇന്ത്യക്ക് തിരിച്ചടിയാകുമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.