• HOME
 • »
 • NEWS
 • »
 • india
 • »
 • ട്രോളിങ് നിരോധനത്തിന് ശേഷം സജീവമായി തീരമേഖല; ഹാർബറുകളിൽ മത്സ്യ വില്പന ആരംഭിച്ചു

ട്രോളിങ് നിരോധനത്തിന് ശേഷം സജീവമായി തീരമേഖല; ഹാർബറുകളിൽ മത്സ്യ വില്പന ആരംഭിച്ചു

മുമ്പില്ലാത്തവിധം പ്രതിസന്ധികളെ അഭിമുഖീകരിച്ചാണ് പ്രതീക്ഷയുടെ പുതിയ കാലത്തേക്ക് തീരദേശം കടക്കുന്നത്.

news18

news18

 • Last Updated :
 • Share this:
  കൊല്ലം: സംസ്ഥാനത്തെ ഹാർബറുകളിൽ മത്സ്യ വില്പന ആരംഭിച്ചു. ഇന്നലെ ബോട്ടുകൾ അടുത്തുവെങ്കിലും സമ്പൂർണ്ണ ലോക്ക് ഡൗൺ ആയതിനാൽ വിൽപ്പന അനുവദിച്ചിരുന്നില്ല. 52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷമാണ് തീരമേഖല ഒരിക്കൽ കൂടി സജീവമാകുന്നത്. ആദ്യ ദിനങ്ങളിൽ തന്നെ മോശമല്ലാത്ത കോളു ലഭിച്ചതിന്റെ ആശ്വാസത്തിലാണ് കടലിന്റെ മക്കൾ.

  മുമ്പില്ലാത്തവിധം പ്രതിസന്ധികളെ അഭിമുഖീകരിച്ചാണ് പ്രതീക്ഷയുടെ പുതിയ കാലത്തേക്ക് തീരദേശം കടക്കുന്നത്. ഹാർബറുകളിൽ മത്സ്യവിൽപ്പന പുനരാരംഭിച്ചു. 52 ദിവസത്തെ ട്രോളിങ്‌ നിരോധനം ശനിയാഴ്‌ച അർധരാത്രി അവസാനിച്ചതോടെ കടലിൽ പോയ ബോട്ടുകൾ വലനിറയെ മീനുമായി തിരികെയെത്തി.

  കഴന്തൻ, കരിക്കാടി ഇനത്തിൽപ്പെട്ട ചെമ്മീനും കണവയുമാണ് പ്രധാനമായും ബോട്ടുകൾക്ക് ലഭിച്ചത്. വിദേശത്ത് ഇവയ്ക്ക് മികച്ച വിപണിയുണ്ട്. കഴന്തൻ ചെമ്മീന് കിലോയ്ക്ക് 180 രൂപയും, കരിക്കാടിക്ക് 110 രൂപയുമാണ് വില.

  120 കുതിരശക്തി മുതലുള്ള ബോട്ടുകൾ ഹാർബറിൽ അടുപ്പിക്കുന്നതിന്‌ ഒറ്റ, ഇരട്ടയക്ക നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്. ഒറ്റയക്ക ബോട്ടുകൾക്ക്‌ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കത്തിലേതിന്‌ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും ഹാർബറിൽ അടുക്കാം.

  മത്സ്യബന്ധനത്തിനു പോകുന്ന യാനങ്ങളുടെയും തൊഴിലാളികളുടെയും വിവരം കോവിഡ്‌ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. തൊഴിലാളികൾ യാനം മാറുന്ന വിവരവും രേഖപ്പെടുത്തേണ്ടതുണ്ട്‌. കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റുള്ള ഡ്രൈവർമാർക്ക്‌ മാത്രമാണ്‌ ഹാർബറിൽ പ്രവേശനം. തൂക്കിവിൽപ്പനയ്‌ക്കു, മാത്രമാണ്‌ അനുമതി. ലേലം അനുവദിക്കില്ല
  Also Read- മനോബലത്തിനുള്ള ഒളിമ്പിക്സ് സ്വർണ മെഡൽ പി വി സിന്ധുവിന് - ആനന്ദ് മഹീന്ദ്ര

  വറുതിയുടെ കാലത്ത് പ്രതീക്ഷയുമായി കടലാഴങ്ങളിലേക്ക് മത്സ്യബന്ധന ബോട്ടുകൾ കുതിക്കുന്നത്. കോവിഡ് പ്രതിസന്ധിയും ടൗട്ട ചുഴലിക്കാറ്റ് നാശവും ട്രോളിംഗ് നിരോധന കാലവും നൽകിയ ദുരിതകാലം മറികടക്കാൻ ബോട്ടുകളുടെ അറ്റകുറ്റപ്പണി ഉൾപ്പെടെ പൂർത്തിയാക്കി ഒരുക്കം നടത്തുമ്പോൾ ഏറ്റവും വലിയ വെല്ലുവിളിയായി നിൽക്കുന്നത് ഉയർന്ന ഇന്ധനവില തന്നെ. മീൻ കയറിയില്ലെങ്കിൽ ബോട്ടുടമയ്ക്ക് വൻ തുക നഷ്ടം വരുമെന്നതാണ് അവസ്ഥ.

  സമീപ വർഷങ്ങളിലായുണ്ടായ മത്സ്യ സമ്പത്തിലെ കുറവ് മറ്റൊരു വെല്ലുവിളിയായി നിൽക്കുന്നു. കയറ്റുമതി സാധ്യതയും പ്രതിസന്ധിയിലാണ്. ആകെ കയറ്റുമതിയിൽ 20% ചൈനയിലേക്കായിരുന്നു. നയതന്ത്ര ബന്ധത്തിലെ അസ്വാരസ്യം കാരണം ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി നിരുത്സാഹപ്പെടുത്തുന്ന നിലയിലാണ് ചൈന. ആഭ്യന്തരവിപണിയിൽ മികച്ച വിൽപ്പന സാഹചര്യം ഒരുക്കണമെന്ന ആവശ്യവും മത്സ്യത്തൊഴിലാളികൾക്ക് ഉണ്ട്. ഹാർബറുകളിൽ കടുത്ത നിയന്ത്രണം ഒഴിവാക്കണമെന്ന് തൊഴിലാളികൾ പറയുന്നു.

  കൊല്ലത്തെ ഹാർബറുകളിൽ നടത്തിയ കോവിഡ് പരിശോധന ഫലങ്ങൾ ആശാവഹമാണ്. വ്യാപക പരിശോധന നടത്തിയതിൽ രണ്ട് പോസിറ്റീവ് കേസുകൾ മാത്രമാണുണ്ടായിരുന്നത്. സംസ്ഥാനത്തെ അയ്യായിരത്തോളം ബോട്ടുകളാണ് കടലിൽ പോകുന്നത്. നേരത്തെ കേരളത്തിൽ നിന്ന് മടങ്ങിയ അതിഥിത്തൊഴിലാളികളിൽ ഏറെയും മടങ്ങിയെത്തി.
  Published by:Naseeba TC
  First published: