• HOME
  • »
  • NEWS
  • »
  • india
  • »
  • Court Verdicts | സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച വിധി വിവാദത്തിൽ; വിമർശനമുയർന്ന സമാനമായ അഞ്ച് കോടതിവിധികൾ

Court Verdicts | സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച വിധി വിവാദത്തിൽ; വിമർശനമുയർന്ന സമാനമായ അഞ്ച് കോടതിവിധികൾ

രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്ന ചില കേസുകൾ പരിശോധിക്കാം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരായ (Civic Chandran) ലൈംഗികാതിക്രമ പരാതിയിൻമേൽ വന്ന കോടതി പരാമർശം വിവാദമായിരിക്കുകയാണ്. പെൺകുട്ടി ലൈംഗികാകർഷണം തോന്നിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചതിനാൽ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്നാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ട് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി (Calicut Sessions Court) വ്യക്തമാക്കിയത്. കോടതിയുടെ പരാമർശത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയരുകയാണ്.

    കേസിൽ ആരോപണ വിധേയനായ സിവിക് ചന്ദ്രൻ പെൺകുട്ടിയുടെ ചിത്രങ്ങളും കോടതിയിൽ നൽകിയിരുന്നു. ഇത് പരിശോധിച്ച കോടതി “ശരീരഭാഗങ്ങൾ പുറത്ത് കാണിക്കുന്ന രീതിയിൽ ലൈംഗിക താൽപര്യം ഉണർത്തുന്ന തരത്തിലുള്ള വസ്ത്രമാണ് പെൺകുട്ടി ധരിച്ചത്” എന്നാണ് ആഗസ്ത് 12ന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. “ശാരീരികമായി അത്ര ശേഷിയില്ലാത്ത 74കാരനായ വയോധികന് പെൺകുട്ടിയെ ബലം പ്രയോഗിച്ച് തൻെറ മടിയിൽ കിടത്തുവാനും സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കാനും സാധിച്ചുവെന്നത് വിശ്വസിക്കാൻ പ്രയാസമുണ്ട്,” എന്നും കോടതി നിരീക്ഷിച്ചു.

    ഐപിസി 54 (എ) പ്രകാരം ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് കോടതി പറയുന്നു. ലൈംഗികാതിക്രമം നടന്നിട്ടുണ്ടെങ്കിൽ ശാരീരികമായി ഉപദ്രവിക്കുകയോ, പെൺകുട്ടിയെ ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയോ, ലൈംഗികച്ചുവയുള്ള സംഭാഷണങ്ങൾ നടത്തുകയോ ചെയ്തിരിക്കണമെന്ന് കോടതി നിരീക്ഷണത്തിൽ വ്യക്തമാക്കി.

    “കേസിലെ ആരോപണ വിധേയൻ ഹാജരാക്കിയിട്ടുള്ള ചിത്രങ്ങൾ പ്രകാരം പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിട്ടുള്ളത്. അതിനാൽ കേസിൽ ലൈംഗികാതിക്രമം നടന്നുവെന്ന സെക്ഷൻ 354എ നിലനിൽക്കില്ല,” സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് കൊണ്ട് കോടതി നിരീക്ഷിച്ചു. കോടതിയുടെ ഈ നിരീക്ഷണങ്ങൾക്കെതിരെ സമൂഹത്തിൻെറ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിലും കടുത്ത രീതിയിലാണ് കോടതി വിധിക്കെതിരായ വിമർശനങ്ങൾ ഉയരുന്നത്.

    ഇത് ആദ്യമായല്ല ഇത്തരം കേസുകളിലെ കോടതിവിധിക്കെതിരെ ജനങ്ങളുടെ ഭാഗത്ത് നിന്ന് വിമർശനം ഉയരുന്നത്. രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്ന അത്തരത്തിലുള്ള ചില കേസുകൾ പരിശോധിക്കാം.

    ശരീരത്തിൽ സ്പർശിച്ചില്ലെങ്കിൽ ലൈംഗികാതിക്രമമായി കണക്കാക്കില്ല

    ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വസ്ത്രത്തിന് മുകളിലൂടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നത് ലൈംഗിക അതിക്രമമായി കണക്കാക്കാൻ സാധിക്കില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിധി വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ ഗനേഡിവാല ജനുവരി 19-ന് പുറപ്പെടുവിച്ച വിധിയിലായിരുന്നു വിവാദ പരാമ‍ർശം.

    വസ്ത്രത്തിന് മുകളിലൂടെ സ്പ‍ർശിച്ചാൽ അത് ലൈംഗിക അതിക്രമമായി കണക്കാക്കാൻ സാധിക്കില്ലെന്നും അതിനാൽ പോക്സോ കേസിൻെറ പരിധിയിൽ നിൽക്കില്ലെന്നുമായിരുന്നു കോടതിയുടെ പരാമ‍ർശം. ശരീരത്തിന് പുറത്ത് കൂടെ തൊടുന്നത് ലൈംഗിക അതിക്രമം ആയി പരിഗണിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

    12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 39കാരന് മൂന്ന് വർഷം തടവുശിക്ഷ വിധിച്ച സെഷൻസ് കോടതിവിധി പരിഗണിക്കേവേയായിരുന്നു ഹൈക്കോടതിയുടെ പരാമർശം. 2016 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ നാഗ്പൂരിലുള്ള സ്വന്തം വീട്ടിൽ കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. കേസിലെ വിധി പ്രസ്താവിച്ച ജസ്റ്റിസ് പുഷ്പ ഗനേഡിവാലക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. പിന്നീട് സുപ്രീം കോടതി ഈ കേസ് പരിഗണിക്കുകയും ഹൈക്കോടതി വിധി പാടെ തള്ളിക്കളയുകയും ചെയ്തു. ലൈംഗിക അതിക്രമത്തിനുള്ള ശ്രമമാണ് ഏറ്റവും പ്രധാനമെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

    പ്രായപൂർത്തിയാകാത്തവരുമായുള്ള ഓറൽ സെക്‌സ് 'ഗുരുതരമായ ലൈംഗികാതിക്രമം' അല്ല

    പത്ത് വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ ശിക്ഷിക്കപ്പെട്ടയാളുടെ ജയിൽശിക്ഷ ഇളവ് ചെയ്ത് കൊണ്ടുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധിയാണ് വിവാദത്തിലായത്. പ്രായപൂർത്തിയാകാത്തവരുമായുള്ള ഓറൽ സെക്‌സ് പോക്‌സോ നിയമത്തിലെ “ഗുരുതരമായ ലൈംഗികാതിക്രമം” ആയി പരിഗണിക്കാൻ സാധിക്കില്ലെന്നായിരുന്നു കോടതിയുടെ വിധി. പോക്സോ കേസിലെ സെക്ഷൻ 4 പ്രകാരമുള്ള ശിക്ഷാർഹമായ ലൈംഗിക അതിക്രമമായി മാത്രമേ ഇത് കണക്കാക്കാൻ സാധിക്കുകയുള്ളൂവെന്നാണ് കോടതി നിരീക്ഷിച്ചത്. ഝാൻസിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം 20 രൂപ നൽകി 10 വയസ്സുകാരനെ ഓറൽ സെക്സിന് വിധേയനാക്കി എന്നായിരുന്നു കേസ്. വിവരം ആരോടെങ്കിലും പറഞ്ഞാൽ ഉപദ്രവിക്കുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

    സാധാരണ ലൈംഗിക അതിക്രമമായി മാത്രമേ ഇതിനെ കണക്കാക്കാൻ സാധിക്കുകയുള്ളൂവെന്നും ഗുരുതരമായ കുറ്റമായി പരിഗണിക്കാൻ സാധിക്കില്ലെന്നുമാണ് കേസ് പരിഗണിച്ച ജസ്റ്റിസ് അനിൽ കുമാർ ഓജ നിരീക്ഷിച്ചത്. പോക്സോ കേസിലെ സെക്ഷൻ 4 പരിധിയിലാണ് ഈ കുറ്റകൃത്യം വരികയെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയുടെ ഈ വിധി വലിയ വിമർശനങ്ങൾക്കാണ് ഇടയാക്കിയത്.

    ബലാത്സംഗക്കേസിലെ പ്രതി സംസ്ഥാനത്തിൻെറ ‘ഭാവി പ്രതീക്ഷ’യെന്ന് കോടതി

    ലൈംഗിക അതിക്രമക്കേസിൽ പ്രതിയായ ഐഐടി ഗുവാഹത്തി വിദ്യാർഥിയെ സംസ്ഥാനത്തിൻെറ ഭാവി സ്വത്താണെന്നാണ് കഴിഞ്ഞ വർഷം ഗുവാഹത്തി ഹൈക്കോടതി വിശേഷിപ്പിച്ചത്. സഹപാഠിയെ പീഡിപ്പിച്ചുവെന്നതായിരുന്നു വിദ്യാർഥിക്കെതിരായ കേസ്. പ്രഥമ ദൃഷ്ട്യാ തന്നെ പ്രതി കുറ്റക്കാരനെന്ന് ബോധ്യപ്പെട്ടുവെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് അജിത്ത് ബോർത്താക്കൂർ വ്യക്തമാക്കി. എന്നാൽ കേസിലെ പരാതിക്കാരിയും പ്രതിയും ഒരുപോലെ സംസ്ഥാനത്തിൻെറ ഭാവി പ്രതീക്ഷയാണെന്നായിരുന്നു കോടതിയുടെ തുടർന്നുള്ള പരാമർശം. ഐഐടി ഗുവാഹത്തിയിൽ സാങ്കേതിക കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥി ആയതിനാലാണ് കോടതി ഇത്തരത്തിലൊരു പരാമർശം നടത്തിയത്. ഏതായാലും വിധിക്കെതിരെ പലകോണുകളിൽ നിന്നും വലിയ വിമർശനം ഉയർന്ന് വന്നിരുന്നു.

    പ്രതിക്ക് തെറ്റ് തിരുത്താൻ സമയം നൽകുക

    ലൈംഗിക അതിക്രമ കേസിൽ പ്രതിയായ 18കാരന് ജാമ്യം അനുവദിച്ച് കൊണ്ട് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ച് നിരീക്ഷിച്ചത് പ്രതിക്ക് തെറ്റ് തിരുത്താൻ സമയം നൽകണമെന്നാണ്. ക്രിമിനൽ പശ്ചാത്തലമില്ലാത്ത 18കാരന് ഇളവ് നൽകുന്നതിൽ തെറ്റില്ലെന്നായിരുന്നു കേസ് പരിഗണിച്ച ജസ്റ്റിസ് ആനന്ദ് പഥകിൻെറ നിലപാട്. ബലാത്സംഗം, തട്ടിക്കൊണ്ട് പോകൽ, ശാരീരിക ഉപദ്രവം, ഗുരുതരമായ ലൈംഗിക അതിക്രമം, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യം തുടങ്ങി നിരവധി വകുപ്പുകളാണ് പരാതിക്കാരനെതിരെ ഉണ്ടായിരുന്നത്.

    വൈവാഹിക ബലാത്സംഗക്കേസിൽ ഛത്തീസ്ഗഡ് ഹൈക്കോടതി വിധി

    ലൈംഗികമായി ഉപദ്രവിച്ചതിന് ഭാര്യ നൽകിയ പരാതിയിൽ 37കാരനായ ഭർത്താവിനെ വെറുതെ വിട്ട് കൊണ്ടുള്ള ഛതീസ്ഗഢ് ഹൈക്കോടതിയുടെ വിധി വിവാദമായിരുന്നു. നിയമപരമായി വിവാഹം ചെയ്തിട്ടുള്ളയാളെ ബലം പ്രയോഗിച്ച് ലൈംഗികബന്ധം നടത്തിയാലും അത് ബലാത്സംഗമായി കണക്കാക്കാൻ സാധിക്കില്ലെന്നായിരുന്നു കഴിഞ്ഞ വർഷം കോടതി നിരീക്ഷിച്ചത്. 2021 ആഗസ്ത് 23ന് ജസ്റ്റിസ് എൻ.കെ. ചന്ദ്രവൻഷിയാണ് വിവാദവിധി പ്രസ്താവിച്ചത്. തനിക്കെതിരായ ബലാത്സംഗക്കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് 37കാരനും അദ്ദേഹത്തിൻെറ ബന്ധുക്കളും ചേർന്നാണ് കോടതിയ സമീപിച്ചത്. ആദ്യം സ്ത്രീധനത്തിൻെറ പേരിൽ വീട്ടുകാർ മാനസികമായി പീഡിപ്പിച്ചുവെന്നും പിന്നീട് ഭർത്താവ് അതിക്രൂരമായി ലൈംഗികമായി ഉപദ്രവിച്ചുവെന്നുമാണ് ഭാര്യ പരാതിയിൽ പറഞ്ഞത്. ഈ കേസിലായിരുന്നു കോടതിയുടെ വിവാദ പരാമർശം.
    Published by:user_57
    First published: