ഹൈദരാബാദ്: ആന്ധ്ര (Andhra Pradesh) മുൻമുഖ്യമന്ത്രിയും കർണാടക, തമിഴ്നാട് ഗവർണറുമായിരുന്ന കെ റോസയ്യ (Konijeti Rosaiah) അന്തരിച്ചു. 88 വയസായിരുന്നു. ഹൈദരാബാദിൽ (Hyderabad) പുലർച്ചെയായിരുന്നു അന്ത്യം. 15 തവണ ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് സൃഷ്ടിച്ച ധനമന്ത്രിയാണ് അദ്ദേഹം.
വൈഎസ്ആർ രാജശേഖര റെഡ്ഡിയുടെ മരണശേഷം 2009 സെപ്തംബർ മുതൽ 2010 നവംബർ വരെ അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു റോസയ്യ. ആന്ധ്രാ നിയമസഭയിലെ കോൺഗ്രസിന്റെ കരുത്തുറ്റ ശബ്ദമായിരുന്നു അദ്ദേഹം. 1998ൽ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
1933 ജൂലൈ നാലിന് ഗുണ്ടൂർ ജില്ലയിലെ വെമുരുവിലാണ് റോസയ്യ ജനിച്ചത്. ഗുണ്ടൂരിലെ ഹിന്ദു കോളജിലെ പഠനകാലത്ത് തന്നെ രാശ്ട്രീയ പ്രവർത്തനത്തിൽ സജീവമായി കോമേഴ്സ് ബിരുദധാരിയാണ്. 1968, 1974, 1980 വർഷങ്ങളിൽ ആന്ധ്രാ പ്രദേശ് നിയമസഭാംഗമായിരുന്നു. 1979ൽ പൊതുമരാമത്ത് മന്ത്രിയുമായി. കർണാടക ഗവർണറായി രണ്ടുമാസം തുടർന്ന റോസയ്യ 2011 മുതൽ 2016 വരെ തമിഴ്നാട് ഗവർണറായിരുന്നു. ലളിത ജീവിതം നയിക്കാൻ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം വിവാദങ്ങളിൽ നിന്നും എക്കാലവും അകലം പാലിക്കാൻ ശ്രമിച്ചു.
ടി ആഞ്ജയ്യ, കോട്ല വിജയ ഭാസ്കര റെഡ്ഡി, എൻ ജനാർദന റെഡ്ഡി മന്ത്രിസഭകളിൽ അംഗമായി. 2004 മെയ് വരെ വൈഎസ് രാജശേഖര റെഡ്ഡി ക്യാബിനറ്റിലും അംഗമായി. ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം എന്നീ വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹം വഹിച്ചിരുന്നത്. 1995 മുതൽ 1997 വരെ ആന്ധ്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി പ്രവർത്തിച്ചു. 1998ല്‍ നർസരാപേട്ടിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു ജയിച്ചു. 2007ൽ ആന്ധ്രാ സർവകലാശാല അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. റോസയ്യയ്ക്ക് മൂന്നു ആൺമക്കളും ഒരു മകളുമാണുള്ളത്.
English Summary: The former chief minister of united Andhra Pradesh Konijeti Rosaiah passed away on Saturday. He was 88-year-old at the time of his death. Konijeti Rosaiah served as the chief minister of Andhra Pradesh from 2009 to 2010. He was also the Governor of Karnataka for two months and served as the Governor of Tamil Nadu from 2011 to 2016. He was also a Congress MLC, MLA and MP several times in his decades-spanning career. Rosaiah also tackled several ministerial posts during his long political career.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Andhra Pradesh, Obit news