• HOME
  • »
  • NEWS
  • »
  • india
  • »
  • FORMER FOREIGN SECRETARY VIJAY GOKHALE MAKES SHOCKING REVELATIONS IN HIS NEW BOOK MM

ആണവകരാർ അട്ടിമറിക്കാൻ ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടികളെ ഉപയോഗിക്കാൻ ചൈന ശ്രമിച്ചു; മുൻ വിദേശകാര്യ സെക്രട്ടറി

'ദി ലോങ് ഗെയിം: ഹൗ ദി ചൈനീസ് നെഗോഷ്യേറ്റ് വിത്ത് ഇന്ത്യ'യിൽ വെളിപ്പെടുത്തലുകളുമായി ഗോഖലെ

വിജയ് ഗോഖലെ

വിജയ് ഗോഖലെ

  • Share this:
    ഇന്തോ-യുഎസ് ആണവകരാറിനെതിരെ 2007നും 2008നും ഇടയിൽ ആഭ്യന്തര തലത്തിൽ എതിർപ്പ് രൂപപ്പെടുത്താൻ ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടികളുമായുള്ള അടുപ്പം ചൈന പ്രയോജനപ്പെടുത്തിയെന്ന് വിജയ് ഗോഖലെയുടെ വെളിപ്പെടുത്തൽ. ഇന്ത്യയിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ ചൈന ആദ്യമായി നടത്തുന്ന രാഷ്ട്രീയ ഇടപെടൽ ഇതായിരിക്കാമെന്നും തന്റെ പുതിയ പുസ്തകമായ 'ദി ലോങ് ഗെയിം: ഹൗ ദി ചൈനീസ് നെഗോഷ്യേറ്റ് വിത്ത് ഇന്ത്യ'യിൽ ഗോഖലെ അഭിപ്രായപ്പെട്ടു.

    ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറിയുടെ വെളിപ്പെടുത്തലുകൾ രാഷ്ട്രീയപരമായും നയതന്ത്രപരമായും ഗുരുതരമായ അനന്തരഫലങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ളവയാണ്. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

    2007-2009 കാലഘട്ടത്തിൽ ആണവകരാർ സംബന്ധിച്ച ചർച്ചകൾ നടക്കുന്ന അവസരത്തിൽ ഗോഖലെ വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ പൂർവേഷ്യയുടെ ജോയിന്റ് സെക്രട്ടറി എന്ന നിലയിൽ ചൈനയുമായാണ് ഔദ്യോഗിക ഇടപെടലുകൾ നടത്തിയിരുന്നത്. നയതന്ത്ര മേഖലയിൽ 39 വർഷക്കാലത്തെ ഔദ്യോഗിക സേവനത്തിനിടയിൽ മന്ദാരിൻ ഭാഷയിൽ പ്രാവീണ്യം നേടിയിട്ടുള്ള ഗോഖലെ ഇരുപത് വർഷത്തിലേറെ കാലം ചൈനയിലാണ് സേവനമനുഷ്ഠിച്ചിട്ടുള്ളത്.



    ചൈനയിലെ ഇന്ത്യയുടെ അംബാസഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 2018 ജനുവരിയിൽ എസ്. ജയശങ്കറിന് പകരക്കാരനായി വിദേശകാര്യ സെക്രട്ടറി സ്ഥാനത്ത് നിയമിതനായ വിജയ് ഗോഖലെ കഴിഞ്ഞ വർഷമാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്.

    ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ കഴിഞ്ഞ 75 വർഷത്തിനിടയിൽ പ്രധാനമായും ചർച്ച ചെയ്യപ്പെട്ട ആറ് വിഷയങ്ങളെക്കുറിച്ച് തന്റെ പുസ്തകത്തിൽ ഗോഖലെ പ്രതിപാദിക്കുന്നുണ്ട്. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയെ ഇന്ത്യ അംഗീകരിക്കുന്നത് മുതൽ ടിബറ്റ്, പൊഖ്‌റാനിലെ ആണവ പരീക്ഷണം, സിക്കിം, ഇന്തോ-യു എസ് ആണവകരാർ, ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി മസൂദ് അസറിനെ 'ആഗോള ഭീകരവാദി'യായി പ്രഖ്യാപിക്കൽ വരെയുള്ള വിഷയങ്ങളെല്ലാം ഗോഖലെ തന്റെ പുസ്തകത്തിൽ പരിഗണിക്കുന്നുണ്ട്.

    ജയിഷ്-ഇ-മുഹമ്മദ് എന്ന ഭീകര സംഘടനയുടെ തലവനായിരുന്ന മസൂദ് അസറിനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിക്കുന്നത് തടയാൻ ചൈന റഷ്യയുടെ സഹായം തേടിയിരുന്നതായി മസൂദ് അസറിനെക്കുറിച്ചുള്ള അധ്യായത്തിൽ ഗോഖലെ വ്യക്തമാക്കുന്നു. ജയിഷ്-ഇ-മുഹമ്മദ് ഇപ്പോൾ സജീവമല്ലെന്നും മസൂദ് അസർ വിരമിച്ചെന്നും പാകിസ്ഥാൻ വിശ്വസനീയമാം വിധം ഉറപ്പ് നൽകി എന്ന അവകാശവാദവും ചൈന ഒരു ഘട്ടത്തിൽ ഉന്നയിച്ചതായി ഗോഖലെ വെളിപ്പെടുത്തുന്നു. എന്നാൽ, ഇന്ത്യയ്ക്ക് ആ നിലപാട് സ്വീകാര്യമായിരുന്നില്ല.

    2019 മെയിൽ യുഎൻ രക്ഷാസമിതി മസൂർ അസദിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ച ഘട്ടത്തിൽ ഇന്ത്യൻ നിലപാട് വ്യക്തമാക്കിയതും അന്ന് വിദേശകാര്യ സെക്രട്ടറി ആയിരുന്ന വിജയ് ഗോഖലെ ആയിരുന്നു.

    എന്നാൽ, ഈ പുസ്തകത്തിലെ വെളിപ്പെടുത്തലുകളിൽ ഏറ്റവും പ്രധാനം ഇന്തോ-യു എസ് ആണവകരാറിനെ അട്ടിമറിക്കാൻ ചൈന ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടികളെ ഉപയോഗിച്ചു എന്ന ആരോപണമാണ്.

    "ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടികളുമായുള്ള അടുത്ത ബന്ധം ചൈന പ്രയോജനപ്പെടുത്തി. സിപിഐയുടെയോ സിപിഐ എമ്മിന്റെയോ നേതാക്കൾ പല യോഗങ്ങൾക്കായും ചികിത്സയ്ക്കായും ചൈനയിലേക്ക് യാത്ര ചെയ്യുമായിരുന്നു. അതിർത്തി പ്രശ്നങ്ങളിലും ഉഭയകക്ഷി താത്പര്യമുള്ള വിഷയങ്ങളിലും ഈ രണ്ട് പാർട്ടികളും പ്രത്യക്ഷത്തിൽ തന്നെ ഇന്ത്യയുടെ ദേശീയതാത്പര്യം മുൻനിർത്തിയുള്ള നിലപാടാണ് സ്വീകരിച്ചിരുന്നതെങ്കിലും ഇന്തോ-ആണവ കരാറിന്റെ കാര്യത്തിൽ ഈ പാർട്ടികൾക്ക് അടിസ്ഥാനപരമായ ആശങ്കകൾ ഉണ്ടായിരുന്നു എന്ന് ചൈനയ്ക്ക് അറിയാമായിരുന്നു", ഗോഖലെ എഴുതുന്നു.

    "ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിൽ ഇടതുപക്ഷ പാർട്ടികൾക്ക് ഉണ്ടായിരുന്ന സ്വാധീനം മനസിലാക്കിയ ചൈന, ഇന്ത്യയ്ക്ക് അമേരിക്കയോടുള്ള ചായ്‌വിനെ സംബന്ധിച്ച ഈ പാർട്ടികളുടെ ആശങ്കയെ തങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കാനായിരുന്നിരിക്കണം പദ്ധതിയിട്ടത്. ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിലുള്ള ചൈനയുടെ ആദ്യത്തെ ഇടപെടൽ ഒരുപക്ഷേ ഇതായിരിക്കാം. എന്നാൽ, ഇക്കാര്യത്തിൽ പിന്നണിയിൽ തന്നെ തുടരാൻ അവർ അതീവശ്രദ്ധ പുലർത്തിയിരുന്നു", ഗോഖലെ കൂട്ടിച്ചേർക്കുന്നു.

    1998-ൽ ആണവ പരീക്ഷണങ്ങളുടെ സമയത്ത് ചൈന സ്വീകരിച്ചിരുന്ന നിലപാടിന് കടകവിരുദ്ധമായാണ് ആണവകരാറിന്റെ കാലയളവിൽ ചൈന ഇന്ത്യയോട് ഇടപെട്ടിരുന്നത് എന്നും ഗോഖലെ പറയുന്നു. "ആണവായുധങ്ങളുടെ കാര്യത്തിൽ പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകൾ ഉണ്ടായിരുന്ന ഇടതുപക്ഷ പാർട്ടികളെയും ഇടതുപക്ഷ മാധ്യമങ്ങളെയും പ്രയോജനപ്പെടുത്തി ഇന്തോ-യു എസ് ആണവകരാറിനെതിരെ ആഭ്യന്തരതലത്തിൽ പ്രതിഷേധം രൂപപ്പെടുത്താനാണ് ചൈന ശ്രമിച്ചത്," ഗോഖലെ വ്യക്തമാക്കുന്നു.

    ആണവകരാറിനെ തുടർന്ന് ഇടതുപക്ഷം 2008ൽ അന്നത്തെ യു.പി.എ. സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. "സൈനിക സഹകരണം മുഖ്യ ലക്ഷ്യമാക്കിക്കൊണ്ട് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര സഖ്യം ശക്തിപ്പെടുത്തുന്നു എന്ന കാരണം ഉന്നയിച്ചാണ് ഞങ്ങൾ ആണവകരാറിനെ എതിർത്തത്. അതിനുശേഷം ഉണ്ടായ സംഭവ വികാസങ്ങൾ ഞങ്ങളുടെ ആശങ്ക ശരിയായിരുന്നു എന്ന് തെളിയിച്ചു. ആണവകരാറിലൂടെ നമ്മൾ എന്താണ് നേടിയത്? നമ്മുടെ ആണവശക്തി ആണവകരാറിന്റെ ഫലമായി വർദ്ധിക്കുമെന്നും വിപുലമാകുമെന്നും അവർ പറഞ്ഞു. പക്ഷേ, ഒന്നും സംഭവിച്ചില്ല. ആകെ സംഭവിച്ചത് സൈനികപരമായും നയതന്ത്രപരമായും അമേരിക്കയുമായി നമ്മൾ കൂടുതൽ അടുത്തു എന്നതാണ്. ആണവകരാറിലൂടെ ഇതാണ് ഉണ്ടാവുക എന്നാണ് ഞങ്ങളും പറഞ്ഞത്," ആണവകരാറിന്റെ സമയത്ത് സി.പി.എം. ജനറൽ സെക്രട്ടറി ആയിരുന്ന പ്രകാശ് കാരാട്ട് പ്രതികരിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

    "നയതന്ത്രപരമായി നമ്മൾ അമേരിക്കയുടെ ആശ്രിതരാകാൻ ആണവകരാർ വഴിവെക്കും എന്നതായിരുന്നു ഞങ്ങളുടെ നിലപാട്", അദ്ദേഹം കൂട്ടിച്ചേർത്തു. ആണവകരാറുമായി ബന്ധപ്പെട്ട് അദ്ദേഹമോ മറ്റേതെങ്കിലും നേതാക്കളോ ചൈനയുമായി ചർച്ച നടത്തിയിരുന്നോ എന്ന ചോദ്യത്തിന് അത്തരം ചർച്ചകളൊന്നും നടന്നിട്ടില്ല എന്നാണ് പ്രകാശ് കാരാട്ട് പ്രതികരിച്ചത്. ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പിൽ ചൈന ഇന്ത്യയെ അനുകൂലിച്ച് നിലപാട് സ്വീകരിച്ചിരുന്നെങ്കിലും ഇടതുപക്ഷത്തിന്റെ നിലപാടിൽ വിട്ടുവീഴ്ച ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
    Published by:user_57
    First published:
    )}