ന്യൂഡൽഹി: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് തിരിച്ചടി. കൊൽക്കത്ത മുൻ പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള സ്റ്റേ സുപ്രീംകോടതി പിൻവലിച്ചു. ഒരാഴ്ച കഴിഞ്ഞാൽ അറസ്റ്റിൽ നിന്നുള്ള സംരക്ഷണം ഇല്ലാതാകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സി.ബി.ഐയ്ക്ക് നിയമപ്രകാരം മുന്നോട്ടു പോകാമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
ശാരദ ചിട്ടി തട്ടിപ്പ് കേസ് അന്വേഷിച്ച മുൻ കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ ഏഴു ദിവസത്തേക്ക് സിബിഐ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീംകോടതി നൽകിയ നിർദ്ദേശം. ഇതിനിടയിൽ രാജീവ് കുമാറിന് അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി ഉചിതമായ കോടതിയെ സമീപിക്കാം. അതേസമയം, ശാരദ ചിട്ടി തട്ടിപ്പ് കേസിലെ പുറത്തുവരുന്ന വിവരങ്ങൾ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി നേരിട്ടതിന് പിന്നാലെയാണ് മമത ബാനർജിയുടെ വിശ്വസ്തനായ മുൻ കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിന് സുപ്രീംകോടതിയിലും തിരിച്ചടിയേറ്റത്. ശാരദ ചിട്ടി തട്ടിപ്പ് കേസ് അന്വേഷണം അട്ടിമറിക്കാൻ രാജീവ് കുമാർ ശ്രമിച്ചെന്നും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നുമായിരുന്നു സിബിഐ ആവശ്യം.
പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ RSS മേധാവിയുടെ അകമ്പടി വാഹനം മറിഞ്ഞു; ജവാന് പരിക്ക്രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള മുൻ വിലക്ക് കോടതി നീക്കി. എങ്കിലും അറസ്റ്റിന് എതിരെ നിയമനടപടി സ്വീകരിക്കാൻ രാജീവ് കുമാറിന് ഒരാഴ്ചത്തെ സാവകാശം നൽകുകയായിരുന്നു. മുൻകൂർ ജാമ്യം ലഭിക്കുന്നില്ലെങ്കിൽ മാത്രമേ ഇനി ഏഴു ദിവസത്തിന് ശേഷം രാജീവ് കുമാറിനെ സിബിഐക്ക് അറസ്റ്റ് ചെയ്യാൻ കഴിയൂ.
സി.ബി.ഐക്ക് നിയമാനുസൃതം പ്രവർത്തിക്കാമെന്ന് കോടതി പറഞ്ഞു. എന്നാൽ, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള അനുമതിയായി ഇന്നത്തെ ഉത്തരവ് പരിഗണിക്കേണ്ടതില്ല. മമത ബാനർജിയുടെ വിശ്വസ്തനായ രാജീവ് കുമാറിനെ തെരഞ്ഞെടുപ്പിന് മുമ്പ് അറസ്റ്റ് ചെയ്യാനുള്ള സിബിഐയുടെ നീക്കമാണ് രാജീവ് കുമാറിന് സാവകാശം നൽകിയ കോടതി ഉത്തരവിലൂടെ പാളിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.