• HOME
  • »
  • NEWS
  • »
  • india
  • »
  • Lal Bahadur Shastri | കാർ വാങ്ങാൻ 5000 രൂപ വായ്പയെടുത്ത മുൻ പ്രധാനമന്ത്രി; അദ്ദേഹത്തിന്റെ മരണശേഷം തിരിച്ചടച്ചത് ഭാര്യ

Lal Bahadur Shastri | കാർ വാങ്ങാൻ 5000 രൂപ വായ്പയെടുത്ത മുൻ പ്രധാനമന്ത്രി; അദ്ദേഹത്തിന്റെ മരണശേഷം തിരിച്ചടച്ചത് ഭാര്യ

ശാസ്ത്രി മരിക്കുമ്പോൾ കാർ വാങ്ങാനായി അദ്ദേഹമെടുത്ത 5000 രൂപയുടെ വായ്പ മുഴുവനും തിരിച്ചടച്ചിരുന്നില്ല. ആ വായ്പ പൂർണമായും തിരിച്ചടച്ചത് ഭാര്യയാണ്.

  • Share this:
    അധികാരത്തിലിരിക്കുന്നവരുടെ സഹായത്തോടെ കോടികളുടെ വായ്പാ തട്ടിപ്പുകൾ നടത്തുന്ന അതിസമ്പന്നരായ വ്യവസായികളെക്കുറിച്ചുള്ള വാർത്തകൾ നാം കേട്ടിട്ടുള്ളതാണ്. എന്നാൽ സത്യസന്ധതക്കും മൂല്യങ്ങൾക്കും പേരു കേട്ട ഒരാൾ അത്തരത്തിൽ വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ട്. ആ ചരിത്രം ഇന്ത്യയുടെ ഭൂതകാലത്തിൽ നിന്നും കണ്ടെത്താനാകും.

    ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയാണ് (Lal Bahadur Shastri) ആ വ്യക്തി. ശാസ്ത്രി മരിക്കുമ്പോൾ കാർ വാങ്ങാനായി അദ്ദേഹമെടുത്ത 5000 രൂപയുടെ വായ്പ മുഴുവനും തിരിച്ചടച്ചിരുന്നില്ല. ആ വായ്പ പൂർണമായും തിരിച്ചടച്ചത് ഭാര്യയാണ്. കുടുംബത്തിനു ലഭിച്ച പെൻഷനിൽ നിന്നാണ് അവർ അതിനുള്ള പണം കണ്ടെത്തിയത്. ക്രീം നിറമുള്ള ആ 1964 മോഡൽ ഫിയറ്റ് കാർ ഇന്നും ഡൽഹിയിലെ മോത്തിലാൽ നെഹ്‌റു മാർഗിലുള്ള ലാൽ ബഹദൂർ ശാസ്ത്രി സ്മാരകത്തിൽ ഉണ്ട്.

    ലാൽ ബഹദൂർ ശാസ്ത്രിക്ക് കാർ ഇല്ലായിരുന്നു. പക്ഷേ അതു വാങ്ങാൻ അദ്ദേഹത്തിന്റെ കുടുംബം നിർബന്ധിക്കുമായിരുന്നെന്ന് മകനും മുൻ കേന്ദ്രമന്ത്രിയുമായ അനിൽ കുമാർ ശാസ്ത്രി മുൻപ് ഒരു മാധ്യമത്തോട് തുറന്നു പറഞ്ഞിട്ടുണ്ട്. കുടുംബത്തിന്റെ നിർബന്ധത്തെ തുടർന്ന് ഫിയറ്റ് കാറിന്റെ വില എത്രയാണെന്ന് അന്വേഷിക്കാൻ ശാസ്ത്രി തന്റെ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ശാസ്ത്രിയുടെ അക്കൗണ്ടിൽ കേവലം 7000 രൂപയേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ. എന്നാൽ കാറിന്റെ വില 12000 രൂപ ആയിരുന്നു.



    തുടർന്ന് അദ്ദേഹം പഞ്ചാബ് നാഷണൽ ബാങ്കിൽ 5000 രൂപ വായ്പയ്ക്ക് അപേക്ഷിച്ചു. അത് ഉടൻ അനുവദിക്കപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് ശാസ്ത്രി ലോൺ അനുവദിച്ച ഉദ്യോഗസ്ഥനെ വിളിച്ച് മറ്റ് അപേക്ഷകർക്കും ഇങ്ങനെ പെട്ടെന്നു തന്നെ വായ്പ അനുവ​ദിച്ചിരുന്നോ എന്ന് ചോദിച്ചതായും ശാസ്ത്രിയുടെ മകൻ ഓർക്കുന്നു.

    എന്നാൽ കടം പൂർണമായും തിരിച്ചടയ്ക്കുന്നതിനു മുൻപേ ശാസ്ത്രി മരിച്ചു. ബാക്കിയുണ്ടായിരുന്ന വായ്പാ തുക കുടുംബ പെൻഷനിൽ നിന്ന് ലഭിച്ച തുകയിൽ നിന്നും അദ്ദേ​ഹത്തിന്റെ ഭാര്യ അടച്ചു.

    1965-ലെ ഇന്ത്യ-പാക് യുദ്ധത്തിനു ശേഷമുള്ള സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചതിന് ശേഷം 1966 ജനുവരിയിൽ താഷ്‌കന്റിൽ വെച്ചാണ് മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി അന്തരിച്ചത്.

    Also read: താജ്മഹലിന് 500 മീറ്റർ ചുറ്റളവിലെ കച്ചവടങ്ങൾ നീക്കാൻ കോടതി ഉത്തരവ്; പ്രതിസന്ധിയിലായി 500ഓളം കടയുടമകൾ

    ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയും സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളുമാണ് ലാൽ ബഹാദൂർ ശാസ്ത്രി. 1904 ഒക്ടോബറിൽ ഉത്തർ പ്രദേശിലെ മുഗൾസരായിയിലാണ് ശാസ്ത്രി ജനിച്ചത്. 1920ൽ നിസഹകരണ പ്രസ്ഥാനത്തിലൂടെ അദ്ദേഹം സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ അണി ചേർന്നു. ജവഹർലാൽ നെഹ്റുവിന്റെ മരണശേഷം 1964 ലാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. 1965 ൽ പാകിസ്ഥാനുമായുള്ള യുദ്ധത്തിൽ ഇന്ത്യയെ നയിച്ചത് അ​ദ്ദേഹമാണ്. പ്രധാനമന്ത്രിയെന്ന നിലയിൽ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധസമയത്ത് അദ്ദേഹം ശമ്പളം വാങ്ങിയിരുന്നില്ല. രാജ്യം കടുത്ത ഭക്ഷ്യക്ഷാമം അഭിമുഖീകരിച്ച സമയമായിരുന്നു അത്. പാൽ ഉൽപാദനവുമായി ബന്ധപ്പെട്ട ധവള വിപ്ലവത്തിന് പിന്നിലും ലാൽ ബഹാദൂർ ശാസ്ത്രിയായിരുന്നു.
    Published by:Amal Surendran
    First published: