• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയി അന്തരിച്ചു


Updated: August 16, 2018, 6:33 PM IST
മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയി അന്തരിച്ചു

Updated: August 16, 2018, 6:33 PM IST
ന്യൂഡൽഹി: മുൻപ്രധാനമന്ത്രി എ.ബി വാജ്പേയി അന്തരിച്ചു. 93 വയസായിരുന്നു. ഒൻപത് ആഴ്ചയായി എയിംസിൽ കഴിയുന്ന വാജ്പേയിയുടെ നില ഞായറാഴ്ച വൈകിട്ടോടെയാണ് ഗുരുതരമായത്. തുടർ‌ന്ന് ജീവൻ‌രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിവന്നത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് അന്ത്യം

ശ്വാസതടസം, മൂത്രതടസം, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെ തുടർന്ന് ജൂൺ 11നാണ് വാജ്പേയിയെ എയിംസിൽ പ്രവേശിപ്പിച്ചത്. 1999 മുതൽ 2004വരെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയി രോഗം കാരണം 2009 മുതൽ പൊതുരംഗത്ത് നിന്ന് മാറി നിൽക്കുകയാണ്. ജവഹർലാൽ നെഹ്രുവിനു ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ്‌ വാജ്‌പേയി. പൊഖ്റാൻ ആണവ പരീക്ഷണവും (മേയ് 1998) കാർഗിൽ യുദ്ധവും 2001ലെ പാർലിമെന്റ് ആക്രമണവും നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു.

1924ല്‍ മധ്യപ്രദേശില ഗ്വാളിയോറിലാണ് വാജ്പേയി ജനിച്ചത്. അധ്യാപകനായ കൃഷ്ണാബിഹാരി വാജ്പേയിയും കൃഷ്ണദേവിയുമായിരുന്നു മാതാപിതാക്കള്‍. ഗ്വാളിയറിലെ വിക്ടോറിയ കോളജില്‍ നിന്ന് സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നിവയില്‍ ബിരുദവും കാണ്‍പൂര്‍ ഡി.വി കോളജില്‍ നിന്ന് രാഷ്ട്രതന്ത്രത്തില്‍ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും നേടി. വിദ്യാർത്ഥിയായിരിക്കെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലിലായി. പിന്നീട് ആര്‍എസ്എസില്‍ സജീവമായി. 1951ല്‍ തുടക്കംകുറിച്ച ജനസംഘത്തിന്റെ സ്ഥാപകാംഗമായി.

1957ൽ ജനസംഘത്തിന്റെ സ്ഥാനാർത്ഥിയായി മധ്യപ്രദേശിലെ ബാല്‍റാംപുര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് പാര്‍ലമെന്റിലെത്തിയ വാജ്പേയി 1962ല്‍ രാജ്യസഭാംഗമായി. പിന്നീട് 1967, 71, 77, 80 എന്നീ വര്‍ഷങ്ങളിലും ലോക്സഭയിലെത്തി. 1980ല്‍ രൂപീകരിക്കപ്പെട്ട ഭാരതീയ ജനതാപാര്‍ട്ടിയുടെ സ്ഥാപകരിലൊരാളാണ്. പാര്‍ട്ടിയുടെ ആദ്യപ്രസിഡന്റും വാജ്പേയിയായിരുന്നു.

പ്രധാനമന്ത്രിയായിരിക്കെ പാകിസ്താനുമായി സൗഹൃദം സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയം. 2004ൽ ഇന്ത്യ തിളങ്ങുന്നു – എന്ന മുദ്രാവാക്യവുമായി കാലാവധി തികയും മുമ്പ് തെരഞ്ഞെടുപ്പിനെ നേരിട്ടു. വാജ്പേയിയിയുടെ ഏറ്റവും വലിയ രാഷ്ട്രീയ അബദ്ധമായി ആ തീരുമാനം. പരാജയത്തിനു ശേഷം മെല്ലെ സജീവരാഷ്ട്രീയത്തിൽ നിന്ന് ആ പ്രഭ മറഞ്ഞു.

തനിക്കു സ്വയം ഭാരതരത്ന പുരസ്കാരം പ്രഖ്യാപിക്കാൻ സാധ്യമല്ലെന്ന നിലപാടെടുത്തു. ജവഹർലാൽ നെഹ്റുവും ഇന്ദിരാഗാന്ധിയും പ്രധാനമന്ത്രിമാരായിരിക്കെ ഏറ്റുവാങ്ങിയ ബഹുമതി. ഒടുവിൽ ഭാരതരത്ന ബഹുമതി തേടിയെത്തുമ്പോൾ അതിന്റെ ശോഭ ആസ്വാദിക്കാനാവാതെ അൽഷീമേഴ്സിന്റെ നിഴലിലുമായി.

അവിവാഹിതനായിരുന്നു. സഹോദരങ്ങൾ - അവധ് ബിഹാരി, സദാ ബിഹാരി, പ്രേം ബിഹാരി, വിമല, കമല, ഊർമിള.

 

 
First published: August 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍