പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ബിജെപിയില്‍ ചേരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കോൺഗ്രസ് അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പഞ്ചാബിലെ ചില ഉന്നത ബിജെപി നേതാക്കളെ അദ്ദേഹം കണ്ടതായി അടുത്ത വൃത്തങ്ങൾ ന്യൂസ്18നോട് പറഞ്ഞു. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി പ്രവേശനം എന്ന അഭ്യൂഹം തള്ളികളയുന്നുവെന്ന് ചരൺജിത് സിംഗ് ചന്നി ന്യൂസ് 18നോട് പ്രതികരിച്ചു.
മുൻ പിസിസി അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു പട്യാല ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയതോടെ കോൺഗ്രസിന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെ എണ്ണം വീണ്ടും കൂടുകയാണ്. ആം ആദ്മി പാർട്ടി (എഎപി) 2022ൽ കോൺഗ്രസിനെ തറപറ്റിച്ചതോടെ അന്ന് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ ചന്നി രാഷ്ട്രീയരംഗത്ത് നിന്ന് പൊടുന്നനെ അപ്രത്യക്ഷനായിരുന്നു.
അഴിമതിക്കേസിൽ പിതൃസഹോദരൻ അറസ്റ്റിലായത് അദ്ദേഹത്തിന് തിരിച്ചടി ആയെങ്കിലും കൊല്ലപ്പെട്ട പഞ്ചാബ് ഗായകൻ സിദ്ധു മൂസ് വാലയുടെ ഗ്രാമത്തിൽ അപ്രതീക്ഷിതമായി സന്ദർശനം നടത്തുകയും മാതാപിതാക്കളോടൊപ്പം ഒരു രാത്രി താമസിക്കുകയും ചെയ്തതോടെ ഒറ്റരാത്രികൊണ്ട് പാർട്ടിയിൽ ചന്നി ഇളക്കമുണ്ടാക്കിയിരുന്നു. കൂടാതെ രാഹുൽ ഗാന്ധിയുടെ രാജസ്ഥാനിലെ ഭാരത് ജോഡോ യാത്രയിലും ചന്നി പങ്കെടുത്തു. പ്രിയങ്ക ഗാന്ധിയുമായും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. തന്റെ പ്രസക്തി നഷ്ടമായിട്ടില്ലെന്നും, ഹൈക്കമാന്റുമായി തനിക്ക് ഇപ്പോഴും ശക്തമായ ബന്ധമാണുള്ളതെന്നും പാർട്ടിയിലെ തന്റെ എതിരാളികൾക്ക് കൃത്യമായ സന്ദേശം നൽകുക ആയിരുന്നു ഈ സന്ദർശനങ്ങളുടെയെല്ലാം ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചുവരാൻ കോൺഗ്രസിന് അതിയായ ആഗ്രഹമുണ്ടെന്നുള്ള കാര്യം ചന്നിയ്ക്ക് നന്നായി അറിയുന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയം നേരിട്ടു എന്നത് ശരിയാണ്. പക്ഷേ അദ്ദേഹത്തിന്റെ ജാതി ബന്ധത്തെ ഒട്ടും കുറച്ച് കാണുന്നത് ശരിയല്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംവരണ സീറ്റിനായി ചന്നി ആവശ്യമുന്നയിക്കുക തന്നെ ചെയ്യും.
ചന്നിയുടെ തന്ത്രപരമായ’ നീക്കങ്ങൾ ഫലം കാണുന്നുണ്ടോ?
ജലന്ധർ പാർലമെന്റ് ഉപതിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രിയെ പ്രചാരണത്തിനായി കൊണ്ടുവരാനാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ പരിശ്രമം. എതിർ ശബ്‌ദമുയർത്തുന്ന നേതാക്കൾക്കിടയിൽ സന്ധിയുണ്ടാക്കാനുള്ള ശ്രമങ്ങളും ഒരു ഭാഗത്ത് പാർട്ടി നടത്തുന്നുണ്ട്. മുഖ്യമന്ത്രിയായിരുന്ന ഹ്രസ്വകാല കാലയളവിനുള്ളിൽ തന്നെ ജലന്ധർ പാർലമെന്റ് സീറ്റിൽ ശക്തമായ സാന്നിധ്യമായ രവിദാസ്യ/ആദി-ധർമ്മി വിഭാഗങ്ങൾക്കിടയിൽ നിന്ന് നല്ല പിന്തുണ നേടാൻ ചന്നിക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ചില സീറ്റുകളിൽ ചന്നി ഫാക്ടർ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ദോബ മേഖലയും ജലന്ധർ മണ്ഡലത്തിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിടത്തും കോൺഗ്രസ് പാർട്ടിയുടെ വിജയത്തിന് ചന്നിയുടെ ഈ ജാതിബന്ധം വലിയ സംഭാവനയാണ് നൽകിയത്.
അതേസമയം വ്യാഴാഴ്ച ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായും പ്രിയങ്കാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയും സന്ദർശിച്ച നവജ്യോത് സിംഗ് സിദ്ദുവിന്റെ അടുത്ത നീക്കങ്ങൾ പാർട്ടി നേതാക്കളും പ്രവർത്തകരും ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.
ഇതിനിടെയാണ് ചന്നി ബിജെപി നേതാക്കളുമായും കൂടിക്കാഴച നടത്തി എന്ന വിവരം പുറത്ത് വരുന്നത്. ഇതോടെ കോൺഗ്രസ്സ് കൂടുതൽ സമ്മർദ്ദത്തിലായി. രാഹുൽ ഗാന്ധിയും ഖാർഗെയും ഈ സാഹചര്യം എങ്ങനെയാവും കൈകാര്യം ചെയ്യുക എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.