ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ (97) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഡൽഹിയിലെ സ്വകാര്യ വസതിയിൽ രാത്രി ഏഴോടെയാണ് അന്ത്യം. അടിയന്തരാവസ്ഥയ്ക്കു ശേഷം അധികാരത്തിലെത്തിയ 1977–79 കാലഘട്ടത്തിലെ മൊറാർജി ദേശായി മന്ത്രിസഭയിൽ നിയമന്ത്രിയായിരുന്നു. മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷന്‍ മകനാണ്. ആംആദ്മി പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയാണ് ശാന്തിഭൂഷൺ.
കോണ്‍ഗ്രസ് (ഒ)യിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ ശാന്തി ഭൂഷണ്‍ പിന്നീട് ജനതാ പാര്‍ട്ടിയില്‍ അംഗമായി. 1977 മുതല്‍ 1980 വരെ രാജ്യസഭാംഗമായിരുന്നു. 1980-ല്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. 1986-ല്‍ ബി.ജെ.പിയില്‍നിന്ന് രാജിവെച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നില്ല.
അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പോരാട്ടത്തിൽ പ്രധാന പങ്കാളിയായിരുന്നു ഇദ്ദേഹം. എന്നാൽ പാർട്ടി രൂപീകൃതമായി രണ്ടു വർഷത്തിനു ശേഷം അരവിന്ദ് കേജ്‍രിവാളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടി വിട്ടു. പിന്നീട് കേജ്‌രിവാളിന്റെ ശക്തനായ വിമർശകനായും ശാന്തി ഭൂഷൺ മാറി.
രാഷ്ട്രീയനേതാവ് എന്നിതിനൊപ്പം രാജ്യം കണ്ട മികച്ച നിയമജ്ഞനുമാണ് ശാന്തി ഭൂഷണ്‍. ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പു വിജയം ചോദ്യം ചെയ്ത് രാജ് നാരായണ്‍ കോടതിയെ സമീപിച്ചപ്പോള്‍ അദ്ദേഹത്തിനു വേണ്ടി ഹാജരായത് ശാന്തി ഭൂഷണ്‍ ആയിരുന്നു. 44-ാം ഭരണഘടനാ ഭേദഗതി അവതരിപ്പിച്ചതും ഇദ്ദേഹമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.