ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്ലി അന്തരിച്ചു. ഡൽഹി എയിംസിൽ ഇന്ന് ഉച്ചയക്ക് 12.30-നായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു. ഭാര്യ: സംഗീത ജെയ്റ്റ്ലി മക്കൾ: റോഹൻ, സൊണാലി.
ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ഓഗസ്റ്റ് 9-ന് രാവിലെയാണ് ജെയ്റ്റ്ലിയെ എയിംസിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യനില വഷളായതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ആരോഗ്യമന്ത്രി ഹർഷവർധനും ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. രണ്ടുവർഷമായി വൃക്കരോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു ജെയ്റ്റ്ലി. രണ്ടാം തവണയും മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി മന്ത്രിപദം ഏറ്റെടുക്കുന്നതിൽ നിന്ന് സ്വയം ഒഴിഞ്ഞുമാറി.
ബിജെപിയുടെ ഉന്നതനേതാക്കളിൽ പ്രമുഖനാണ് ജെയ്റ്റ്ലി. 1998-2004 കാലയളവിൽ വാജ്പേയി മന്ത്രിസഭയിൽ ക്യാബിനറ്റ് പദവി വഹിച്ചു. 2014ൽ മോദി സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയായിരുന്നു. 1991 മുതല്‍ ബിജെപി ദേശീയ നിർവാഹക സമിതി അംഗം.
1952 ഡിസംബർ 28ന് മഹാരാജ് കിഷൻ ജെയ്റ്റ്ലിയുടെയും രതൻ പ്രഭാ ജെയ്റ്റ്ലിയുടെയും മകനായി ജനനം. ന്യൂഡൽഹി സെന്റ് സേവ്യേഴ്സ് സ്കൂളിലായിരുന്നു പ്രാഥമിക പഠനം. 1973-ൽ ശ്രീറാം കോളജിൽ നിന്ന് കോമേഴ്സിലും 1977ൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിലും ബിരുദം തേടി.
ഡൽഹി സർവകലാശാലയിൽ വിദ്യാർഥിയായിരിക്കെയാണ്
എബിവിപിയിലൂടെ രാഷ്ട്രീയരംഗത്തേക്ക് എത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതൽ തടങ്കലിൽ കഴിഞ്ഞു. 1973ൽ അഴിമതിക്കെതിരായി രൂപീകരിച്ച ജെ പി പ്രസ്ഥാനത്തിൽ നേതാവായിരുന്നു. വിവിധ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും അഭിഭാഷകനായി സേവനമനുഷ്ഠിച്ചു. 1989ൽ വി പി സിംഗിന്റെ കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറലായി.
നിയമത്തിലും നിരവധി സമകാലിക വിഷയങ്ങളിലും ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ അമൃത്സറിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗിനോട് പരാജയപ്പെട്ടു.
2018 മെയ് മാസത്തിൽ അരുൺ ജെയ്റ്റ്ലിയെ എയിംസിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. കടുത്ത പ്രമേഹ രോഗിയായ അദ്ദേഹം വർഷങ്ങൾക്ക് മുൻപ് ഹൃദയ ശസ്ത്രക്രിയക്കും വിധേയനായിരുന്നു. ഈ വർഷം ആദ്യം അമേരിക്കയിൽ ശ്വാസകോശ ക്യാൻസറിന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതേ തുടർന്നുള്ള ചികിത്സയിലായിരുന്നു ജെയ്റ്റ്ലി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.