HOME » NEWS » India » FORMER WEST BENGAL CM BUDDHADEB BHATTACHARJEE TO BE DISCHARGED FROM HOSPITAL TODAY GH

ആരോഗ്യ നിലയിൽ പുരോഗതി; പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഇന്ന് ആശുപത്രി വിടും

മുതിർന്ന സിപിഎം നേതാവ് കൂടിയായ ബുദ്ധദേവ് ഭട്ടാചാര്യ ജ്യോതി ബസുവിന് ശേഷം 2000 മുതൽ 2011 വരെ പശ്ചിമബംഗാൾ മുഖ്യമന്ത്രി ആയിരുന്നു.

News18 Malayalam | Trending Desk
Updated: June 2, 2021, 4:45 PM IST
ആരോഗ്യ നിലയിൽ പുരോഗതി; പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഇന്ന് ആശുപത്രി വിടും
ബുദ്ധദേബ് ഭട്ടാചാര്യ
  • Share this:
കോവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ബുദ്ധദേവ് ഭട്ടാചാര്യയെ ഇന്നു തന്നെ ഡിസ്ചാർജ് ചെയ്യുമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന. ഡിസ്ചാർജ് ചെയ്താലും ഇനിയുള്ള ഏഴ് ദിവസം അദ്ദേഹം വീട്ടിൽ ഐസൊലേഷനിൻ തുടരും.

നിലവിൽ ബൈലെവൽ പോസിറ്റീവ് എയർവേ പ്രഷർ (BiPAP) സഹായത്തോടെയാണ് അദ്ദേഹത്തിൻറെ ചികിത്സ നടക്കുന്നത്. ശക്തമായ ശ്വാസ തടസ്സം നേരിടുന്ന ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) രോഗള്ളവർക്ക് ശ്വസനത്തിന് സഹായിക്കുന്ന ഉപകരണമാണിത്. ഇന്നലെ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ ബുദ്ധദേവ് ഭട്ടാചാര്യക്ക് ഇപ്പോളും ശ്വസന പ്രശ്നങ്ങൾ നേരിടുന്നതിയി പറയുന്നു. എങ്കിലും രക്തത്തിലെ ഓക്സിജന്റെ അളവ് 98 ശതമാനത്തിനു മുകളിലാണ്. അതിനാൽ കൃത്രിമ ഓക്സിജന്റെ ആവശ്യം കുറഞ്ഞിട്ടുണ്ട്. രക്തസമ്മർദ്ദം സാധാരണ നിലയിലാണ്. ഹൃദയമിടിപ്പ് മിനിറ്റിൽ 68 എന്ന സാധാരണ നിലയിലെത്തി. കോവിഡ് ചികിത്സക്കുള്ള മരുന്നായ റെംഡെസിവെർ നൽകിയുള്ള ചികിത്സ അവസാനിച്ചുവെങ്കിലും സ്റ്റിറോയിഡുകൾ അദ്ദേഹത്തിന് നൽകുന്നുവെന്നും ഇന്നലത്തെ മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കിയിരുന്നു.

77 വയസ്സുള്ള ബുദ്ധദേബ് ഭട്ടാചാര്യക്ക് കഴിഞ്ഞ മാസം 18നാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. തുടക്കത്തിൽ വീട്ടിൽ തന്നെ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ആരോഗ്യ നില മോശമാവുകയായിരുന്നു. തുടർന്ന് തെക്കൻ കൽക്കത്തയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ മെയ് 25 അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ രക്തത്തിലെ ഓക്സിജൻ നില അപകടകരമായ തോതിൽ 90 ശതമാനമായി കുറഞ്ഞിരുന്നു. കൂടാതെ ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) ഉൾപ്പെടെയുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാക്കി.

കഴിഞ്ഞമാസം അദ്ദേഹത്തിൻറെ ഭാര്യ മീര ഭട്ടാചാര്യ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് നഗരത്തിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് രോഗം ഭേദമായതിനെ തുടർന്ന് അവരെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.

മുതിർന്ന സിപിഎം നേതാവ് കൂടിയായ ബുദ്ധദേവ് ഭട്ടാചാര്യ ജ്യോതി ബസുവിന് ശേഷം 2000 മുതൽ 2011 വരെ പശ്ചിമബംഗാൾ മുഖ്യമന്ത്രി ആയിരുന്നു. 2002 മുതൽ 2015 വരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കൂടിയായിരുന്നു അദ്ദേഹം. 2011 വരെ ജാദവ്പൂർ മണ്ഡലത്തിൽ നിന്നും തുടർച്ചയായി 24 വർഷമാണ് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2011ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭരണകാലത്ത് ചീഫ് സെക്രട്ടറി ആയിരുന്ന മനീഷ് ഗുപ്തയോടാണ് 16,684 വോട്ടുകൾക്ക് അദ്ദേഹം അടിയറവ് പറഞ്ഞത്. പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലെ ശക്തനായ നേതാവായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ നന്ദിഗ്രാം, സിംഗൂർ എന്നിവിടങ്ങളിൽ വ്യാവസായിക ആവശ്യങ്ങൾക്കായി കൃഷി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോടെയാണ് വിവാദങ്ങളിൽപ്പെടുന്നത്. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് മുഖ്യമന്ത്രി പദം നഷ്ടപ്പെടുക മാത്രമല്ല ബംഗാളിലെ സിപിഎം കനത്ത തകർച്ച നേരിടുകയും ചെയ്തു.

Keywords: Buddaadeb Bhattacharjee, West Bengal, Covid, ബുദ്ധദേവ് ഭട്ടാചാര്യ, പശ്ചിമ ബംഗാൾ, കോവിഡ്
Published by: Anuraj GR
First published: June 2, 2021, 4:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories