ന്യൂഡൽഹി: രാജ്യസഭ അംഗങ്ങളെല്ലാം ഇപ്പോൾ സംസാരിക്കുന്നത് കേരളത്തിൽ നിന്നുള്ള പുതിയ അംഗവും മാധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസിനെ കുറിച്ചാണ്. ജോൺ ബ്രിട്ടാസ് ഭാഗ്യമനുഷ്യനാണോ എന്നാണ് അംഗങ്ങൾ പരസ്പരം ചോദിക്കുന്നത്. അതിനൊരു കാരണമുണ്ട്.
രാജ്യസഭാ ചോദ്യോത്തര വേളയിൽ സഭയിൽ ആദ്യം ചോദ്യം ചോദിക്കാനുള്ള അവസരം (നക്ഷത്ര ചിഹ്നമിട്ട ചോദ്യം) നറുക്കെടുപ്പിലൂടെയാണ് അംഗങ്ങൾക്ക് ലഭിക്കുന്നത്. പല അംഗങ്ങക്കും അവരുടെ കാലയളവിൽ വളരെ കുറച്ച് തവണയാകും നറുക്കെടുപ്പിൽ വിജയിച്ച് ചോദ്യം ഉന്നയിക്കാനാകുക. ഇവിടെയാണ് ജോണ്‍ ബ്രിട്ടാസ് വ്യത്യസ്തനാകുന്നത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം അഞ്ചു തവണയാണ് ബ്രിട്ടാസിന് നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചത്. ജൂലൈ 19നാണ് ആദ്യം നറുക്ക് വീണത്. പിന്നാലെ 20, 22, 23, 26 തീയതികളിലെ നറുക്കിലും ജോൺ ബ്രിട്ടാസിന്റെ പേര് വന്നു, ഇത് കണ്ട് പല അംഗങ്ങളും അന്തം വിട്ടിരിക്കുകയാണത്രെ. എന്താണ് ഇതിന് പിന്നിലുള്ള രഹസ്യമെന്നാണ് പലരും ജോൺ ബ്രിട്ടാസിനോട് ചോദിക്കുന്നത്.
മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ അല്‍ഫോൺസ് കണ്ണന്താനം പോലും ഇത് കണ്ട് അത്ഭുതപരതന്ത്രനായിരിക്കുകയാണ്. ഇതിനുമുണ്ട് കാരണം. കണ്ണന്താനത്തിനാകട്ടെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആകെ മൂന്നു തവണയാണ് നറുക്കെടുപ്പിലൂടെ ആദ്യം ചോദിക്കാനുള്ള അവസരം ലഭിച്ചത്. ബ്രിട്ടാസിന്റെ ഭാഗ്യം ചർച്ചയായതോടെ നറുക്കെടുപ്പിൽ വിജയിക്കുന്ന രഹസ്യം തേടി കണ്ണന്താനം ബ്രിട്ടാസിനെ സമീപിച്ചുവെന്നാണ് സംസാരം.
ബ്രിട്ടാസിന്റെ അത്ഭുതം അവിടെ കൊണ്ടും തീരുന്നില്ല. ഈ മാസം 23ന് അംഗങ്ങളുടെ സ്വകാര്യ പ്രമേയം അവതരിപ്പിക്കാനുള്ള നറുക്കെടുപ്പിലും അഞ്ചാമൻ ബ്രിട്ടാസായിരുന്നു. ആഗസ്റ്റ് 13ലെ സഭാ നടപടികളിൽ ഉൾപ്പെടുത്തേണ്ട പ്രമേയങ്ങളുടെ നറുക്കെടുപ്പിലാണ് ബ്രിട്ടാസിന് അഞ്ചാമനായി നറുക്ക് വീണത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.