കോയമ്പത്തൂര്‍: വീട്ടിൽ സൂക്ഷിച്ച പടക്കത്തിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേരുൾപ്പെടെ നാലു പേർ മരിച്ചു. തമിഴ്നാട്ടിലെ നാമക്കലിലാണ് സംഭവം. പടക്കക്കട ഉടമയും വീട്ടുടമസ്ഥനുമായ തില്ലൈ കുമാർ(35), ഭാര്യ പ്രിയ (25). ഭാര്യമാതാവ് ശെൽവി(60) അയൽവാസി പെരിയക്ക(72) എന്നിവരാണ് മരിച്ചത്.
പുതുവത്സരാഘോഷത്തിന് വിൽക്കാന് വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്. മകള്‍ക്ക് പാല് കാച്ചാന്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ തീ പടര്‍ന്നതാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പറയുന്നു. അപകടത്തിൽ മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു ടണ്ണോളം നാടന്‍ പടക്കയിനങ്ങളാണ് അനധികൃതമായി ഇവിടെ സൂക്ഷിച്ചിരുന്നത്.
Also Read-പുതുവർഷത്തിൽ സംസ്ഥാനത്ത് അപകടപരമ്പര; അഞ്ചു അപകടങ്ങളിലായി പൊലിഞ്ഞത് ഏഴു ജീവനുകൾ
തീപടരുന്നതിനിടെ സാധനങ്ങൾ എടുത്ത് മടങ്ങുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തില്‍ വീട് പൂർണമായി തകർന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ തൊട്ടടുത്ത വീടിന്റെ മതിൽ ഇടിഞ്ഞുവീണാണ് പെരിയക്ക മരിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ തൊട്ടടുത്ത മറ്റൊരു വീട് ഇടിഞ്ഞുവീണാണ് പെരിയക്ക മരിച്ചത്. സ്ഫോടനമുണ്ടായ വീടിനു ചുറ്റുമുള്ള അന്‍പതോളം വീടുകള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്.
തുടർന്ന് പ്രദേശവാസികളെ മാറ്റിപാർപ്പിച്ചിരിക്കുകയാണ്. സ്ഫോടനത്തിൽ ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ല. സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.