കാൺപുർ: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള തുക കൈപ്പറ്റിയ ശേഷം നാല് സ്ത്രീകൾ ഭർത്താക്കൻമാരെ ഉപേക്ഷിച്ചു കാമുകൻമാർക്കൊപ്പം നാടുവിട്ടു. ഉത്തർപ്രദേശിലെ ബാരാബങ്കി ജില്ലയിലാണ് വിചിത്രമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നഗരപ്രദേശങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വീടുവെക്കാൻ സാമ്പത്തികസഹായം ലഭ്യമാക്കുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന( PMAY). ഈ പദ്ധതി പ്രകാരം, ഗുണഭോക്താക്കൾക്ക് വീട് വെക്കുന്നതിനുള്ള സാമ്പത്തിക സഹായം ഗഡുക്കളായി അവരവരുടെ അക്കൌണ്ടിലേക്ക് ലഭിക്കും.
പിഎംഎവൈ പ്രകാരം കുടുംബനാഥൻ വീടിന്റെ ഉടമയോ സഹ ഉടമയോ ആകണമെന്ന വ്യവസ്ഥ കേന്ദ്രം നിർബന്ധമാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഗുണഭോക്താക്കളായ നാല് സ്ത്രീകൾ ഈ വ്യവസ്ഥ ഉപയോഗപ്പെടുത്തി, അവരുടെ അക്കൗണ്ടിൽ പദ്ധതിയുടെ ആദ്യ ഗഡുവായ 50,000 രൂപ എത്തിയതോടെ ഭർത്താക്കൻമാരെ ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം നാടുവിടുകയായിരുന്നു.
ഈ സംഭവത്തിന് പിന്നാലെ വീട് നിർമ്മാണം ആരംഭിക്കാത്തതിന് സ്ത്രീകളുടെ ഭർത്താക്കൻമാർക്കെതിരെ ജില്ലാ നഗര വികസന ഏജൻസിയിൽ (DUDA) നിന്ന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. പണം തിരിച്ചുപിടിക്കുന്നതിനുള്ള റിക്കവറി നടപടികൾ നേരിടേണ്ടിവരുന്നതിന്‍റെ ആശങ്കയിലാണ് യുവതിമാരുടെ ഭർത്താക്കൻമാർ.
അതുകൊണ്ടുതന്നെ ഭാര്യർമാക്ക് ലഭ്യമാകുന്ന അക്കൌണ്ടിലേക്ക് പിഎംഎവൈ പദ്ധതിയുടെ അടുത്ത ഗഡു അയയ്ക്കരുതെന്ന് ഭർത്താക്കൻമാർ ഡിയുഡിഎ പ്രോജക്‌ട് ഓഫീസറോട് ആവശ്യപ്പെട്ടു. ഇതോടെ ഉദ്യോഗസ്ഥരും വെട്ടിലായിരിക്കുകയാണ്. ആദ്യ ഗഡുവിൽ നൽകിയ പണം എങ്ങനെ തിരിച്ചുപിടിക്കുമെന്ന ആശങ്കയിലാണ് അവർ. ഭാര്യമാർ പണവുമായി കടന്നുകളഞ്ഞതായി ഭർത്താക്കന്മാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.