ബംഗളൂരു: വീണ്ടും അധികാരത്തിലെത്തിയാലുടന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന വാഗ്ദാനവുമായാണ് ഇത്തവണ ഭരണകക്ഷിയായ ബിജെപി കര്‍ണ്ണാടക തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. തിങ്കളാഴ്ചയാണ് ബിജെപി തങ്ങളുടെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയത്. മെയ് പത്തിനാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
”ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഇന്ത്യന്‍ ഭരണഘടന നമുക്ക് അധികാരം നല്‍കുന്നുണ്ട്. എല്ലാവര്ക്കും നീതി നടപ്പാക്കുകയാണ് ലക്ഷ്യം. പ്രീണന നയം നമ്മുടെ രീതിയല്ല,’ എന്നായിരുന്നു തെരഞ്ഞെടുപ്പ് പത്രിക പ്രകാശന വേളയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞത്.
കൂടാതെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മൂന്ന് പാചകവാതക സിലിണ്ടര്‍ സൗജന്യമായി നല്‍കുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ദീപാവലി, യുഗാദി, ഗണേഷ ചതുര്‍ത്ഥി എന്നിവയോട് അനുബന്ധിച്ചായിരിക്കും ഇവ നല്‍കുകയെന്നാണ് തെരഞ്ഞെടുപ്പ് പത്രികയില്‍ പറയുന്നത്.
” എല്ലാ ഗ്രാമങ്ങളും വാര്‍ഡും കേന്ദ്രീകരിച്ച് അടല്‍ ആഹാര കേന്ദ്ര സ്ഥാപിക്കും. ഗുണമേന്മയുള്ള ഭക്ഷ്യ ധാന്യം എല്ലാവരിലേക്കും എത്തിക്കുകയാണ് ലക്ഷ്യം,” പത്രികയില്‍ പറയുന്നു.
എല്ലാ ബിപിഎല്‍ കുടുംബങ്ങളിലും അരലിറ്റര്‍ പാല് എത്തിക്കുന്ന പരിപാടിയായ ”പോഷണ്‍”പദ്ധതി ആരംഭിക്കുമെന്നും പത്രികയില്‍ പറയുന്നുണ്ട്.
അതേസമയം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പത്രിക കുറച്ച് ദിവസം മുമ്പ് തന്നെ പുറത്തിറക്കിയിരുന്നു. ദശ സങ്കല്‍പ്പ് എന്ന ആശയത്തിലാണ് പത്രിക പുറത്തിറക്കിയത്. പത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പത്രിക പ്രകാശനം ചെയ്തിരിക്കുന്നത്. വികസനം, മത്സ്യബന്ധനതൊഴിലാളികള്ക്കുള്ള പദ്ധതികള്‍ എന്നിവയ്ക്കും പത്രികയില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
ഇനി ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രധാന വോട്ടെടുപ്പ് തന്ത്രങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. എങ്ങനെയാണ് അവ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നത് എന്നും പരിശോധിക്കാം.
ബിജെപിയുടെ പ്രധാന മേഖലകള്‍
തെരഞ്ഞെടുപ്പ് പത്രിക പ്രകാരം ഇനി പറയുന്നവയാണ് ബിജെപിയുടെ പ്രധാന വോട്ട് തന്ത്രങ്ങള്‍.
അന്ന
” ഞങ്ങള്‍ എല്ലാ വാര്‍ഡ് തോറും അടല്‍ ആഹാര കേന്ദ്ര സ്ഥാപിക്കും. ഗുണമേന്മയുള്ള ഭക്ഷണം എല്ലാവരിലും എത്തിക്കുകയാണ് ലക്ഷ്യം”.
” പോഷണ എന്ന പദ്ധതിയും ആരംഭിക്കും. എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും അരലിറ്റര്‍ പാല് എത്തിക്കുകയാണ് ലക്ഷ്യം,” ബിജെപി പ്രകടന പത്രികയില്‍ പറയുന്നു.
അക്ഷര
വിശ്വേശരയ്യ വിദ്യാ യോജന എന്ന പദ്ധതി ആരംഭിക്കും. സ്കൂളുകളുടെയും ഉന്നവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വികസനമാണ് ലക്ഷ്യം, ബിജെപി വക്താക്കള്‍ പറഞ്ഞു.
കൂടാതെ സമന്വയ എന്ന പദ്ധതിയും വിദ്യാഭ്യാസ രംഗത്ത് ആരംഭിക്കുമെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു. എസ്എംഇ, ഐടിഐ സഹകരണത്തോടെയാണ് ഈ പദ്ധതി ആരംഭിക്കുക. കഴിവുള്ള യുവാക്കളുടെ വിദ്യാഭ്യാസ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
ഒപ്പം ഐഎഎസ് , ഐപിഎസ്, സംസ്ഥാന സര്‍ക്കാര്‍ പരീക്ഷകള്‍ എന്നിവയ്ക്കായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് ആവശ്യമായ ധനസഹായം നല്കുന്ന പദ്ധതിയും ബിജെപി തെരഞ്ഞെടുപ്പ് പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അഭിവൃദ്ധി
ബംഗളുരു നഗരത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്നതാണ് തങ്ങളുടെ മറ്റൊരു ലക്ഷ്യമെന്നും ബിജെപി അറിയിച്ചു. ഇലക്ട്രിക് വാഹന ഹബ്ബായി കര്‍ണ്ണാടകയെ ഉയര്‍ത്തും. കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍, 1000ലധികം സ്റ്റാര്‍ട്ട് അപ്പുകൾക്ക് പ്രോത്സാഹനം, ബിഎംടിസി ബസ്സുകള്‍ പൂര്‍ണ്ണമായി ഇലക്ട്രിക് ബസ്സുകളാക്കി മാറ്റുമെന്നും പത്രികയില്‍ പറയുന്നു.
ആദായ
കര്‍ണാടകയെ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് കല്യാണ സര്‍ക്യൂട്ട്, ബനവാസി സര്‍ക്യൂട്ട്, പരശുരാമ സര്‍ക്യൂട്ട്, കാവേരി സര്‍ക്യൂട്ട്, ഗണഗാപുര ഇടനാഴി എന്നിവ വികസിപ്പിക്കുമെന്നും അതിനായി 1,500 കോടി രൂപ അനുവദിക്കുമെന്നും തെരഞ്ഞെടുപ്പ് പത്രികയില്‍ പറയുന്നു.
അഭയ
കര്‍ണ്ണാടക അപ്പാര്‍ട്ട്മെന്റ് ഉടമസ്ഥവകാശ നിയമം, 1972 പരിഷ്കരിക്കുമെന്നും പരാതി പരിഹാര സംവിധാനം നവീകരിക്കുന്നതിനായി കര്‍ണ്ണാടക റെസിഡന്റ്സ് വെല്‍ഫെയര്‍ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി രൂപീകരിക്കുമെന്നും പത്രികയില്‍ പറയുന്നു. അതിലൂടെ ബംഗളൂരുവിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സാധിക്കുമെന്നും ബിജെപി വക്താക്കള്‍ അറിയിച്ചു.
ഉന്നതാധികാരി സമിതി നിര്‍ദ്ദേശിച്ചപോലെ കര്‍ണ്ണാടകയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നും ബിജെപി പത്രികയില്‍ പറയുന്നു.
കൂടാതെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മൂന്ന് പാചകവാതക സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുന്നതാണ്. വാര്‍ഷികമായാണ് നല്‍കുക. യുഗാദി, ഗണേഷ ചതുര്‍ത്ഥി, ദിപാവലി എന്നീ ആഘോഷങ്ങള്‍ക്കിടെയാണ് ഇവ നല്‍കുകയെന്നും പത്രികയില്‍ പറയുന്നു.
സര്‍വാരിഗു സുരു യോജന എന്ന പദ്ധതിയും ആരംഭിക്കും. റവന്യൂ വകുപ്പ് സംസ്ഥാനത്തുടനീളമുള്ള 10 ലക്ഷം പേര്‍ക്ക് ഭവനനിര്‍മ്മാണത്തിന് സഹായം നല്‍കുമെന്നും തിരഞ്ഞെടുപ്പ് പത്രികയിൽ പറയുന്നു.
കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍?
കര്‍ണ്ണാടക കരവല്ലി പ്രദേശത്തിനായി കോണ്‍ഗ്രസ് പാര്‍ട്ടി നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ് ദശ സങ്കല്പ്പ പദ്ധതി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തീരദേശ കര്‍ണ്ണാടക മേഖലയെ വികസനത്തിന്റെ കാര്യത്തില്‍ വേറിട്ട് നിര്‍ത്താന്‍ സഹായിക്കുന്ന ദശ സങ്കല്പ്പ പദ്ധതി പ്രാവര്‍ത്തികമാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ബികെ ഹരിപ്രസാദ് വ്യക്തമാക്കിയിരുന്നു.
തീരപ്രദേശത്തിന്റെ വികസനമായിരിക്കും പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം. വികസന ലക്ഷ്യങ്ങള്‍ നേടുന്നതിന്, 2,500 കോടി രൂപ അനുവദിക്കും. അതിനായി ‘കവാവാലി വികസന അതോറിറ്റി’ എന്ന പേരില്‍ ഒരു നിയമാനുസൃത വിഭാഗം രൂപീകരിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
കൂടാതെ മംഗളൂരുവിനെ വസ്ത്ര നിര്‍മ്മാണ, ഐടി ഹബ്ബായി ഉയര്‍ത്തുന്നതാണ്. തീരദേശത്ത് ഒരു ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുകയും ചെയ്യും. മൊഗവീര വിഭാഗത്തിന് പ്രത്യേക പരിഗണന നല്‍കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്, ഒരു ലക്ഷം വനിതാ മത്സ്യത്തൊഴിലാളികള്‍ക്ക് പലിശ രഹിത വായ്പ, എന്നിവ അനുവദിക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.
കൂടാതെ ശ്രീനാരായണ ഗുരു വികസന ബോര്‍ഡും സ്ഥാപിക്കുമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് പത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്. 250 കോടി രൂപ അടങ്കല്‍ പദ്ധതിയിലാണ് ഇവ സ്ഥാപിക്കുക. ഇതേ മാതൃകയില്‍ ബാന്റ് ഡെവലപ്മെന്റ് ബോര്‍ഡും സ്ഥാപിക്കുന്നതാണ്. ഒപ്പം ന്യൂനപക്ഷ ക്ഷേമത്തിനായുള്ള പദ്ധതികളും പുനസ്ഥാപിക്കുമെന്നാണ് വാഗ്ദാനങ്ങൾ. മോദി സര്‍ക്കാര്‍ നിര്‍ത്തലാക്കിയ പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പ് ആരംഭിക്കുന്നത് ഉള്‍പ്പെടെയുള്ളവയില്‍ തീരുമാനമെടുക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
അടയ്ക്കാ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി 50 കോടി രൂപയാണ് അനുവദിക്കുക. ഒപ്പം കര്‍ണ്ണാടകയിലെ എല്ലാ വീടുകളിലും ഓരോ മാസവും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. പണപ്പെരുപ്പം കാരണം വലഞ്ഞ ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന പദ്ധതികളും പത്രികയിലുണ്ട്. സ്ത്രീകള്‍ ഗൃഹനാഥകളായിട്ടുള്ള എല്ലാ കുടുംബങ്ങള്‍ക്കും മാസം 2000 രൂപ വീതം ധനസഹായം നല്‍കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് ഇത്തവണ ബിജെപിയെ നേരിടാന്‍ ഒരുങ്ങുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.