ന്യൂഡൽഹി: തുടർച്ചയായി രണ്ടു പോക്‌സോ കേസുകളിൽ വിവാദ വിധി പ്രസ്താവിച്ച ജസ്‌റ്റിസ് പുഷ്‌പ ഗനേജിവാലയ്‌ക്ക് ഒരു വർഷം കൂടി അഡീഷണൽ ജഡ്‌ജിയായി തുടരാൻ അനുമതി നൽകി സുപ്രീംകോടതി കൊളീജിയം. ബോംബെ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്‌ജിയായുളള ജസ്‌റ്റിസ് പുഷ്‌പയുടെ കാലാവധി തീരുന്നത് വെളളിയാഴ്‌ചയായിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നുമുതൽ ഒരു വർഷത്തേക്ക് വീണ്ടും അഡീഷണൽ ജഡ്‌ജിയായി തുടരാൻ കൊളീജിയം തീരുമാനം വന്നത്.
വിവാദ ഉത്തരവുകളെ തുടർന്ന് സ്ഥിരം ജഡ്‌ജിയായി പുഷ്‌പയെ നിയമിക്കുന്നതിനുളള അനുമതി കഴിഞ്ഞമാസം കൊളീജിയം പിൻവലിച്ചിരുന്നു. രണ്ട് വർഷം കൂടി അഡീഷണൽ ജഡ്‌ജിയായി തുടരാനും കൊളീജിയം ശുപാർശ ചെയ്‌തു. എന്നാൽ കേന്ദ്രസർക്കാർ ഇടപെട്ടതോടെയാണ് ഇത് ഒരുവർഷമായി ചുരുക്കിയത്.
അഡീഷണൽ ജഡ്‌ജിയായി രണ്ട് വർഷം പൂർത്തിയാക്കുന്നവർ പിന്നീട് സ്ഥിരം ജഡ്‌ജിമാരായി മാറുകയാണ് പതിവ്. എന്നാൽ രണ്ട് പോക്‌സോ കേസുകളിൽ തുടർച്ചയായി വിവാദ ഉത്തരവ് പുറപ്പെടുവിച്ചതാണ് കൊളീജിയത്തിനെ മറ്റൊരു തീരുമാനത്തെ കുറിച്ച് ചിന്തിക്കാൻ ഇടയാക്കിയത്.
Also Read 'മാറിടത്തിൽ പിടിക്കുന്നതെല്ലാം പോക്സോപ്രകാരം ലൈംഗികാതിക്രമമാകില്ല'; ബോംബെ ഹൈക്കോടതി
പന്ത്രണ്ട് വയസുകാരിയായ കുട്ടിയെ പീഡിപ്പിച്ച 39കാരന് സെഷൻസ് കോടതി നൽകിയ മൂന്ന് വർഷം തടവ് ശിക്ഷ റദ്ദാക്കിക്കൊണ്ടുളള ഉത്തരവിൽ ശരീരഭാഗങ്ങൾ പരസ്‌പരം ചേരാതെ ഒരു പെൺകുട്ടിയുടെ മാറിടത്തിൽ സ്‌പർശിക്കുന്നത് ലൈംഗിക അതിക്രമമല്ല എന്നായിരുന്നു ജസ്‌റ്റിസ് പുഷ്‌പയുടെ ആദ്യ വിവാദ വിധിപ്രസ്‌താവം. പീഡനത്തെ പ്രതിരോധിക്കുന്ന ഇരയെ വസ്‌ത്രമഴിച്ച് ഒരാൾക്ക് തനിയെ പീഡിപ്പിക്കാൻ സാധിക്കില്ലെന്നായിരുന്നു രണ്ടാമത്തെ വിവാദ വിധിപ്രസ്‌താവന. രണ്ട് വിധികളും ജനുവരി 27ന് സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. വിധി അപകടകരമായ കീഴ്‌വഴക്കങ്ങളുണ്ടാക്കുമെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കോടതിയിൽ അറിയിച്ചു.
ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്‌റ്റിസുമാരായ എൻ.വി രമണ, ആർ.എഫ് നരിമാൻ എന്നിവരാണ് സുപ്രീംകോടതി കൊളീജിയത്തിലെ അംഗങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bombay high court, Pocso act, Pocso case, Sexual abuse, Sexual assault, Supreme court