• HOME
 • »
 • NEWS
 • »
 • india
 • »
 • സ്ത്രീകളെ കടത്തി ഉന്നതർക്ക് കാഴ്ച വയ്ക്കുന്നത് മുതൽ ബിജെപി ബന്ധം വരെ; 'സാൻട്രോ'രവിയ്ക്കെതിരെ എച്ച്ഡി കുമാരസ്വാമി

സ്ത്രീകളെ കടത്തി ഉന്നതർക്ക് കാഴ്ച വയ്ക്കുന്നത് മുതൽ ബിജെപി ബന്ധം വരെ; 'സാൻട്രോ'രവിയ്ക്കെതിരെ എച്ച്ഡി കുമാരസ്വാമി

ജെഡിഎസും ബിജെപിയും തമ്മിലുള്ള വാക്പോരിനിടയിൽ കർണാടക മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമിയാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തുകൾ നടത്തിയിരിക്കുന്നത്.

 • Share this:

  ജാഗ്വാർ, മെഴ്‌സിഡസ്, ബിഎംഡബ്ല്യു എന്നിവ വിലകൂടിയ ആഢംബര കാറുകളാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ നിരവധി മനുഷ്യക്കടത്ത് കേസുകളിലേയും പീഡനക്കേസുകളിലേയും പ്രതിയായ സാൻട്രോ രവി വിവിധ രാജ്യങ്ങളിൽ നിന്നും പ്രമുഖർക്ക് കാഴ്ച്ചവയ്ക്കാൻ എത്തിക്കുന്ന സ്ത്രീകൾക്കിടുന്ന കോഡുകളാണ് ഈ പേരുകൾ

  ജെഡിഎസും ബിജെപിയും തമ്മിലുള്ള വാക്പോരിനിടയിൽ കർണാടക മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമിയാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തുകൾ നടത്തിയിരിക്കുന്നത്. ഇതോടെ സാൻട്രോ രവി വാർത്തകളിൽ നിറഞ്ഞു.

  ബിജെപിയുടെ സജീവ പ്രവർത്തകനാണെന്ന് അവകാശപ്പെട്ട് ബെംഗളൂരുവിലെ രാജരാജേശ്വരി നഗർ പോലീസ് സ്‌റ്റേഷനിലേയ്ക്ക് സാൻട്രോ രവി കത്തെഴുതിയിട്ടുണ്ടെന്ന ആരോപണവും ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി ഉന്നയിച്ചു.

  Also read-പട്ടിയെ പേടി; ഫുഡ് ഡെലിവറി ബോയ് മൂന്നാം നിലയിൽ നിന്നും താഴേക്കു ചാടി

  ആരോപണങ്ങൾ

  പണമിടപാട് തട്ടിപ്പ് നടത്തി എന്നാരോപിച്ച് ജഗദീഷ് എന്നയാൾ ആർആർ നഗർ പോലീസ് സ്റ്റേഷനിൽ സാൻട്രോ രവിക്കെതിരെ ഒരു കേസ് കൊടുത്തിരുന്നു. ഇതിനെ തുടർന്ന് തന്റെ രാഷ്ട്രീയ ബന്ധങ്ങൾ വിവരിച്ച് സാൻട്രോ രവി പോലീസിന് കത്തെഴുതി. തനിക്ക് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ കഴിയുമെന്നും അങ്ങനെ താൻ സ്ഥലം മാറ്റിയ ചില പോലീസ് ഉദ്യോഗസ്ഥരുടെ പേരുൾപ്പെടെ സാൻട്രോ രവി കത്തിൽ പരാമർശിച്ചിരുന്നുവെന്നും കുമാരസ്വാമി പറയുന്നു. ആ കത്ത് തന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഉള്ളടക്കം അദ്ദേഹം പുറത്തി വിടുകയും ചെയ്തു.

  ‘ഞാൻ മൂന്ന് നാല് വർഷമായി ബിജെപി പ്രവർത്തകനാണ്. ഞങ്ങളുടെ പാർട്ടിയിലെ എംഎൽഎമാരുമായും മന്ത്രിമാരുമായും എനിക്ക് അടുത്ത ബന്ധമുണ്ട്. അതിനാൽ ഞാൻ നിരവധി പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്,” ആരോപണവിധേയമായ കത്തിൽ നിന്ന് സാൻട്രോ രവിയെ ഉദ്ധരിച്ച് കുമാരസ്വാമി പറഞ്ഞു.

  Also read-ബസ്മതി അരിയ്ക്ക് തിരിച്ചറിയൽ മാനദണ്ഡങ്ങൾ വിജ്ഞാപനം ചെയ്തു; ഓഗസ്റ്റ് ഒന്നുമുതൽ നടപ്പാക്കും

  സാൻട്രോ രവിയുടെ വളർച്ച

  പോലീസ് വകുപ്പിലെ ഒരു ഉന്നതൻ ന്യൂസ് 18 നോട് പറഞ്ഞത് അനുസരിച്ച് “കഴിഞ്ഞ പത്ത് വർഷത്തിനിടെസാൻട്രോ രവി വിവിധ രാഷ്ട്രീയ പാർട്ടികളിലുള്ള ഉന്നത നേതാക്കളുമായും മന്ത്രിമാരുമായും അടുത്ത ബന്ധം പുലർത്തുന്നത് ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. സർക്കാരിലെ പലരുടെയും ഇടനിലക്കാരൻ, ബിനാമി എന്ന നിലയിലെല്ലാം സാൻട്രോ രവി വളരെ ശക്തനായിരുന്നു. തന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ മൈസൂരുവിനു പുറത്തായിരുന്നുവെങ്കിലും, തനിക്കെതിരെ പോലീസ് കേസ് ഫയൽ ചെയ്യുമ്പോൾ രാഷ്ട്രീയക്കാരെ ഉപയോഗിച്ച് അയാൾ രക്ഷപ്പെടുമായിരുന്നു. രാഷ്ട്രീയക്കാർക്കും വ്യവസായികൾക്കും ഉന്നത നേതാക്കൾക്കും രവി സ്ത്രീകളെ എത്തിച്ച് നൽകുകയും ഭാവി ആവശ്യങ്ങൾക്കായി അവരെ കുറിച്ചുള്ള വിവരങ്ങളും രേഖകളും തന്റെ സ്വകാര്യ ഡയറിയിൽ രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. കാലക്രമേണ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതുൾപ്പെടെയുള്ള തന്റെ ആവശ്യങ്ങൾ സാധിച്ചെടുക്കാൻ സാൻട്രോ രവി ഇത്തരത്തിലുള്ള “ഹണി ട്രാപ്പിംഗ്” വിവരങ്ങൾ ഉപയോഗിച്ചു എന്ന് വേണം കരുതാൻ.

  അതേസമയം കുമാരസ്വാമിയെപ്പോലുള്ള നേതാക്കൾ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഇത്തരം അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്ന് മുതിർന്ന ബിജെപി മന്ത്രി പറഞ്ഞു. “ അയാൾ അത്ര ശുദ്ധനല്ല, അദ്ദേഹത്തിനും മറയ്ക്കാൻ നിരവധി കാര്യങ്ങളുണ്ട്. പക്ഷേ, അദ്ദേഹം മലർന്ന് കിടന്ന് തുപ്പുകയാണ്. അത് അദ്ദേഹത്തിന്റെ മുഖത്ത് തന്നെ പതിക്കുമെന്ന് മറക്കരുത് ” മന്ത്രി മുന്നറിയിപ്പ് നൽകി.

  Also read-ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബരക്രൂസ് എംവി ഗംഗാവിലാസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

  ശുദ്ധ രാഷ്ട്രീയനാടകമെന്ന് നിരീക്ഷകർ

  കർണാടകയിൽ ഇപ്പോൾ വലിയ രാഷ്ട്രീയ ചേരിതിരിവാണ് നടക്കുന്നത്. എന്നിരുന്നാലും, സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സമയത്ത് ഇത് എന്തെങ്കിലും രാഷ്ട്രീയ സ്വാധീനം ചെലുത്തുമോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്ന ഉറച്ച മറുപടിയാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്നത്.

  തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ രാഷ്ട്രീയ പാർട്ടികൾ ഇത്തരം രീതികൾ സാധാരണ ഉപയോഗിക്കാറുള്ളതാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ സന്ദീപ് ശാസ്ത്രി പറയുന്നു. “ഒരു പ്രത്യേക പാർട്ടിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളെ കുറിച്ച് കർണാടകയിലെ വോട്ടർക്ക് നല്ല ധാരണയുണ്ടെന്ന് ഞാൻ കരുതുന്നു. അത്തരം നാടകങ്ങളിൽ അവർ വീഴുമെന്ന് ഞാൻ കരുതുന്നില്ല. രാഷ്ട്രീയ പാർട്ടികൾ പത്രങ്ങളുടെ തലക്കെട്ടുകളിൽ നിലനിൽക്കാൻ ഇതൊക്കെ ഉപയോഗിച്ചേക്കാം” ശാസ്ത്രി ന്യൂസ് 18-നോട് പറഞ്ഞു.

  മെഴ്‌സിഡസ് മുതൽ ജാഗ്വാർ വരെ, സാൻട്രോ രവിയുടെ നിയമവിരുദ്ധ പ്രവർത്തങ്ങളുടെ ചരിത്രം

  കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ നിന്നുള്ള കെഎസ് മഞ്ജുനാഥ് എന്ന സാൻട്രോ രവി സംസ്ഥാന എക്സൈസ് വകുപ്പിലെ മുൻ ഉദ്യോഗസ്ഥന്റെ മകനാണ്. 1995 മുതൽ മനുഷ്യക്കടത്തുകാരനായി സജീവമായി പ്രവർത്തിക്കുന്നതായി പോലീസ് റിപ്പോർട്ടുകൾ പറയുന്നു. 1988-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും അത് മറച്ചുവെക്കാൻ ശ്രമിച്ചതുമാണ് ആദ്യം പിടിയിലായ കേസ് എന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ കേസിൽഒളിവിലായിരുന്ന മഞ്ജുനാഥ് ( അന്ന് സാൻട്രോ രവി എന്ന പേര് ലഭിച്ചിട്ടില്ല) പിന്നീട് സ്ത്രീകൾക്ക് ജോലി വാഗ്ദാനം ചെയ്ത് അവരെ മനുഷ്യക്കടത്തിലേക്കും വേശ്യാവൃത്തിയിലേയ്ക്കും തള്ളിവിട്ടു.

  Also read-മഹാരാഷ്ട്രയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം; 17 പേരുടെ നില ഗുരുതരം

  അക്കാലത്ത് പുതുതായി പുറത്തിറക്കിയ സാൻട്രോ കാർ മഞ്ജുനാഥ് സ്വന്തമാക്കി. ആ കാറിൽ ഇരുന്നാണ് തന്റെ അനധികൃത മനുഷ്യകടത്ത് ബിസിനസ്സ് നടത്തിയിരുന്നത്, അങ്ങനെയാണ് മഞ്ജുനാഥ് ‘സാൻട്രോ രവി’ എന്നറിയപെടാൻ തുടങ്ങിയത്.

  ” 2000-ഓടെ, സാൻട്രോ കാർ വളരെ ജനപ്രിയമായിത്തീരുകയും, മഞ്ജുനാഥ് അതൊരെണ്ണം സ്വന്തമാക്കുകയും ചെയ്തു. ആ കാർ അക്ഷരാർത്ഥത്തിൽ മഞ്ജുനാഥിന്റെ സഞ്ചരിക്കുന്ന ഓഫീസായിരുന്നു, എല്ലാ ഇടപാടുകളും അതിൽ നടക്കും, ” സാൻട്രോ രവിയുടെ മനുഷ്യക്കടത്ത് സംഘത്തെ നിരീക്ഷിക്കുകയും കേസെടുക്കുകയും ചെയ്ത സീനിയർ റിട്ടയേർഡ് പോലീസ് സൂപ്രണ്ട് എസ് കെ ഉമേഷ് വെളിപ്പെടുത്തി.

  “സാൻട്രോ കാർ അന്ന് വിപണിയിൽ പുതിയതായിരുന്നു. പൊലീസ് പിന്തുടരുന്ന സാഹചര്യത്തിൽ സാൻട്രോ വേഗത്തിൽ ഓടിച്ച് അയാൾ പോലീസിൽ നിന്ന് രക്ഷപ്പെടുമായിരുന്നു” ഉമേഷ് ന്യൂസ് 18 നോട് പറഞ്ഞു.

  രവിയുടെ പ്രവർത്തനങ്ങൾ പതുക്കെ മൈസൂരിൽ നിന്ന് ബെംഗളൂരു നഗരത്തിലേക്ക് മാറുകയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും സ്വകാര്യ പാർട്ടികൾക്കായി സ്ത്രീകളെ എത്തിക്കാൻ തുടങ്ങുകയും ചെയ്തു.

  Also read-‘മോദിക്കെതിരെ എഴുതാൻ ആവശ്യപ്പെട്ടു; ലൈം​ഗികച്ചുവയോടെ സംസാരിച്ചു’; പാക് ഹൈക്കമ്മീഷൻ ഉദ്യോ​ഗസ്ഥർക്കെതിരെ യുവതി

  തന്റെ പ്രവർത്തനരീതിയുടെ ഭാഗമായി, സ്ത്രീകളെ കൊണ്ടുവരുന്ന രാജ്യങ്ങൾക്ക് കോഡുകൾ നൽകിയിരുന്നതായി എസ് കെ ഉമേഷ് പറയുന്നു. “കസാക്കിസ്ഥാനിൽ നിന്നുള്ള സ്ത്രീകളെ മെഴ്‌സിഡസ് ബെൻസ് എന്നാണ് വിളിച്ചിരുന്നത്. അവർ ഉയരമുള്ളവരും മെലിഞ്ഞവരുമാണ്. മലേഷ്യയിൽ നിന്നും സിംഗപ്പൂരിൽ നിന്നുമുള്ളവരെ ഓഡി എന്നാണ് വിളിച്ചിരുന്നത്. ബംഗ്ലാദേശിലും വടക്കുകിഴക്കൻ രാജ്യങ്ങളിൽ നിന്നും രവി കടത്തിയ സ്ത്രീകൾക്ക് ജാഗ്വാർ, ബിഎംഡബ്ല്യു എന്നിങ്ങനെ ആയിരുന്നു കോഡ് നൽകിയിരുന്നത്” അദ്ദേഹം പറഞ്ഞു.

  “രവിയുടെ ശൃംഖല വളരെ ശക്തമാണെന്നും കഴിഞ്ഞ അഞ്ചോ ആറോ വർഷത്തിനുള്ളിൽ, അയാൾ പോലീസ് സേനയ്ക്ക് ‘തൊടാൻ’ കഴിയാത്തവിധം വളർന്നുവെന്നും ” ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

  2010 നും 2014 നും ഇടയിൽ സെക്സ് റാക്കറ്റ് നടത്തിയതിന് സാൻട്രോ രവിക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മൈസൂരു ആസ്ഥാനമായുള്ള എൻജിഒ ആയ ഓടനാടി സേവാ സംസ്തേയുടെ ജീവനക്കാർ പറയുന്നു.

  “രവിക്ക് ബെംഗളൂരുവിലെ നിരവധി റൗഡി ഗുണ്ടാസംഘങ്ങളുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. , പോലീസ് തന്റെ ഓപ്പറേഷൻ റെയ്ഡ് ചെയ്യാൻ പോകുകയാണെന്ന വിവരം അയാൾക്ക് മുൻകൂട്ടി കിട്ടുമായിരുന്നു. വിവരം കിട്ടിയാൽ ഉടൻ ഒളിവിൽ പോകുന്നതാണ് രീതി” ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

  2005-ലെ ഒരു സംഭവവും എസ്കെ. ഉമേഷ് ഓർത്തെടുത്തു. സാൻട്രോ രവി മനുഷ്യക്കടത്തിന് മൈസൂരിൽ അറസ്റ്റിലായതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. “രാത്രിയിൽ രവിയെ അറസ്റ്റ് ചെയ്തു, മതിയായ തെളിവുകളും ഉണ്ടായിരുന്നു. എന്നാൽ, രാവിലെയോടെ കാര്യങ്ങൾ മാറിമറിഞ്ഞു, രവിയെ രാത്രി തടഞ്ഞുവച്ചതിന് ലോക്കൽ ഇൻസ്പെക്ടർക്കെതിരെ ആരോപണങ്ങൾ ഉയർന്നു ” അദ്ദേഹം പറഞ്ഞു.

  പോലീസ് നിയമം ലംഘിച്ചുവെന്ന് വരുത്തിത്തീർക്കാൻ രവി ചരടുവലിച്ചതിനാലാണ് പോലീസ് ഉദ്യോഗസ്ഥനെ അന്ന് സസ്‌പെൻഡ് ചെയ്തതെന്നും ഉമേഷ് കൂട്ടിച്ചേർത്തു. “എന്തുകൊണ്ടാണ് സാൻട്രോ രവിയെ പകൽ അറസ്റ്റ് ചെയ്യാത്തതെന്നും രാത്രി അറസ്റ്റ് ചെയ്തതിലൂടെ സാൻട്രോ രവിയുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്നുമായിരുന്നു അന്നത്തെ വാദം. അയാളുടെ ബന്ധങ്ങൾ അത്ര വലുതായിരുന്നു.

  രവിയുടെ ശക്തി രാഷ്ട്രീയ സ്വാധീനമാണോ ?

  കഴിഞ്ഞ ഏതാനും വർഷങ്ങളായി മന്ത്രിമാരുമായുള്ള രവിയുടെ ഇടപെടലുകൾ വർധിച്ചു വരികയാണെന്ന് രവിയുടെ പ്രവർത്തനരീതി അടുത്തറിയുന്നവർ പറയുന്നു. സാൻട്രോ പ്രമുഖ മന്ത്രിമാർക്കൊപ്പം നടക്കുന്നതും അവരോടൊപ്പം പരിപാടികളിൽ പങ്കെടുക്കുന്നതും അവർക്കൊപ്പമുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതും കാണാം.

  “താൻ എത്ര ശക്തനാണെന്ന് കാണിക്കാൻ ഈ ഫോട്ടോകൾ ഉപയോഗിക്കുകയും പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും,” റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

  ഈ ഫോട്ടോകളിൽ ചിലത് അടുത്തിടെ പ്രതിപക്ഷം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ഭരണകക്ഷിയായ ബിജെപിയെ കുഴപ്പത്തിലാക്കുകയും ചെയ്തു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്, സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര, ആരോഗ്യ മന്ത്രി ഡി കെ സുധാകർ, ബൊമ്മൈയുടെ മകൻ ഭരത് തുടങ്ങി ബസവരാജ് ബൊമ്മൈ മന്ത്രിസഭയിലെ മന്ത്രിമാരും ബന്ധുക്കൾക്കുമൊപ്പമുള്ള രവിയുടെ ചിത്രങ്ങളും ബന്ധങ്ങളുമാണ് കുമാരസ്വാമി പുറത്തുവിട്ടത്.

  എന്നാൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഈ ഫോട്ടോഗ്രാഫുകൾ വ്യാജമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് ചെയ്തത്.

  ഫോട്ടോഗ്രാഫുകൾക്ക് പുറമേ, സ്ഥലംമാറ്റം ആവശ്യപ്പെടുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനും രവിയും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോയും കുമാരസ്വാമി പുറത്തുവിട്ടു. ഓഡിയോയിൽ രവി പറയുന്നത് ഇങ്ങനെയാണ്: “മുഖ്യമന്ത്രി പോലും എന്നെ സർ എന്നാണ് വിളിക്കുന്നത്. നിങ്ങൾ ഒരു ഡെപ്യൂട്ടി സൂപ്രണ്ട് മാത്രമാണ്. എന്നെ അഭിസംബോധന ചെയ്യുമ്പോൾ നിങ്ങളുടെ വായിൽ നിന്ന് വരേണ്ടത് സർ എന്ന വാക്കാണ്. ഓഡിയോയുടെ ഉറവിടം വ്യക്തമല്ലാത്തതിനാൽ പോലീസ് ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

  സഹകരണ മന്ത്രി എസ് ടി സോമശേഖറുമായി രവി സംസാരിക്കുന്നതായി കാണിക്കുന്ന വീഡിയോയും കുമാരസ്വാമി പുറത്തുവിട്ടു. 2019ലെ കർണാടക രാഷ്ട്രീയ പ്രതിസന്ധി സമയത്ത് ബലാത്സംഗക്കേസ് പ്രതിയും നിരവധി മനുഷ്യക്കടത്ത് കേസുകളിൽ പ്രതിയുമായ സാൻട്രോ രവിയാണ് മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തമ്പടിച്ചിരുന്ന കോൺഗ്രസ് എംഎൽഎമാരുടെ സംഘത്തിന് സ്ത്രീകളെ എത്തിച്ചതെന്നും ജെഡിഎസ് നേതാവ് ആരോപിച്ചു.

  വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം മൂലമാണ് കുമാരസ്വാമി ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് സംസ്ഥാന സഹകരണ മന്ത്രി സോമശേഖർ പറഞ്ഞു.

  പ്രമുഖർ ഉൾപ്പെട്ട ഓഡിയോ, സെക്‌സ് ടേപ്പുകൾ എന്നിവ പ്രതികളുടെ കൈവശം ഉണ്ടാകാമെന്നും അത് രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കാമെന്നും സാൻട്രോ രവിക്കായി തിരച്ചിൽ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.

  സാൻട്രോ രവിയ്ക്കായി തിരച്ചിൽ

  രവിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും കർണാടക പോലീസ് തിരച്ചിൽ ആരംഭിച്ചു. ഇയാൾ ആൻഡമാനിലേക്ക് പലായനം ചെയ്തിരിക്കാം എന്നാണ് പോലീസ് രഹസ്യമായി പങ്കുവയ്ക്കുന്ന വിവരം. ഇയാളെ കണ്ടെത്താൻ പോലീസ് സംഘത്തെ ആൻഡമാനിലേയ്ക്കും അയച്ചിട്ടുണ്ട്.

  ബലാത്സംഗ, അതിക്രമക്കേസിലെ പ്രതിയായ രവി രാജ്യം വിടാതിരിക്കാൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ലോ ആൻഡ് ഓർഡർ) അലോക് കുമാർ പറഞ്ഞു. സാൻട്രോ രവി പോലീസിന്റെ വലയിൽ വീഴും വരെ മൈസൂരിൽ ക്യാമ്പ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

  പ്രതികളെ കണ്ടെത്തുന്നതിനായി ചാമരാജനഗര, മൈസൂരു റൂറൽ, മാണ്ഡ്യ, രാമനഗരം, ബെംഗളൂരു റൂറൽ, നഗരപ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ നാല് പ്രത്യേക പോലീസ് സംഘങ്ങൾ രൂപീകരിച്ച് വ്യന്യസിച്ചിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും രാജരാജേശ്വരി നഗറിലെ വീട്ടിൽ റെയ്ഡ് നടത്തുകയും ചെയ്‌ത പോലീസ് ഇയാളുടെ നീക്കങ്ങൾ ട്രാക്കുചെയ്യുന്നതിന് ഡിജിറ്റൽ തെളിവുകളും ശേഖരിക്കുന്നുണ്ട്.

  2005ൽ ഡിജിപി സൂദ് സാൻട്രോ രവിയെ കസ്റ്റഡിയിലെടുത്തിരുന്നു.

  കർണാടക ഡിജിപി പ്രവീൺ സൂദ്, ന്യൂസ് 18-നോട് സംസാരിക്കവേ, രവിക്കെതിരെ കർണാടകയിൽ 21 കേസുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നും രവിയെ അറസ്റ്റ് ചെയ്യാനായുള്ള തിരച്ചിൽ ഊർജിതമാണെന്നും പറഞ്ഞു. 2005ൽ മൈസൂർ പോലീസ് കമ്മീഷണറായിരിക്കെ രവിക്കെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ്.

  സമീപകാലത്തെ കേസ്

  കോട്ടൺപേട്ട് പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്ടറായ പ്രവീൺ, രണ്ട് സ്ത്രീകൾക്കെതിരെ കള്ളക്കേസ് ചുമത്താൻ രവിയുമായി ഒത്തുകളിച്ചുവെന്ന് പോലീസിന്റെ ആഭ്യന്തര അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് കർണാടക പോലീസ് ഇയാളെ തിരയുന്നത്. ഈ രണ്ട് സ്ത്രീകളെയും ബംഗളൂരു സെൻട്രൽ ജയിലിൽ 20 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

  ജയിൽ മോചിതയായ സ്ത്രീകളിലൊരാൾ താൻ രവിയുടെ ഭാര്യയാണെന്ന് പോലീസിനോട് പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്താൻ രവി ചില വീഡിയോകളും ഫോട്ടോകളും എടുത്തിരുന്നുവെന്നും പിന്നീട് അവർ ആരോപിച്ചു. സഹകരിച്ചില്ലെങ്കിൽ തനിക്കെതിരെ കള്ളക്കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായുംജയിലിലടച്ചെന്നും അവർ കൂട്ടിച്ചേർത്തു.

  പോലീസ് സാൻട്രോ രവിയെ കുരുക്കാൻ വല വിരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ കുമാരസ്വാമി നടത്താൻ പോകുന്ന ജീവന്മരണ പോരാട്ടത്തിന്റെ സൂചനയായാണ് സാൻട്രോ രവി വിഷയത്തെരാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

  Published by:Sarika KP
  First published: