• HOME
  • »
  • NEWS
  • »
  • india
  • »
  • Nirmala Sitharaman | വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍; നിര്‍മ്മല സീതാരാമന്‍റെ 5 സുപ്രധാന പ്രഖ്യാപനങ്ങള്‍

Nirmala Sitharaman | വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍; നിര്‍മ്മല സീതാരാമന്‍റെ 5 സുപ്രധാന പ്രഖ്യാപനങ്ങള്‍

രാജ്യത്ത് പണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തിലാണ് ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറയ്ക്കുവാൻ കേന്ദ്രം തീരുമാനിച്ചത്

  • Share this:
    രാജ്യത്ത് കുതിച്ചുയരുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനായി പെട്രോള്‍,ഡീസല്‍ എന്നിവയുടെ എക്സൈസ് തീരുവ വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. പെട്രോൾ ലിറ്ററിന് യഥാക്രമം 8 രൂപയും ഡീസലിന് 6 രൂപയുമാണ് എക്സൈസ് തീരുവയിൽ കുറവ് വരുത്തിയത്. ഇതോടെ ഫലത്തിൽ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും. പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. ഇന്ധനവിലയക്ക് പുറമെ പാചകവാതക വിലയിലും കുറവ് വരുത്തിയിട്ടുണ്ട്.

    രാജ്യത്ത് പണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തിലാണ് ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറയ്ക്കുവാൻ കേന്ദ്രം തീരുമാനിച്ചത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തിയ 5 സുപ്രധാന പ്രഖ്യാപനങ്ങള്‍..

    ഇന്ധന - പാചക വാതക വില

    പെട്രോൾ ലിറ്ററിന് 9.50 രൂപ കുറയും. ഡീസൽ ലിറ്ററിന് 8 രൂപ കുറയും. കേന്ദ്ര എക്സൈസ് തീരുവ കുറച്ചതോടെയാണിത്. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയുമാണ് എക്സൈസ് തീരുവ കുറച്ചത്. ഇതോടെയാണ് പെട്രോൾ ലിറ്ററിന്  9.50 രൂപയുടെയും ഡീസൽ ലിറ്ററിന് എട്ട് രൂപയുടെയും കുറവുണ്ടാവുന്നത്. പാചക വാതകത്തിന് സബ്സിഡി വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതി മുഖാന്തരമാണ് സബ്സിഡി ലഭിക്കുന്നത്.  സിലിണ്ടറിന് 200 രൂപ എന്ന കണക്കിൽ പരമാവധി 12 സിലിണ്ടറുകൾക്കാണ് സബ്സിഡി ലഭിക്കുക.

    വളങ്ങളും കീടനാശിനികളും

    കാർഷിക രംഗത്ത് ചെലവുയരുന്ന സാഹചര്യത്തിൽ വളങ്ങൾക്ക് സബ്സിഡി നൽകുന്നത് ഉയർത്തി.  ഈ വര്‍ഷത്തെ ബജറ്റില്‍ 1.05 ലക്ഷം കോടിയാണ് വളം സബ്സിഡിയായി നീക്കിവെച്ചത്. ഒരു ലക്ഷം കോടി രൂപ കൂടി സബ്സിഡിയായി നൽകും. ഇതോടെ വളത്തിന്റെ വില കുറയും.

    പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ 

    പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ അസംസ്കൃത വസ്തുക്കളുടെയും അനുബന്ധ ഘടകങ്ങളുടെയും ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ കുറയ്ക്കും.  പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ ഇറക്കുമതിയെ ഇന്ത്യ വൻതോതിൽ  ആശ്രയിക്കുന്നതായി കേന്ദ്രമന്ത്രി പറയുന്നു.

    ഇരുമ്പ് - ഉരുക്ക് 

    ഇരുമ്പിന്റെയും ഉരുക്കിന്റെയും അനുബന്ധ ഘടകങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് തീരുവ കുറയ്ക്കാൻ തീരുമാനമുണ്ട്. ഈ മേഖലയിൽ കയറ്റുമതിക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

    സിമന്‍റ് 

    നിർമ്മാണ മേഖലയിലും ചെലവ് ചുരുക്കാൻ കേന്ദ്രം ഇടപെടുന്നുണ്ട്. സിമന്റ് ലഭ്യത ഉറപ്പാക്കാനും സിമന്റ് വില കുറയ്ക്കാനുമാണ് ശ്രമം. സിമന്റ് മേഖലയിൽ ചരക്ക് ഗതാഗതം സുഗമമാക്കാനും ഇടപെടുമെന്നും കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു.

    “ഞങ്ങൾ പെട്രോളിന്റെ കേന്ദ്ര എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് ലിറ്ററിന് 6 രൂപയും കുറയ്ക്കുന്നു. ഇതോടെ പെട്രോൾ വില ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും,” നിർമല സീതാരാമൻ ട്വിറ്ററിൽ പറഞ്ഞു. ഇത് കേന്ദ്ര സർക്കാരിന് പ്രതിവർഷം ഒരു ലക്ഷം കോടി രൂപയോളം വരുമാന നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. എന്നാൽ, നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റതുമുതൽ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി അർപ്പണബോധത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

    Also Read- കേരളവും ഇന്ധന നികുതി കുറയ്ക്കും; കേന്ദ്ര സർക്കാർ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

    യുക്രെയ്ൻ സംഘർഷം മൂലമുണ്ടായ വിതരണ ശൃംഖലയിലെ തടസ്സങ്ങളും കോവിഡ് -19 മഹാമാരിയിൽ നിന്ന് ലോകം കരകയറുന്നതും കണക്കിലെടുത്താണ് സീതാരാമൻ പ്രഖ്യാപനം നടത്തിയത്. ഈ രണ്ട് സംഭവങ്ങളും പല രാജ്യങ്ങളിലും പണപ്പെരുപ്പത്തിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായെന്ന് അവർ പറഞ്ഞു.

    അതിനാൽ, വെല്ലുവിളി നിറഞ്ഞ അന്താരാഷ്ട്ര സാഹചര്യം കണക്കിലെടുത്ത് അവശ്യ വസ്തുക്കളുടെ വില നിയന്ത്രണത്തിൽ നിലനിർത്താൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും സീതാരാമൻ പറഞ്ഞു.
    Published by:Arun krishna
    First published: