• HOME
 • »
 • NEWS
 • »
 • india
 • »
 • Twin Tower Demolition | നോയിഡയിലെ ഫ്ലാറ്റ് പൊളിക്കൽ അൽപ സമയത്തിനകം; ഒരുക്കങ്ങൾ പൂർണം

Twin Tower Demolition | നോയിഡയിലെ ഫ്ലാറ്റ് പൊളിക്കൽ അൽപ സമയത്തിനകം; ഒരുക്കങ്ങൾ പൂർണം

കുത്തബ് മിനാറിനേക്കാള്‍ ഉയരമുള്ള ഈ ടവറുകള്‍ ഇന്ത്യയില്‍ ഇതുവരെ പൊളിച്ച് നീക്കുന്നതിൽ വെച്ച് ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്.

 • Last Updated :
 • Share this:
  നോയിഡയിലെ  (Noida) സൂപ്പര്‍ടെക് (Supertech) ഇരട്ട ഗോപുരങ്ങള്‍ പൊളിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർണം. ഉച്ചയ്ക്ക് 2.30 ഓടെയാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ കെട്ടിടങ്ങൾ തകർക്കുക. സെക്‌ടർ 93 എയിലെ അപെക്‌സ്, സെയാനിൻ എന്നീ ഫ്ലാറ്റുകളാണ് തകർക്കുക. 3700 കിലോ സ്‌ഫോടക വസ്‌തുവാണ് ഉപയോഗിച്ചാണ് സ്ഫോടനം.

  10 പേരടങ്ങുന്ന പൊളിക്കൽ സംഘവും ഇതിനായി സജ്ജമാണ്. സ്ഫോടനം നടന്ന് വെറും 15 സെക്കന്‍ഡുകൾക്കുള്ളിൽ ഫ്ലാറ്റ് തകർന്നു വീഴും. 100 മീറ്ററോളം ഉയരമുള്ള ടവറുകളാണിവ. കുത്തബ് മിനാറിനേക്കാള്‍ ഉയരമുള്ള ഈ ടവറുകള്‍ ഇന്ത്യയില്‍ ഇതുവരെ പൊളിച്ച് നീക്കുന്നതിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്. അതിനാല്‍ സൂപ്പര്‍ടെക് ഇരട്ട ഗോപുരങ്ങളെക്കുറിച്ചും പൊളിച്ച് നീക്കുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും വിശദമായി അറിയാം.

  സൂപ്പര്‍ടെക് ഇരട്ട ഗോപുരങ്ങള്‍ സ്ഥിതി ചെയ്യുന്നത് എവിടെ?40 നിലകളുള്ള ഇരട്ട ഗോപുരങ്ങള്‍ (അപെക്സും സെയാനെയും) ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് വേയ്ക്ക് സമീപം നോയിഡയിലെ സെക്ടര്‍ 93 എയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ രണ്ട് ടവറുകളിലുമായി 900-ലധികം ഫ്‌ളാറ്റുകളാണ് ഉള്ളത്. നോയിഡയിലെ സൂപ്പര്‍ടെക്കിന്റെ എമറാള്‍ഡ് കോര്‍ട്ട് പദ്ധതിയുടെ ഭാഗമാണ് ഇവ. രണ്ട് ടവറുകളും ചേര്‍ന്ന് ഏകദേശം 7.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്.

  ഇരട്ട ഗോപുരങ്ങള്‍ പൊളിക്കുന്നത് എപ്പോള്‍?
  ആഗസ്റ്റ് 28ന് ഉച്ചയ്ക്ക് 2.30നാണ് ഇരട്ട ഗോപുരങ്ങള്‍ പൊളിച്ച് നീക്കുന്നത്.

  ടവറുകള്‍ പൊളിക്കുന്നതിന് പിന്നിലെ കാരണം?
  2010ലെ യുപി അപ്പാര്‍ട്ട്മെന്റ് നിയമം ലംഘിച്ചാണ് കെട്ടിടം നിർമ്മിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് എമറാള്‍ഡ് കോര്‍ട്ട് ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റിയാണ് നിര്‍മാണത്തിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രകാരമുള്ള അകലം പാലിക്കാതെയാണ് ടവറുകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു.

  യുപി അപ്പാര്‍ട്ട്മെന്റ് നിയമപ്രകാരം വ്യക്തിഗത ഫ്‌ളാറ്റ് ഉടമകളുടെ സമ്മതം വാങ്ങാതെയാണ് ഇവ അനധികൃതമായി നിര്‍മ്മിച്ചതെന്ന് കോടതി റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ടവറുകള്‍ പൊളിക്കാന്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.


  കെട്ടിടം പൊളിക്കുന്നത് ആര്?
  മുംബൈ ആസ്ഥാനമായുള്ള എഡിഫൈസ് എഞ്ചിനീയറിംഗും അവരുടെ ദക്ഷിണാഫ്രിക്കന്‍ പങ്കാളിയായ ജെറ്റ് ഡെമോളിഷന്‍സും ചേര്‍ന്നാണ് സൂപ്പര്‍ടെക് ഫ്ലാറ്റുകൾ പൊളിക്കുന്നത്.

  പൊളിക്കുന്നത് എങ്ങനെ?
  ഇംപ്ലോഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കെട്ടിടങ്ങള്‍ പൊളിക്കുന്നത്. ഇതിനായി 3,700 കിലോ സ്ഫോടക വസ്തുക്കളാണ് കെട്ടിടത്തിനുള്ളില്‍ നിക്ഷേപിച്ചിരിക്കുന്നത്. അപെക്സ് ടവറിന് 11 പ്രധാന സ്ഫോടന നിലകളുണ്ട്. ഇവയിലെ എല്ലാ നിലകളിലും സ്ഫോടകവസ്തുക്കള്‍ ഉറപ്പിക്കും. ഇതിന് പുറമെ ഏഴ് നിലകളില്‍ സ്ഫോടനം നടത്തും. എന്നാല്‍ സെയാനിന് 10 പ്രധാന ബ്ലാസ്റ്റ് ഫ്‌ളോറാണ് ഉള്ളത്.

  പൊളിക്കാന്‍ എടുക്കുന്ന സമയമെത്ര?
  15 സെക്കന്‍ഡാണ് പൊളിക്കാന്‍ വേണ്ടി വരിക. വലിയ ശബ്ദത്തോടെ
  സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കാന്‍ ഒമ്പത് മുതല്‍ 10 സെക്കന്‍ഡ് വരെ എടുക്കുമെന്ന് എഡിഫൈസ് എഞ്ചിനീയറിംഗിലെ ഉദ്യോഗസ്ഥന്‍ ഉത്കര്‍ഷ് മേത്തയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനങ്ങള്‍ക്ക് ശേഷം, ഇത് ഒറ്റയടിക്ക് താഴേക്ക് വീഴില്ല, പൂര്‍ണ്ണമായും കെട്ടിടം നിലംപതിക്കാന്‍ നാലോ അഞ്ചോ സെക്കന്‍ഡ് എടുക്കും. അതേസമയം, പൊടിപടലങ്ങള്‍ പുറന്തള്ളാന്‍ 10 മിനിറ്റ് വരെ സമയം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  പൊളിക്കുന്നതിന്റെ ചെലവ്?
  ഇരട്ട ഗോപുരങ്ങള്‍ പൊളിക്കുന്നതിന് ധാരാളം സ്ഫോടക വസ്തുക്കളും തൊഴിലാളികളും ഉപകരണങ്ങളും ആവശ്യമായതിനാല്‍ 20 കോടിയോളം രൂപ ചെലവ് വരുമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു.

  കെട്ടിട അവശിഷ്ടങ്ങള്‍ എത്രത്തോളം?
  അപെക്സ് (32 നില), സെയാന്‍ (29 നില) എന്നിവ പൊളിക്കുമ്പോള്‍ ഏകദേശം 35,000 ക്യുബിക് മീറ്റര്‍ അവശിഷ്ടങ്ങള്‍ അവശേഷിപ്പിക്കുമെന്നാണ് വിലയിരുത്തൽ.

  പൊളിക്കുന്നതിലൂടെ പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതം?
  കെട്ടിടം പൊളിക്കുന്നത് പൊടിപടലങ്ങള്‍ക്കും ടണ്‍ കണക്കിന് അവശിഷ്ടങ്ങള്‍ക്കും കാരണമാകുമെന്നും ഇത് പരിസ്ഥിതിക്ക് എന്തെങ്കിലും ആഘാതം ഉണ്ടാക്കുമോ എന്ന് ചര്‍ച്ച ചെയ്യപ്പെടണമെന്നും വിദഗ്ധര്‍ പറയുന്നു. ഇതില്‍ നിന്നുണ്ടാകുന്ന പൊടി കണ്ണ്, മൂക്ക്, വായ, ശ്വസനവ്യവസ്ഥ തുടങ്ങിയ അവയവങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വായു മലിനീകരണത്തിന്റെ ഫലങ്ങള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുകയും ആളുകളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുമെന്ന് പരിസ്ഥിതി പ്രവര്‍ത്തക അഭിര്‍ ഭല്ല പറയുന്നു.

  എന്നാല്‍, സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംങ് പ്രൊസീജര്‍ പിന്തുടരുകയും മികച്ച പരിശീലനം നേടിയവരുടെ മേല്‍നോട്ടത്തില്‍ ജോലി നിര്‍വഹിക്കുകയും ചെയ്താല്‍, പൊളിക്കലിന്റെ പരിസ്ഥിതി ആഘാതം വളരെ കുറവായിരിക്കുമെന്ന് എസിജെയിലെ എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് പ്രൊഫസറും എന്‍വയോണ്‍മെന്റ്-ലീഗല്‍ കണ്‍സള്‍ട്ടന്റുമായ ആര്‍ നാഗേന്ദ്രന്‍ പറഞ്ഞു.

  ഫ്ലാറ്റ് പൊളിക്കലിനുള്ള ക്രമീകരണങ്ങൾ എന്തൊക്കെ?
  എമറാള്‍ഡ് കോര്‍ട്ട്, എടിഎസ് വില്ലേജ് സൊസൈറ്റികള്‍ എന്നിവിടങ്ങളില്‍ നിന്ന് 5,000-ത്തിലധികം താമസക്കാരെ ഫ്ലാറ്റ് പൊളിക്കുന്നതിന് മുമ്പ് ഒഴിപ്പിക്കും. ഇവിടുത്തെ താമസക്കാര്‍ രാവിലെ 7.30-ന് സ്ഥലം ഒഴിഞ്ഞാല്‍ മതിയാകും. 2,500ലധികം വാഹനങ്ങള്‍ സൊസൈറ്റിയില്‍ നിന്ന് നീക്കം ചെയ്യും. ഈ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മെട്രോ സ്റ്റേഷനിലെ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കും. ഇരട്ട ഗോപുരത്തിന് സമീപമുള്ള പ്രദേശത്ത് ആളുകള്‍, വാഹനങ്ങള്‍, മൃഗങ്ങള്‍ എന്നിവയുടെ പ്രവേശനം നിയന്ത്രിക്കും.

  നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് വേയില്‍ ഓഗസ്റ്റ് 28-ന് ഉച്ചയ്ക്ക് 2.15 മുതല്‍ 2.45 വരെ വാഹന ഗതാഗതം അനുവദിക്കില്ല. അടിയന്തര സേവനങ്ങള്‍ക്കാവശ്യമായ ഫയര്‍ എന്‍ഞ്ചിനുകളും ആംബുലന്‍സുകളും ഇരട്ട ഗോപുരങ്ങള്‍ക്ക് മുന്നിലുള്ള പാര്‍ക്കിന് പിന്നില്‍ നിര്‍മിച്ച റോഡില്‍ പാര്‍ക്ക് ചെയ്യും. എമറാള്‍ഡ് കോര്‍ട്ടിലെ കിടപ്പിലായ 12 നിവാസികള്‍ക്കുള്ള കിടക്കകള്‍ ഉള്‍പ്പെടെ, സെക്ടര്‍ 137 ലെ ഫെലിക്‌സ് ഹോസ്പിറ്റലില്‍, ഏകദേശം 50 കിടക്കകള്‍ റിസര്‍വ് ചെയ്തിട്ടുണ്ട്.

  അതേസമയം, 10 തൊഴിലാളികള്‍ മാത്രമേ പൊളിക്കുന്ന സ്ഥലത്ത് ഉണ്ടായിരിക്കുകയുള്ളൂ. ഇതില്‍ രണ്ട് പേര്‍ ഇന്ത്യന്‍ ബ്ലാസ്റ്റേഴ്‌സും എഡിഫൈസ് പ്രോജക്ട് മാനേജരുമായ മയൂര്‍ മേത്തയും അവരുടെ ദക്ഷിണാഫ്രിക്കന്‍ വിദഗ്ധ പങ്കാളിയായ ജെറ്റ് ഡെമോളിഷന്റെ ഏഴ് അംഗങ്ങളുമാണ് ഉള്‍പ്പെടുന്നത്.

  ഇതിന് പുറമെ, സുരക്ഷാ കാരണങ്ങളാല്‍ ഓഗസ്റ്റ് 26 മുതല്‍ ഓഗസ്റ്റ് 31 വരെ നഗരത്തില്‍ ഡ്രോണുകളുടെ ഉപയോഗം നിരോധിച്ചുകൊണ്ട് നോയിഡ പോലീസ് ഉത്തരവിറക്കിയിട്ടുണ്ട്. ഈ ഉത്തരവ് ലംഘിക്കുന്നത് ഐപിസി സെക്ഷന്‍ 188 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

  കെട്ടിട അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്നത് എങ്ങനെ?
  2016-ലെ നിര്‍മാണവും പൊളിച്ചുനീക്കലും വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങള്‍ അനുസരിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യും. 1,200 മുതല്‍ 1,300 വരെ ട്രക്ക് ലോഡ് അവശിഷ്ടങ്ങള്‍ സൈറ്റില്‍ നിന്ന് മാറ്റേണ്ടിവരും. നോയിഡ അതോറിറ്റിക്ക് സെക്ടര്‍ 80-ല്‍ 300 ടണ്‍ ശേഷിയുള്ള നിര്‍മ്മാണ, പൊളിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് ഉണ്ട്. അതേസമയം, അവശിഷ്ടങ്ങളുടെ തോത് പരിഗണിക്കുമ്പോള്‍, ഇവിടെ സംസ്‌ക്കരിക്കാന്‍ സാധിക്കുമോ എന്നത് വ്യക്തമല്ലെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

  ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍, പൊളിക്കലിലൂടെ ഏകദേശം 4,000 ടണ്‍ ഇരുമ്പും സ്റ്റീലും ലഭിക്കാന്‍ സാധ്യതയുണ്ട്. ഇത് വിറ്റ് പൊളിക്കുന്നതിനുള്ള ചെലവ് കണ്ടെത്താനാണ് എഡിഫൈസിന്റെ പദ്ധതി. സുരക്ഷ കണക്കിലെടുത്ത് എമറാള്‍ഡ് കോര്‍ട്ടിന്റെയും എടിഎസ് വില്ലേജിന്റെയും സംരക്ഷണത്തിനായി, രണ്ട് സൊസൈറ്റികള്‍ക്കും ജിയോ-ടെക്സ്‌റ്റൈല്‍ കവറിംഗ് നല്‍കിയിട്ടുണ്ട്.

  അതേസമയം, 21,000 ക്യുബിക് മീറ്റര്‍ അവശിഷ്ടങ്ങള്‍ അഞ്ച് മുതല്‍ ആറ് ഹെക്ടര്‍ വരെ വിസ്തൃതിയുള്ള ഒറ്റപ്പെട്ട സ്ഥലത്തേക്ക് നീക്കുമെന്ന് നോയിഡ അതോറിറ്റി ജനറല്‍ മാനേജര്‍ (പ്ലാനിംഗ്) ഇഷ്തിയാഖ് അഹമ്മദിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ശേഷിക്കുന്ന അവശിഷ്ടങ്ങള്‍ ഇരട്ട ഗോപുരത്തിന്റെ ബേസ്മെന്റില്‍ തന്നെ നിരത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

  ഫ്‌ളാറ്റ് വാങ്ങിയവരുടെ നഷ്ടം?
  കെട്ടിടം പൊളിക്കുന്നതിനാല്‍ 2022 ജനുവരി 17-നകം നിക്ഷേപകര്‍ക്കും. ഫ്ളാറ്റ് വാങ്ങിയവര്‍ക്കും 12 ശതമാനം പലിശ സഹിതം പണം തിരികെ നല്‍കാന്‍ സൂപ്പര്‍ടെക്കിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

  അതേസമയം, സൂപ്പര്‍ടെക്കിന്റെ ഇരട്ട ടവറുകള്‍ പൊളിക്കുന്നത് അനധികൃത നിര്‍മ്മാണം നടത്തുന്ന നിര്‍മ്മാതാക്കള്‍ക്ക് ഒരു മുന്നറിയിപ്പായിരിക്കണമെന്ന് എഫ്പിസിഇ പറഞ്ഞു. നിര്‍മ്മിതികള്‍ നിയമവിരുദ്ധമാണോ അല്ലയോ എന്ന് വീട് വാങ്ങുന്നവരെ അറിയിക്കാന്‍ ഒരു സംവിധാനം ഉണ്ടാകണമെന്നും എഫ്പിസിഇ പ്രസിഡന്റ് നിര്‍ദ്ദേശിച്ചു.
  Published by:Amal Surendran
  First published: