• HOME
 • »
 • NEWS
 • »
 • india
 • »
 • 'ഭീകരവാദ ഭീഷണിയെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ ഗ്രൂപ്പുമായോ ബന്ധപ്പെടുത്താന്‍ പാടില്ല': അമിത് ഷാ

'ഭീകരവാദ ഭീഷണിയെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ ഗ്രൂപ്പുമായോ ബന്ധപ്പെടുത്താന്‍ പാടില്ല': അമിത് ഷാ

ന്യൂഡല്‍ഹിയില്‍ ഇന്ന് നടന്ന ' മൂന്നാമത് 'ഭീകരതയ്ക്കു ധനസഹായം തടയുക' മന്ത്രിതല സമ്മേളനത്തിന്റെ ആദ്യ സെഷനില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

 • Last Updated :
 • Share this:
  ആദ്യമായി, ഈ മന്ത്രിതല സമ്മേളനത്തിലേക്ക് നിങ്ങളെ എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. ഈ വേദിയിലൂടെ എന്റെ അനുഭവങ്ങളും ചിന്തകളും നിങ്ങളുമായി പങ്കിടാനും ആശയവിനിമയം നടത്താനും എനിക്ക് സന്തോഷമുണ്ട്. അതോടൊപ്പം, മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണിയായ, ഭീകരവാദത്തെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണങ്ങള്‍ ശ്രവിക്കുന്നതിനുള്ള ആകാംക്ഷയിലുമാണ് ഞാന്‍.

  രണ്ട് ദിവസത്തെ ചര്‍ച്ചയിലൂടെ, പ്രവര്‍ത്തനക്ഷമവും പ്രായോഗികവുമായ ഒരു രൂപരേഖ തയ്യാറാക്കാനും ഭീകരവാദത്തിനെതിരായ നമ്മുടെ പോരാട്ടത്തില്‍ ഖണ്ഡിതമായ ഒരു മുന്‍കൈകൈക്കൊള്ളാനും നമുക്ക് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

  ആഗോള സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഏറ്റവും ഗുരുതരമായ ഭീഷണിയാണ് ഭീകരവാദം എന്നതില്‍ സംശയമില്ല. എന്നാല്‍, ഭീകരതയ്ക്ക് ധനസഹായം നല്‍കുന്നതാണ് ഭീകരവാദത്തേക്കാള്‍ അപകടകരമെന്ന് ഞാന്‍ വിശ്വസിക്കുന്നു, എന്തെന്നാല്‍, ഭീകരവാദത്തിന്റെ മാര്‍ഗ്ഗങ്ങളും രീതികളും അത്തരം സാമ്പത്തികസഹായങ്ങളില്‍ നിന്നാണ് പരിപോഷിപ്പിക്കപ്പെടുന്നത്. അതിനുമപ്പുറത്ത്, ഭീകരവാദത്തിനുള്ള ധനസഹായം ലോകരാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ തന്നെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു.

  ഭീകരവാദത്തിന്റെ എല്ലാ രൂപത്തേയും പ്രകടനത്തേയും ഇന്ത്യ അപലപിക്കുന്നു. നിരപരാധികളുടെ ജീവന്‍ അപഹരിക്കുന്നതുപോലുള്ള ഒരു പ്രവൃത്തിയെ ന്യായീകരിക്കാന്‍ ഒരു കാരണവശാലും കഴിയില്ലെന്ന് നാം വിശ്വസിക്കുന്നു. ഭീകരാക്രമണത്തിന് ഇരകളായ ലോകത്തെമ്പാടുമുള്ളവരോടുള്ള സഹതാപവും ഞാന്‍ പ്രകടിപ്പിക്കുന്നു. ഈ തിന്മയോട് നാം ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല.  നിരവധി പതിറ്റാണ്ടുകളായി അതിര്‍ത്തിക്കപ്പുറത്ത് നിന്ന് സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദത്തിന്റെ ഇരയാണ് ഇന്ത്യ. ഇന്ത്യന്‍ സുരക്ഷാ സേനയ്ക്കും സാധാരണപൗരന്മാര്‍ക്കും സുസ്ഥിരവും ഏകോപിതവുമായ രീതിയില്‍ നടത്തിയ അതീവ ഗുരുതരമായ ഭീകരാക്രമണ സംഭവങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. ഭീകരതയെ അതിന്റെ എല്ലാ രൂപത്തിലും അപലപിക്കണമെന്ന കൂട്ടായ സമീപനമാണ് അന്താരാഷ്ട്ര സമൂഹത്തിനുള്ളത്. എന്നാല്‍ സാങ്കേതിക വിപ്ലവം മൂലം ഭീകരതയുടെ രൂപങ്ങളും പ്രകടനങ്ങളും തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുകയുമാണ്.

  ഇന്ന്, ഭീകരവാദികളും ഭീകരവാദ ഗ്രൂപ്പുകളും ആധുനിക ആയുധങ്ങളുടെയും വിവരസാങ്കേതികവിദ്യയുടെയും സൂക്ഷ്മതകളും സൈബര്‍, സാമ്പത്തിക മേഖലയുടെ ചലനാത്മകതയും നന്നായി മനസ്സിലാക്കുകയും അവ ഉപയോഗിക്കുകയും ചെയ്യുന്നു.

  Also Read-'റാഡിക്കലൈസേഷനെ പിന്തുണയ്ക്കുന്ന ആർക്കും ഒരുരാജ്യത്തും സ്ഥാനമുണ്ടാകരുത്' പ്രധാനമന്ത്രി നരേന്ദ്രമോദി

  ''ഡൈനാമൈറ്റില്‍ നിന്ന് മെറ്റാവേഴ്‌സിലേക്കും'' ''എകെ-47ല്‍ നിന്ന് വെര്‍ച്വല്‍ ആസ്തികളി''ലേക്കുമുള്ള ഭീകവാദത്തിന്റെ മാറ്റം ലോക രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. അതിനെതിരെ ഒരു പൊതു തന്ത്രം രൂപപ്പെടുത്താന്‍ നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭീകരവാദ ഭീഷണിയെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ ഗ്രൂപ്പുമായോ ബന്ധപ്പെടുത്താന്‍ പാടില്ലെന്നതും നാം തിരിച്ചറിയുന്നുണ്ട്. ഭീകരവാദത്തെ നേരിടാന്‍, സുരക്ഷാ രൂപകല്‍പ്പനയേയും നിയമപരവും സാമ്പത്തികവുമായ സംവിധാനങ്ങളേയും ശക്തിപ്പെടുത്തുന്നതില്‍ ഞങ്ങള്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, അക്രമം നടത്താനും യുവാക്കളെ ഉല്‍പ്പതിഷ്ണുക്കളാക്കാനും സാമ്പത്തിക സ്രോതസ്സുകള്‍ സ്വരൂപിക്കാനും ഭീകരവാദികള്‍ നിരന്തരം പുതിയ വഴികള്‍ കണ്ടെത്തുന്നുമുണ്ട്. സമൂലമായി ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കാനും അവരുടെ സ്വത്വത്തെ മറയ്ക്കാനും ഭീകരവാദികള്‍ ഡാര്‍ക്ക്‌നെറ്റ് ഉപയോഗിക്കുകയാണ്. കൂടാതെ, ക്രിപ്‌റ്റോകറന്‍സി പോലുള്ള വെര്‍ച്വല്‍ ആസ്തികളുടെ ഉപയോഗത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഈ ഡാര്‍ക്ക്‌നെറ്റ് പ്രവര്‍ത്തനങ്ങളുടെ രീതികള്‍ നമ്മള്‍ മനസ്സിലാക്കുകയും അവയ്ക്ക് പരിഹാരങ്ങള്‍ കണ്ടെത്തുകയും വേണം.

  നിര്‍ഭാഗ്യവശാല്‍, ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തെ തുരങ്കം വയ്ക്കാനോ തടസ്സപ്പെടുത്താനോ ശ്രമിക്കുന്ന രാജ്യങ്ങളുമുണ്ട്. ചില രാജ്യങ്ങള്‍ ഭീകരവാദികളെ സംരക്ഷിക്കുകയും ഭീകരവാദികള്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്നതും നാം കാണുന്നുണ്ട്, ഒരു ഭീകരവാദിയെ സംരക്ഷിക്കുന്നത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. അത്തരം ഘടകങ്ങള്‍ അവരുടെ ഉദ്ദേശ്യങ്ങളില്‍ ഒരിക്കലും വിജയം നേടാതിരിക്കുക എന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്.

  ദക്ഷിണേഷ്യന്‍ മേഖലയിലെ സ്ഥിതിഗതികള്‍ക്ക് 2021 ഓഗസ്റ്റിനു ശേഷം മാറ്റവുമുണ്ടായി. ഭരണമാറ്റവും അല്‍ ഖ്വയ്ദയുടെയും ഐ.എസ്.ഐ.എസിന്റെയും വര്‍ദ്ധിച്ചുവരുന്ന സ്വാധീനവും പ്രാദേശിക സുരക്ഷയ്ക്ക് ഒരു പ്രധാന വെല്ലുവിളിയായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ പുതിയ സമവാക്യങ്ങള്‍ ഭീകരവാദത്തിനുള്ള ധനസഹായപ്രശ്‌നം കൂടുതല്‍ ഗുരുതരവുമാക്കി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, അത്തരമൊരു ഭരണമാറ്റത്തിന്റെ ഗുരുതരമായ അനന്തരഫലങ്ങള്‍ ലോകം മുഴുവന്‍ അനുഭവിക്കേണ്ടിവന്നു, അതിന്റെ ഫലമാണ് 9/11 എന്ന ഭീകരമായ ആക്രമണത്തില്‍ നാമെല്ലാവരും കണ്ടത്. ഈ പശ്ചാത്തലത്തില്‍, ദക്ഷിണേഷ്യന്‍ മേഖലയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ മാറ്റങ്ങള്‍ നമ്മെയെല്ലാം ആശങ്കപ്പെടുത്തുന്ന കാര്യമാണ്. അല്‍ ഖ്വയ്ദയ്‌ക്കൊപ്പം, ദക്ഷിണേഷ്യയിലെ ലഷ്‌ക്കര്‍-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളും ഭീകരത പടര്‍ത്തുന്നത് തുടരുകയാണ്.

  ഭീകരരുടെ സുരക്ഷിത താവളങ്ങളെയോ അവരുടെ വിഭവങ്ങളെയോ നാം ഒരിക്കലുംഅവഗണിക്കരുത്. അവരെ സ്‌പോണ്‍സര്‍ ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന അത്തരം ഘടകങ്ങളുടെ ഇരട്ടത്താപ്പ് നാം തുറന്നുകാട്ടേണ്ടതുണ്ട്. അതിനാല്‍, ഈ സമ്മേളനം , പങ്കെടുക്കുന്ന രാജ്യങ്ങള്‍, സംഘടനകള്‍ എന്നിവ ഈ മേഖലയുടെ വെല്ലുവിളികളില്‍ തെരഞ്ഞെടുക്കപ്പെട്ടതോ അല്ലെങ്കില്‍ അലംഭാവകരമായതോ ആയ വീക്ഷണം എടുക്കരുത് എന്നതും പ്രധാനമാണ്.

  ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്ന പ്രശ്‌നം വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിനെ ശക്തമായി അടിച്ചമര്‍ത്തുന്നതില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഭീകരവാദത്തിന് ധനസഹായം നല്‍കുന്നതിനെതിരായ ഇന്ത്യയുടെ തന്ത്രം ആറ് തൂണുകളെ അടിസ്ഥാനമാക്കിയുള്ളതാണ്:

  1 നിയമപരവും സാങ്കേതികവുമായ ചട്ടക്കൂട് ശക്തിപ്പെടുത്തുക,
  2 സമഗ്രമായ ഒരു നിരീക്ഷണ ചട്ടക്കൂട് സൃഷ്ടിക്കു
  3 പ്രവര്‍ത്തനക്ഷമമായ ഇന്റലിജന്‍സ് പങ്കിടല്‍ സംവിധാനവും അന്വേഷണ പോലീസ് പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തല്‍,
  4 സ്വത്ത് കണ്ടുകെട്ടാനുള്ള വ്യവസ്ഥ,
  5 നിയമപരമായ സ്ഥാപനങ്ങളുടെയും നവസാങ്കേതികവിദ്യകളുടെയും ദുരുപയോഗം തടയുക
  6 അന്താരാഷ്ട്ര സഹകരണവും ഏകോപനവും സ്ഥാപിക്കുക.

  ഈ ദിശയില്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ ഭേദഗതിയിലൂടെയും ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍.ഐ.എ) ശക്തിപ്പെടുത്തിയതിലൂടെയും സാമ്പത്തിക രഹസ്യാന്വേഷണത്തിന് പുതിയ ദിശാബോധം നല്‍കിയലൂടെയും ഭീകരവാദത്തിനും അതിന്റെ ധനസഹായത്തിനുമെതിരായ പോരാട്ടം ഇന്ത്യ ശക്തിപ്പെടുത്തി. നമ്മുടെ നിരന്തര പ്രയത്‌നത്തിന്റെ ഫലമായാണ് ഇന്ത്യയില്‍ ഭീകരവാദ സംഭവങ്ങള്‍ ഗണ്യമായി കുറഞ്ഞത്. ഭീകരവാദം മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഗണ്യമായി കുറയ്ക്കുന്നതിനും ഇത് കാരണമായി.

  ഭീകരവാദത്തെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ തന്ത്രം അന്താരാഷ്്രട തലത്തിലെ ഏകോപനവും രാജ്യങ്ങള്‍ തമ്മിലുള്ള തത്സമയവും സുതാര്യവുമായ സഹകരണവുമാണെന്ന് ഇന്ത്യ വിശ്വസിക്കുന്നു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറല്‍, വിചാരണ, ഇന്റലിജന്‍സ് പങ്കിടല്‍, കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍, ''ഭീകരവാദത്തിന് ധനസഹായം നല്‍കുന്നതിനെ (സി.എഫ്.ടി)തിരായ പൊരുതല്‍ തുടങ്ങിയ മേഖലകളിലെ സഹകരണം പ്രധാനമാണ്. ഭീകരവാദികളും ഭീകരവാദ ഗ്രൂപ്പുകളും സുഗമമായി ഏകോപിക്കുകയും അതിര്‍ത്തികള്‍ക്കപ്പുറത്ത് തങ്ങളുടെ വിഭവങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നമ്മുടെ പരസ്പര സഹകരണം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു.  മയക്കുമരുന്നിന്റെ നിയമവിരുദ്ധ വ്യാപാരത്തിലെ വര്‍ദ്ധിച്ചുവരുന്ന പ്രവണതകളും മയക്കുമരുന്ന്-ഭീകരതയുടെ വെല്ലുവിളിയും ഭീകരവാദ ധനസഹായത്തിന് ഒരു പുതിയ മാനം നല്‍കിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് എല്ലാ രാജ്യങ്ങളും തമ്മില്‍ അടുത്ത സഹകരണം ആനിവാര്യമാണ്. ഐക്യരാഷ്ര്ടസഭ പോലുള്ള ബഹുമുഖ സ്ഥാപനങ്ങളും ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്, എഫ്.എ.ടി.എഫ് പോലുള്ള വേദികളുടെ സാന്നിദ്ധ്യവും ''ഭീകരവാദത്തിന് ധനസഹായം നല്‍കലിനെതിരായ (സി.എഫ്.ടി)പോരാട്ട'' ത്തിന്റെ മേഖലയില്‍ ഭീകരവാദത്തെ തടയുന്നതിന് ഏറ്റവും ഫലപ്രദമാണ്. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ ധനസഹായം എന്നിവ തടയുന്നതിനും നേരിടുന്നതിനുമുള്ള ആഗോള മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും എഫ്.എ.ടി.എഫ് ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.

  വെര്‍ച്വല്‍ ആസ്തികളുടെ രൂപത്തില്‍ നമുക്ക് ഒരു പുതിയ വെല്ലുവിളിയുമുണ്ടായിട്ടുണ്ട്. സാമ്പത്തിക ഇടപാടുകള്‍ക്കായി ഭീകരവാദികള്‍ വെര്‍ച്വല്‍ ആസ്തികളുടെ പുതിയ രീതികള്‍ ഉപയോഗിക്കുന്നു. വെര്‍ച്വല്‍ ആസ്തിക്കുള്ള മാര്‍ഗ്ഗങ്ങള്‍, സാമ്പത്തിക സഹായം നല്‍കുന്ന അടിസ്ഥാനസൗകര്യങ്ങള്‍, ഡാര്‍ക്ക്‌നെറ്റ് എന്നിവയുടെ ഉപയോഗം തടയുന്നതിന്, ''ശക്തവും കാര്യക്ഷമവുമായ പ്രവര്‍ത്തന സംവിധാനം'' വികസിപ്പിക്കുന്നതിന് നമ്മള്‍ യോജിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്.

  ഐക്യരാഷ്ട്ര സഭ (യു.എന്‍), അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്), ഇന്റര്‍പോള്‍, മറ്റ് പങ്കാളികളായ വിവിധ രാജ്യങ്ങളിലെ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍, സാമ്പത്തിക അന്വേഷകര്‍, നിയന്ത്രിക്കുന്നവര്‍ എന്നിവര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ നല്ല സ്വാധീനം ചെലുത്താനാകും. ഈ വെല്ലുവിളികളെ നാം ആഴത്തില്‍ മനസ്സിലാക്കുകയും, ഈയിടെ ന്യൂഡല്‍ഹിയില്‍ സമാപിച്ച ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലിയില്‍ ചെയ്തതുപോലെ, തീവ്രവാദ ധനസഹായത്തിന്റെ പുതിയ സാങ്കേതിക വിദ്യകള്‍ തടയാന്‍ ആഗോളതലത്തില്‍ ശ്രമങ്ങള്‍ നടത്തുകയും വേണം.

  രഹസ്യവിവരങ്ങള്‍ പങ്കുവയ്ക്കല്‍, കാര്യക്ഷമമായ അതിര്‍ത്തി നിയന്ത്രണത്തിന് കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍, ആധുനിക സാങ്കേതികവിദ്യകളുടെ ദുരുപയോഗം തടയല്‍, നിയമവിരുദ്ധമായ സാമ്പത്തിക ഒഴുക്ക് നിരീക്ഷിക്കുകയും തടയുകയും ചെയ്യല്‍, അന്വേഷണ നീതിനിര്‍വഹണ സംവിധാനത്തിലെ സഹകരണം എന്നിവയിലൂടെ ഭീകരവാദത്തിനെ ചെറുക്കുന്നതിനുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത തുടരും.

  ''ഭീകരതയ്ക്കു ധനസഹായം തടയുക'' എന്ന ലക്ഷ്യം കൈവരിക്കുന്നതിന്, ഭീകരവാദ സാമ്പത്തിക സഹായങ്ങളുടെ ''സമ്പ്രദായം-മാദ്ധ്യമം-രീതി'' (മോഡ്-മീഡിയം-മെത്തേഡ്) എന്നിവയെക്കുറിച്ച് ആഗോള സമൂഹം മനസ്സിലാക്കുകയും അവയെ തകര്‍ക്കുന്നതിന് ''ഒരു മനസ്സ്, ഒരു സമീപനം'' എന്ന തത്വം സ്വീകരിക്കുകയും വേണം.

  ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അഭിസംബോധനയോടെയാണ് ഇന്ന് ഈ സമ്മേളനത്തിന് തുടക്കം കുറിച്ചത്. ഈ രണ്ട് ദിവസങ്ങളില്‍ ഭീകരവാദ ധനസഹായത്തിന്റെ വിവിധ തലങ്ങളില്‍ അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ നടക്കുമെന്നും നിലവിലുള്ളതും ഭാവിയിലുണ്ടാകുന്നതുമായ വെല്ലുവിളികള്‍ക്ക് അര്‍ത്ഥവത്തായ പരിഹാരങ്ങള്‍ രൂപപ്പെടുത്തുമെന്നും എനിക്ക് ഉറപ്പുണ്ട്. ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ ''ഭീകരതയ്ക്കു ധനസഹായം തടയുക'' എന്ന ലക്ഷ്യത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഈ പരിപാടിയില്‍ പങ്കെടുക്കാനുള്ള നിങ്ങളുടെ ആവേശം പോലെ ശക്തമാണെന്ന് നിങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുയാണ്!

  എന്റെ സഹ പാനലിസ്റ്റ് പ്രാസംഗകരില്‍ നിന്നുള്ളവ ശ്രവിക്കാനായി ഞാന്‍ കാത്തിരിക്കുകയാണ്. നാളെ, സമാപന സമ്മേളനത്തില്‍, പ്രസക്തമായ ചില വിഷയങ്ങളിലെ എന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തല്‍ക്കാലം, ഞാന്‍ എന്റെ പരാമര്‍ശങ്ങള്‍ ഉപസംഹരിക്കുന്നു; എല്ലാവര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു!

  നന്ദി.
  Published by:Chandrakanth Viswanath
  First published: