• HOME
 • »
 • NEWS
 • »
 • india
 • »
 • Congress| 'ഗാന്ധി കുടുംബം വഴിമാറണം'; കോൺഗ്രസിൽ മാറ്റം വേണമെന്ന ആവശ്യത്തിലുറച്ച് ജി-23 നേതാക്കൾ; വിമതനേതാക്കളുടെ അത്താഴവിരുന്ന് ബുധനാഴ്ച?

Congress| 'ഗാന്ധി കുടുംബം വഴിമാറണം'; കോൺഗ്രസിൽ മാറ്റം വേണമെന്ന ആവശ്യത്തിലുറച്ച് ജി-23 നേതാക്കൾ; വിമതനേതാക്കളുടെ അത്താഴവിരുന്ന് ബുധനാഴ്ച?

തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം കോൺഗ്രസിനുള്ളിൽ പിരിമുറുക്കം വർധിച്ചിട്ടുണ്ട്. പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തന ശൈലിയിൽ ജി -23 നേതാക്കൾ കടുത്ത അതൃപ്തിയിലാണ്.

 • Share this:
  കോൺഗ്രസിനുള്ളിൽ മാറ്റം വേണമെന്ന നിലപാടിലുറച്ച് വിമത നേതാക്കൾ. പ്രവർത്തക സമിതി യോഗത്തിന് (CWC) ശേഷം കോൺഗ്രസിനുള്ളിൽ (Congress) അഭിപ്രായവ്യത്യാസങ്ങൾ ഉയർന്ന സാഹചര്യത്തിൽ, മുതിർന്ന നേതാവ് കപിൽ സിബൽ (Kapil Sibal) പാർട്ടിയിലെ വിമത നേതാക്കളെ ബുധനാഴ്ച അത്താഴ വിരുന്നിന് ക്ഷണിച്ചതായാണ് റിപ്പോർട്ട്. അടുത്തിടെ നടന്ന അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ മോശം പ്രകടനത്തിന് ശേഷം, നേതൃത്വത്തിൽ മാറ്റം വേണമെന്ന ശക്തമാക്കാനാണ് ജി 23 നേതാക്കളുടെ നീക്കം.

  തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം കോൺഗ്രസിനുള്ളിൽ പിരിമുറുക്കം വർധിച്ചിട്ടുണ്ട്. പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തന ശൈലിയിൽ ജി -23 നേതാക്കൾ കടുത്ത അതൃപ്തിയിലാണ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കോൺഗ്രസിന്റെ ജി-23 നേതാക്കൾ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ ഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തിൽ കപിൽ സിബൽ, മനീഷ് തിവാരി, ആനന്ദ് ശർമ, അഖിലേഷ് പ്രസാദ് സിംഗ് എന്നിവർ പങ്കെടുത്തു. മറ്റ് ചില നേതാക്കൾ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.

  നേരത്തെ, ജി 23 നേതാക്കളിൽ ഏറ്റവും പ്രമുഖനായ കപിൽ സിബൽ, ഗാന്ധി കുടുംബം മാറിനിൽക്കണമെന്നും പാർട്ടിയെ നയിക്കാൻ മറ്റേതെങ്കിലും നേതാവിന് അവസരം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. '' എനിക്ക് മറ്റുള്ളവരുടെ പേരിൽ സംസാരിക്കാൻ കഴിയില്ല. ഒരു ‘സബ് കി കോൺഗ്രസ്’ (എല്ലാവരുടേയും കോണ്‍ഗ്രസ്) വേണമെന്നത് തികച്ചും എന്റെ വ്യക്തിപരമായ വീക്ഷണമാണ്. മറ്റു ചിലർക്ക് ‘ഘർ കി കോൺഗ്രസ്’ (കുടുംബാധിപത്യ കോണ്‍ഗ്രസ്) വേണം. എനിക്ക് തീർച്ചയായും ഒരു ‘ഘർ കി കോൺഗ്രസ്’ ആവശ്യമില്ല. എന്റെ അവസാന ശ്വാസം വരെ ‘സബ് കി കോൺഗ്രസിന്’ വേണ്ടി ഞാൻ പോരാടും. ‘സബ് കി കോൺഗ്രസ്’ എന്നതിന്റെ അർത്ഥം ഒന്നിച്ചു നില്‍ക്കുകയെന്നത് മാത്രമല്ല, മറിച്ച് ബിജെപിയെ ആഗ്രഹിക്കാത്ത ഇന്ത്യയിലെ എല്ലാ ആളുകളെയും ഒന്നിപ്പിക്കുക എന്നതാണ്.'' -സിബൽ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

  പാർട്ടിയുടെ പരമോന്നത സമിതിയായ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) ഞായറാഴ്ച യോഗം ചേർന്നതിന് ശേഷമാണ് ഈ പരാമർശങ്ങൾ വന്നത്. ഏകദേശം അഞ്ച് മണിക്കൂർ നടന്ന ചർച്ചകൾക്ക് ശേഷം പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകാനും ആരംഭിക്കാനും സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.

  2014ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം, ചില അവസരങ്ങളിലൊഴികെ തുടർച്ചയായി തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരാജയപ്പെട്ടു, “സിഡബ്ല്യുസി പാർട്ടി നേതൃത്വത്തിൽ വിശ്വാസം അർപ്പിക്കുന്നു, എന്നാൽ സിഡബ്ല്യുസിക്ക് പുറത്തുള്ളവരുടെ അഭിപ്രായം വ്യത്യസ്തമാണ്. പലരും പാർട്ടി വിട്ടുപോയി. പാർട്ടിയെ നയിക്കാൻ നേതാക്കൾക്ക് അവസരം നൽകണം.''- കപിൽ സിബൽ പറയുന്നു.

  Also Read- Congress| ആകെ 690 സീറ്റുകൾ; കിട്ടിയത് 55 സീറ്റ്; ഹിന്ദി ഹൃദയഭൂമിയിൽ തകര്‍ന്നടിഞ്ഞ് കോൺഗ്രസ്

  പാർട്ടിക്കുള്ളിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ നേതാക്കളിൽ പ്രമുഖനാണ് സിബൽ. മറ്റൊരു കോൺഗ്രസ് നേതാവും ജി 23 വിഭാഗത്തിലെ അംഗവുമായ സന്ദീപ് ദീക്ഷിതും കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെട്ടിട്ടും മുതിർന്ന നേതൃത്വം ധാർഷ്ട്യം തുടരുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു.

  പാർട്ടി പൂർണ്ണമായും നിഷ്‌ക്രിയമാണെന്ന് ദീക്ഷിത് അവകാശപ്പെട്ടു. "പാർട്ടി പൂർണ്ണമായും നിഷ്‌ക്രിയമാണ്. തീരുമാനങ്ങളൊന്നും എടുക്കുന്നില്ല. ഒന്നിന് പുറകെ ഒന്നായി തെരഞ്ഞെടുപ്പിൽ തോറ്റിട്ടും നേതൃത്വം ധാർഷ്ട്യം അവസാനിപ്പിക്കുന്നില്ല''. നേതാക്കൾ സ്വന്തം മുഖ്യമന്ത്രിയെയും നേതാക്കളെയും ആക്രമിക്കുന്നത് തുടരുകയാണെന്നും ദീക്ഷിത് ആരോപിച്ചു. "ഈ നേതാക്കളിൽ ഭൂരിഭാഗവും അനുകമ്പയുടെ അടിസ്ഥാനത്തിൽ മാത്രം സ്ഥാനങ്ങൾ വഹിക്കുന്നവരാണ്, സ്വന്തം സ്ഥാനങ്ങളെ കുറിച്ച് മാത്രമാണ് അവർ ചിന്തിക്കുന്നത് " അദ്ദേഹം ആരോപിച്ചു.

  CWC മീറ്റിൽ എന്താണ് സംഭവിച്ചത്

  ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ ദയനീയ പരാജയത്തെക്കുറിച്ച് ആത്മപരിശോധന നടത്താൻ ഞായറാഴ്ച സിഡബ്ല്യുസി യോഗം ചേർന്നു.

  നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ചർച്ച ചെയ്യാനുള്ള മാരത്തൺ യോഗത്തിന് ശേഷം സിഡബ്ല്യുസി ഇടക്കാല പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയിൽ വിശ്വാസം അർപ്പിച്ചു. "ആവശ്യവും സമഗ്രവുമായ" സംഘടനാപരമായ മാറ്റങ്ങൾ ഏറ്റെടുക്കാനും അവർക്ക് അധികാരം നൽകി."CWC സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള വിശ്വാസം ഐകകണ്ഠ്യേന ആവർത്തിച്ച് ഉറപ്പിക്കുകയും സംഘടനാപരമായ ബലഹീനതകൾ പരിഹരിക്കുകയും ആവശ്യമായ സമഗ്രമായ സംഘടനാ മാറ്റങ്ങൾ വരുത്തുകയും ചെയ്യണമെന്ന് കോൺഗ്രസ് അധ്യക്ഷനോട് അഭ്യർത്ഥിക്കുകയും ചെയ്തു.

  Also Read- Hijab Row|പിന്മാറാൻ തയ്യാറല്ല; ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വിദ്യാർത്ഥിനികൾ

  തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കാൻ ഗാന്ധി കുടുംബം തയ്യാറാണെന്ന് യോഗത്തെ അഭിസംബോധന ചെയ്യവെ സോണിയാ ഗാന്ധി പറഞ്ഞതായി വൃത്തങ്ങൾ പറയുന്നു. “ഞങ്ങൾ മൂന്നുപേരാണ് ഈ അവസ്ഥയ്ക്ക് ഉത്തരവാദികളെന്ന് നിങ്ങൾക്ക് തോന്നുന്നതെങ്കിൽ, ഞങ്ങൾ മൂന്നുപേരും (സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക) സ്ഥാനമൊഴിയാൻ തയ്യാറാണ്, ”- അവർ യോഗത്തിൽ പറഞ്ഞതായി വൃത്തങ്ങൾ പറയുന്നു.

  ഭാവി നടപടി ചർച്ച ചെയ്യാൻ ഏപ്രിലിൽ പാർട്ടി വീണ്ടും യോഗം ചേരും.‌
  Published by:Rajesh V
  First published: