ന്യൂഡൽഹി : ബിജെപി ദക്ഷിണ ഡൽഹി സ്ഥാനാർഥി ഗൗതം ഗംഭീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആം ആദ്മി. കനത്ത വെയിൽ ആയതിനാൽ ഡൂപ്ലിക്കേറ്റിനെ പ്രചാരണത്തിനിറക്കിയെന്നാണ് ആരോപണം.
ആം ആദ്മി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 'തന്റെ രൂപസാദ്യശ്യമുള്ള ഗൗരവ് അറോറ എന്ന കോൺഗ്രസ് നേതാവിനെയാണ് ഗൗതം ഗംഭീര്‍ പ്രചാരണത്തിനിറക്കിയിരിക്കുന്നത്. സ്ഥാനാർഥി എയർ കണ്ടീഷന്‍ ചെയ്ത കാറിലിരിക്കുമ്പോൾ, പൊരിവെയിലിൽ പ്രചാരണം നടത്തുന്ന അദ്ദേഹത്തിന്റെ അപരനെ മാലയിട്ട് സ്വീകരിക്കുകയാണ് ജനങ്ങൾ.. ഇത് കോൺഗ്രസിന്റെയും ബിജെപിയുടെയും മായം ' എന്നാണ് സിസോഡിയ ട്വിറ്ററിൽ കുറിച്ചത്.
Also Read-
'നിയമം അറിയില്ലെങ്കിൽ പിന്നെ എന്തിനാണ് കളിക്കാൻ നിൽക്കുന്നത്' - മുനയുള്ള ചോദ്യം ഗൗതം ഗംഭീറിനോട്
ഡൽഹിയിൽ ആം ആദ്മിയും ബിജെപിയും തമ്മില്‍ നിലവിലിരിക്കുന്ന അസ്വാരസ്യങ്ങളിൽ അവസാനമായി എത്തിയതാണ് ഗൗതം ഗംഭീർ വിവാദം.നേരത്തെ ഈസ്റ്റ് ഡൽഹിയിലെ ആം ആദ്മി സ്ഥാനാർഥിയെ മോശമാക്കി ചിത്രീകരിക്കുന്ന ലഘുലേഖകൾ ബിജെപി സ്ഥാനാർഥിയായ ഗംഭീർ വിതരണം ചെയ്തുവെന്ന ആരോപണം ഉയർന്നിരുന്നു. നിന്ദ്യവും അപകീർത്തിപ്പെടുത്തുന്നതുമായ ആരോപണങ്ങൾ തനിക്കെതിരെ ഉന്നയിച്ചുവെന്ന് കാട്ടി ആപ് സ്ഥാനാര്‍ഥി അതിഷി പരാതിയും നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ പലതവണ പൊട്ടിക്കരഞ്ഞു കൊണ്ടാണ് അതിഷി പ്രതികരിച്ചത്.
Also Read-
അനുമതി ഇല്ലാതെ റാലി നടത്തി; ഗൗതം ഗംഭീറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തു
ഗംഭീറിനെപ്പോലുള്ളവർ തെരഞ്ഞെടുക്കപ്പെട്ടാൽ സ്ത്രീകൾ എങ്ങനെ സുരക്ഷിതരായിരിക്കും എന്ന ചോദ്യമാണ് അവർ ഉന്നയിച്ചത്. എന്നാല്‍ ആരോപണങ്ങൾ നിഷേധിച്ച് ഗംഭീർ രംഗത്തെത്തിയിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ രാഷ്ട്രീയം ഉപേക്ഷിക്കും എന്നായിരുന്നു പ്രതികരണം. ഇതിന് പുറമെ ആപ് നേതാക്കളായ അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോഡിയ, അതിഷി എന്നിവർക്കെതിരെ അപകീർത്തി പരാമർശത്തിന് നോട്ടീസും അയച്ചിരുന്നു.
ഈ വിവാദങ്ങൾക്കും നടുവിലാണ് ഗംഭീറിനെതിരെ പുതിയ ആരോപണങ്ങളുമായി ആം ആദ്മി രംഗത്തെത്തിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.