ഊട്ടി: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും (Chief of Defence Staff Bipin Rawat,) ഭാര്യയും സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകർന്ന് വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. തമിഴ്നാട്ടിലെ ഊട്ടിയ്ക്ക് അടുത്ത് കൂനൂരിലാണ് ഹെലികോപ്ടർ തകര്‍ന്നു വീണത്. വാർത്താ ഏജൻസിയായ എ എൻ ഐയാണ് അപകടത്തിൽ 13 പേർ മരിച്ചെന്ന വിവരം റിപ്പോർട്ട് ചെയ്തത്. 80 ശതമാനം പൊള്ളലേറ്റ ബിപിന്‍ റാവത്തിന്‍റെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന പ്രാഥമിക റിപ്പോര്‍ട്ട്. സൈനിക ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ തിരിച്ചറിയാനായി ഡി.എന്‍.എ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
സുലൂരിലെ സൈനിക താവളത്തിൽ നിന്ന് മി-സീരീസ് ഹെലികോപ്റ്റർ പറന്നുയർന്നതിന് തൊട്ടുപിന്നാലെ നീലഗിരിയിലാണ് തകർന്നു വീണത്. സംഭവം സ്ഥിരീകരിച്ച് ഇന്ത്യൻ എയർഫോഴ്‌സ് ഇങ്ങനെ ട്വീറ്റ് ചെയ്തു: “സിഡിഎസ് ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച ഐഎഎഫ് എംഐ-17വി5 ഹെലികോപ്റ്റർ ഇന്ന് തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം അപകടത്തിൽപ്പെട്ടു. അപകട കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കേന്ദ്രമന്ത്രിസഭ യോഗം ചേർന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യൻ എയർഫോഴ്‌സ് ഹെലികോപ്റ്റർ തകർന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ വൻ തീപിടിത്തവും നാട്ടുകാർ അടിയന്തര രക്ഷാപ്രവർത്തനത്തിൽ സഹായിക്കുന്നതും കാണാം. തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കായി നിരവധി സംഘങ്ങൾ സ്ഥലത്തുണ്ട്. പ്രാദേശിക സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു. എംഐ 17 വി 5 ഹെലികോപ്റ്ററിൽ പരിക്കേറ്റ എല്ലാവരെയും അപകടസ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വെല്ലിംഗ്ടണിലെ ഡിഫൻസ് സ്റ്റാഫ് കോളേജിലേക്ക് പോകുന്നതിനിടെയാണ് ബിപിൻ റാവത്തും സംഘവും അപകടത്തിൽപ്പെട്ടത്.
ഏതാനും മുതിർന്ന ഉദ്യോഗസ്ഥരെയും വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്റർ കോയമ്പത്തൂരിലെ സുലൂരിൽ നിന്ന് വെല്ലിംഗ്ടണിലെ ഡിഎസ്‌സിയിലേക്ക് പോകുകയായിരുന്നു, അവിടെ റാവത്തും ആർമി സ്റ്റാഫ് ചീഫ് എംഎം നരവാനെയും പങ്കെടുക്കേണ്ടിയിരുന്ന പരിപാടി ഉണ്ടായിരുന്നു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച കുറവായതിനാലാണ് ഹെലികോപ്ടർ വനമേഖലയിൽ തകർന്നുവീണതെന്നും റിപ്പോർട്ടുണ്ട്.
Bipin Rawat | ബിപിൻ റാവത്ത് ഹെലികോപ്ടർ അപകടത്തിൽപ്പെടുന്നത് രണ്ടാം തവണ; ആറുവർഷം മുമ്പ് നാഗാലാൻഡിൽ രക്ഷപെട്ടത് തലനാരിഴയ്ക്ക്
സംയുക്ത സൈനികമേധാവി ബിപിൻ റാവത്ത് ഹെലികോപ്ടർ അപകടത്തിൽപ്പെട്ടതിന്‍റെ ഞെട്ടലിലാണ് രാജ്യം. തമിഴ്നാട്ടിലെ ഊട്ടിക്ക് അടുത്ത് കൂനൂരിലാണ് ബിപിൻറാവത്തും ഭാര്യയും സഞ്ചരിച്ച എംഐ-17വി5 എന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. അതേസമയം ബിപിൻ റാവത്ത് ഹെലികോപ്ടർ അപകടത്തിൽപ്പെടുന്നത് ഇതാദ്യമല്ല. ആറു വർഷം മുമ്പ് നാഗാലാൻഡിൽവെച്ച് ഉണ്ടായ ഹെലികോപ്ടർ അപകടത്തിൽനിന്ന് അത്ഭുതകരമായാണ് അദ്ദേഹം രക്ഷപെട്ടത്.
2015ൽ നാഗാലാൻഡിൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഒറ്റ എഞ്ചിൻ ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. അന്ന് പറന്ന ഉടൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ തകർന്ന് വീഴുകയായിരുന്നു. അന്നത്തെ അപകടത്തിൽ ചെറിയ പരിക്ക് പോലുമില്ലാതെയാണ് റാവത്ത് രക്ഷപെട്ടത്. നാഗാലാൻഡിലെ ദിമാപൂരിലാണ് അന്ന് അപകടം ഉണ്ടായത്. എഞ്ചിൻ തകരാർ മൂലമാണ് അന്ന് ഹെലികോപ്ടർ തകർന്നുവീണത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bipin rawat