HOME /NEWS /India / Bipin Rawat Chopper Crash | 'രാജ്യത്തിന് നഷ്ടമായത് ധീര പുത്രനെയെന്ന് രാഷ്ട്രപതി'; 'സൈനികതന്ത്രങ്ങൾ സേനയ്ക്ക് കരുത്തായിരുന്നു': പ്രധാനമന്ത്രി

Bipin Rawat Chopper Crash | 'രാജ്യത്തിന് നഷ്ടമായത് ധീര പുത്രനെയെന്ന് രാഷ്ട്രപതി'; 'സൈനികതന്ത്രങ്ങൾ സേനയ്ക്ക് കരുത്തായിരുന്നു': പ്രധാനമന്ത്രി

Bipin_Rawat

Bipin_Rawat

ബിപിൻ റാവത്തും ഭാര്യയും സൈനികരും മരിച്ച അപകടത്തിൽ ഞെട്ടലിലാണ് രാജ്യം

  • Share this:

    സംയുക്ത സേനാമേധാവി ബിപിൻ റാവത്ത് (Bipin Rawat) അടക്കമുള്ളവരുടെ ദാരുണാന്ത്യത്തിൽ അനുശോചിച്ച് രാജ്യം.. ഏറ്റവും ധീരനായ പുത്രനെ രാജ്യത്തിന് നഷ്ടമായെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരിച്ചു. ബിപിൻ റാവത്തിന്റെ സൈനിക തന്ത്രങ്ങളും ദീർഘവീക്ഷണവും സേനയ്ക്ക് എന്നും കരുത്തായിരുന്നു എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

    സമീപകാലത്ത് രാജ്യംനടുങ്ങിയ ഏറ്റവും വലിയ ദുരന്തം. ബിപിൻ റാവത്തും ഭാര്യയും സൈനികരും മരിച്ച അപകടത്തിൽ ഞെട്ടലിലാണ് രാജ്യം. രാജ്യത്തിന് ഏറ്റവും ധീരനായ പുത്രനെ നഷ്ടമായെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. നാലുപതിറ്റാണ്ടുകാലത്തെ അദ്ദേഹത്തിന്റെ നിസ്വാർഥ സേവനം രാജ്യം എന്നും ഓർക്കും. ധീരരാജ്യസ്നേഹിയെ രാജ്യത്തിന് നഷ്ടമായെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. ബിപിൻ റാവത്തിന്റെ ഉൾക്കാഴ്ചയും തന്ത്രങ്ങളും സേനക്ക് എന്നും കരുത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    നിർഭാഗ്യകരമായ ദുരന്തത്തിൽ രാജ്യത്തിനുണ്ടായത് പരിഹരിക്കാനാകാത്ത നഷ്ടമെന്ന് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗ് പറ‍ഞ്ഞു. രാജ്യത്തിനും സായുധ സേനക്കും ഈ നഷ്ടം ഒരിക്കലും നികത്താനാകില്ല. മഹാ ദുരന്തമെന്ന് അപകടത്തെ രാഹുൽ ഗാന്ധി വിശേഷിപ്പിച്ചു. അഗാധ ദു:ഖമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. നിർണ്ണായക സമയത്ത് അതുല്യ സംഭാവന നൽകിയ ബിപിൻ റാവത്തിനെ രാജ്യം എന്നും ഓർക്കുമെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്ഖരി പറഞ്ഞു. രാജ്യംകണ്ട ധീരനായ സൈനികമേധാവിയായിരുന്നു ബിപിൻ റാവത്തെന്ന് മുൻ പ്രതിരോധ മന്ത്രി എ കെ ആന്റണി.. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്രമന്ത്രിമാർ, ലോക്സഭാ സ്പീക്കർ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവരും ദുരന്തത്തിൽ അനുശോചിച്ചു.

    Also Read- Gen Bipin Rawat Chopper Crash | സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പടെ 13 പേർ ഹെലികോപ്ടർ അപകടത്തിൽ മരിച്ചു

    രാജ്യത്തിന്റെ ദു:ഖത്തിൽ കേരളവും പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്തു. കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും 11 കര - വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. അത്യന്തം വേദനാജനകമാണ് അപകടവാർത്ത. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ജനറൽ റാവത്തിന്റെയും ഒപ്പം ജീവൻ പൊലിഞ്ഞവരുടെയും കുടുംബാംഗങ്ങളെയും പ്രതിരോധ സേനാംഗങ്ങളെ ആകെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കം സംസ്ഥാനത്തെ പ്രമുഖരും അനുശോചിച്ചു. ദുരന്ത വാർത്തയറിഞ്ഞ് പാർലമെന്റ് സമ്മേളനം നിർത്തിവച്ചു.

    ജനറൽ ബിപിൻ റാവത്തിന്‍റെ വേർപാടിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ അനുശോചനം രേഖപ്പെടുത്തി. 'ബിപിൻ റാവത്ത്, പത്നി, 11 സൈനിക ഉദ്യോഗസ്ഥർ എന്നിവർ ഹെലികോപ്ടർ അപകടത്തിൽ അതിദാരുണമായി കൊല്ലപ്പെട്ടിരിക്കുകയാണ്. രാജ്യത്തിന് ധീരരായ പടയാളികളെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ജനറൽ റാവത്തിൻ്റെ മക്കൾക്ക് അച്ഛനെയും അമ്മയെയും.. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരാം. രാജ്യം നിങ്ങൾക്കൊപ്പമുണ്ട്... ബിഗ് സല്യൂട്ട് ജനറൽ.. ആദരാഞ്ജലി... പ്രാർത്ഥനകൾ'- പ്രതിപക്ഷനേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

    First published:

    Tags: Bipin Rawat Chopper Crash