ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനയുടെ (Indian Army) പുതിയ മേധാവിയായി ജനറല്‍ മനോജ് പാണ്ഡെ (General Manoj Pande)
ചുമതലയേറ്റു. കരസേനയുടെ ഇരുപത്തിയൊമ്പതാമത് മേധാവിയായിട്ടാണ് മനോജ് പാണ്ഡെ ചുമതലയേറ്റത്. ജനറല്‍ എം.എം നരവനെ (General MM Naravane) പടിയിറങ്ങിയതിന് പിന്നാലെയാണ് മനോജ് പാണ്ഡെ പുതിയ ദൗത്യം ഏറ്റെടുത്തത്. സേനയിലെ ഏറ്റവും മുതിര്‍ന്ന ലഫ്റ്റനന്റായ മനോജ് പാണ്ഡെ എഞ്ചിനിയറിംഗ് വിംഗില്‍ നിന്ന് കരസേന മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ്.
സേനാ നവീകരണമാണ് പ്രധാനദൗത്യം, വെല്ലുവിളികളെ ശക്തിയുക്തം നേരിടുമെന്നും ചുമതയേറ്റ ശേഷം കരസേന മേധാവി വ്യക്തമാക്കി. അതേസമയം അന്തരിച്ച ചീഫ് ഓഫ് ഡിഫന്‍സ് ബിപിന്‍ റാവത്തിന്റെ പിന്മാഗിയായി പുതിയ സംയുക്ത സൈനിക മേധാവി പദത്തിലേക്ക് ആരെ നിയമിക്കുമെന്നതില്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടായിട്ടില്ല.
Also Read- ബാച്ച് നമ്പര്‍ 61; ഇന്ത്യന്‍ പ്രതിരോധത്തിന്റെ കരുത്ത്; രാജ്യത്തെ മൂന്ന് സൈനിക മേധാവികളും ഒരേ ബാച്ചിലെ അംഗങ്ങള്‍
ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ച ശേഷം ജനറല്‍ മനോജ് പാണ്ഡെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ചൈനയും പാകിസ്ഥാനും ഇന്ത്യയുമായുള്ള നിലപാട് മയപ്പെടുത്തി ചര്‍ച്ചകള്‍ക്ക് തയ്യാറായ പശ്ചാത്തലത്തിലാണ് ചുമതലയേല്‍ക്കുന്നതെങ്കിലും വെല്ലുവിളികള്‍ നിരവധിയാണെന്നാണ് മനോജ് പാണ്ഡെ പറയുന്നത്.
സേനാ നവീകരണം ഇനിയും പൂര്‍ണ്ണമായിട്ടില്ല. ഒരേ മനസോടെ മൂന്ന് സേനകളും ഒന്നിച്ച് നീങ്ങുമെന്നും മനോജ് പാണ്ഡെ വ്യക്തമാക്കി. ഉപമേധാവിയായി ജനറല്‍ ബി.എസ് രാജുവും ചുമതലയേറ്റു.
നമ്മുടെ അർധസൈനിക വിഭാഗങ്ങളെ അറിയാം; ഭാഗം 6: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് CISF
രാജ്യത്തെ സുപ്രധാന സർക്കാർ കെട്ടിടങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടെയും സംരക്ഷണത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഉയരുമ്പോൾ കേന്ദ്ര സർക്കാരിന് ഏറ്റവും വിശ്വസിച്ച് ഏൽപ്പിക്കാവുന്ന സേനയാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF). 3129 ജവാൻമാരുമായി 1969ലാണ് സിഐഎസ്എഫ് പ്രവർത്തനം ആരംഭിച്ചത്. നിലവിൽ 1.5 ലക്ഷം ജവാൻമാരുമായി രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ അർധസൈനിക വിഭാഗമാണ് സിഐഎസ്എഫ് (Paramilitary Force). സുരക്ഷയാണ് പ്രധാന ചുമതലയെങ്കിലും ഭീകരവാദികളുമായും നക്സലുകളോടും സിഐഎസ്എഫിന് പലപ്പോഴും നേർക്കുനേർ ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്.
രാജ്യത്തിലെ എയർപോർട്ടുകൾ, താജ് മഹൽ പോലുള്ള ചരിത്ര സ്മാരകങ്ങൾ, മന്ത്രിമാരുടെ ഓഫീസുകൾ, പ്രധാനപ്പെട്ട ചില സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെയെല്ലാം സുരക്ഷാ ചുമതല സിഐഎസ്എഫിനാണ്. വിവിധ സ്വകാര്യ സ്ഥാപനങ്ങൾ, സ്കൂളുകൾ എന്നിവയ്ക്ക് കൺസൾട്ടേഷനും സുരക്ഷാ പരിശീലനവും സിഐഎസ്എഫ് നൽകാറുണ്ട്. ഇത്തരത്തിൽ രാജ്യത്തുള്ള ഏക സേനയാണിത്.
സാമ്പത്തികമായി സർക്കാരിന് ഏറ്റവും കുറഞ്ഞ ബാധ്യത നൽകുന്ന അർധ സൈനിക വിഭാഗമാണ് സിഐഎസ്എഫ്. സുരക്ഷാ ചുമതലയുള്ള സ്ഥാപനങ്ങളിൽ നിന്ന് തന്നെ ഈ സേനയ്ക്കുള്ള വരുമാനം ലഭിക്കും. Z+, Z, X, Y എന്നിങ്ങനെ കാറ്റഗറികളായി തരംതിരിച്ചിട്ടുള്ളവർക്ക് സുരക്ഷ നൽകുന്നതും സിഐഎസ്എഫാണ്. സാഹചര്യമനുസരിച്ച് വ്യക്തികൾക്കാണ് ഇത്തരത്തിൽ സുരക്ഷ പ്രഖ്യാപിക്കാറുള്ളത്. പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള സേനാംഗങ്ങളെയാണ് ഇതിനായി നിയോഗിക്കുക.
ചരിത്രം അറിയാം
1969 മാർച്ച് 10നാണ് CISF ന്റെ രൂപികരണം. രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളുടെ സംരക്ഷണമായിരുന്നു പ്രധാന ചുമതല. 1999 ഡിസംബറിൽ ഇന്ത്യൻ എയർലൈൻസിന്റെ ഐസി 814 എന്ന വിമാനം ഹൈജാക്ക് ചെയ്തതിന് ശേഷം സേനയ്ക്ക് വിമാനത്താവളങ്ങളുടെ ചുമതലയും നൽകി. 2000ൽ സിഐഎസ്എഫിന് ജയ്പൂർ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല ലഭിച്ചു. 2006 മുതലാണ് വിവിഐപികൾക്ക് സുരക്ഷ ഒരുക്കാൻ ചുമതലപ്പെടുത്തിയത്. 2006 നവംബർ മുതൽ പ്രത്യേക സുരക്ഷാ സംഘം എന്ന ഒരു വിഭാഗവും സേനയ്ക്ക് കീഴിൽ പ്രവർത്തനം തുടങ്ങി. 2007 മുതൽ ഡൽഹി മെട്രോയുടെ സുരക്ഷാച്ചുമതല ഡൽഹി പോലീസിൽ നിന്ന് മാറ്റി സിഐഎസ്എഫിന് നൽകി. പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള അഗ്മിശമന സേനാവിഭാഗമുള്ള ഏക അർധസൈനിക വിഭാഗമാണ് സിഐഎസ്എഫ്. ഇതിനായുള്ള പ്രത്യേക സംഘവും സേനയിലുണ്ട്.
ശക്തിയും പ്രവർത്തനരീതിയും
വരുന്ന കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ സിഐഎസ്എഫിലെ ജവാൻമാരുടെ എണ്ണം 1.8 ലക്ഷമായി ഉയരും. ഇന്ത്യയിലെ പ്രധാന കെട്ടിടങ്ങൾക്കും ചരിത്രസ്മാരകങ്ങൾക്കും വലിയ സുരക്ഷാഭീഷണിയുണ്ട്. ഭീകരവാദികളിൽ നിന്ന് ഭീഷണിയുള്ള സ്ഥാപനങ്ങൾക്ക് സുരക്ഷ നൽകാൻ സിഐഎസ്എഫിൻെറ സേവനം അനിവാര്യമാണ്. ഏറ്റവും അത്യാധുനികമായ സുരക്ഷാ സംവിധാനങ്ങളുമായാണ് സേന പ്രവർത്തിക്കുന്നത്.
സിഐഎസ്എഫിൻെറ ഘടനയും മറ്റ് അർധസൈനിക വിഭാഗങ്ങളെ പോലെയാണ്. ഐപിഎസ് പദവിയിലുള്ള ഒരു ഡയറക്ടർ ജനറൽ (ഡിജി) റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സേനയെ നയിക്കുക. നാല് അഡീഷണൽ ഡയറക്ടർ ജനറൽമാർ (എഡിജി) ഡിജിയെ സഹായിക്കാനായി ഉണ്ടാവും. ഈ എഡിജി അല്ലെങ്കിൽ സ്പെഷ്യൽ ഡയറക്ടർ ജനറൽ (എസ്ഡിജി) പദവിയിലുള്ള ഉദ്യോഗസ്ഥർ ഉത്തരമേഖല, ദക്ഷിണമേഖല, വിമാനത്താവളങ്ങൾ, സിഐഎസ്എഫ് ആസ്ഥാനം എന്നിവയുടെ ചുമതല വഹിക്കും. വിവിധ വകുപ്പുകളുടെ ചുമതല വഹിക്കുന്ന ഒരു ഡസനോളം ഇൻസ്പെക്ടർ ജനറൽമാർ ഇവർക്ക് കീഴിലുണ്ടാവും.
ഒരു ഡിഐജിയും ഡെപ്യൂട്ടി കമാൻഡന്റ് തലത്തിലുള്ള ഉദ്യോഗസ്ഥരും ചേർന്നാണ് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്ക് നേതൃത്വം നൽകുന്നത്. ചീഫ് എയർപോർട്ട് സെക്യൂരിറ്റി ഓഫീസർമാർ എന്നാണ് ഈ ഉദ്യോഗസ്ഥരെ വിളിക്കുന്നത്. സിഐഎസ്എഫിന്റെ അഗ്നിശമന വിഭാഗത്തെ നയിക്കുന്നത് ഐജി തലത്തിലുള്ള ഉദ്യോഗസ്ഥനാണ്. 1990കൾ മുതൽ തന്നെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, പൈതൃക സ്മാരകങ്ങൾ, ആണവ നിലയങ്ങൾ, ബഹിരാകാശ സ്ഥാപനങ്ങൾ എന്നിവയുടെ സുരക്ഷാ ചുമതല സേനയ്ക്ക് നൽകിവരുന്നുണ്ട്.
പോരാട്ട കഥകൾ
സുപ്രധാന ഇൻസ്റ്റിറ്റ്യൂഷനുകളുടെ സുരക്ഷ വഹിക്കാൻ തുടങ്ങിയത് മുതൽ നിരവധി ആക്രമണങ്ങളെ സിഐഎസ്എഫ് ചെറുത്തുതോൽപ്പിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ ഭീകരർക്കെതിരായ പോരാട്ടത്തിലും രാജ്യത്തെ നക്സൽ ബാധിത മേഖലകളിലും സേനയെ വിന്യസിച്ചിട്ടുണ്ട്. ഇവിടെയെല്ലാം അസാമാന്യ പോരാട്ടമികവാണ് സിഐഎസ്എഫ് നടത്തിയിട്ടുള്ളത്. 2020 ജനുവരിയിൽ കശ്മീരിൽ ഒരു വലിയ ഭീകരാക്രമണ ശ്രമത്തെ സേന നിർവീര്യമാക്കിയിട്ടുണ്ട്.
നഗ്രോട്ടയിലെ ബാൻ ടോൾ പ്ലാസയിൽ വാഹനങ്ങൾ പരിശോധിക്കാൻ സിഐഎസ്എഫ് ജവാൻമാർക്കാണ് ചുമതലയുണ്ടായിരുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനാൽ ഒരു ട്രക്ക് പരിശോധിക്കാൻ തീരുമാനിച്ചു. വൻതോതിൽ സ്ഫോടക വസ്തുക്കളാണ് ഈ ട്രക്കിൽ നിന്ന് പിടികൂടിയത്. ആക്രമണത്തിന് പദ്ധതിയിട്ട ഭീകരവാദികളെയും സിഐഎസ്എഫ് പിടികൂടി.
ഛതീസ്ഗഢിലെ ദന്തേവാഡയിൽ നക്സലുകൾക്കെതിരെയും സമാനമായ രീതിയിലുള്ള ഏറ്റുമുട്ടൽ സിഐഎസ്എഫ് നടത്തിയിട്ടുണ്ട്. നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ബൈലാഡില ഇരുമ്പയിര് പദ്ധതിയുടെ സ്ഥാപനത്തിൻെറ ചുമതല വഹിക്കുമ്പോഴാണ് സംഭവം. ഗ്രനേഡുകൾ, പെട്രോൾ ബോംബുകൾ, തോക്കുകൾ മുതലായവയുമായി വലിയ സംഘം നക്സലുകളാണ് സിഐഎസ്എഫ് പോസ്റ്റിന് നേരെ ആക്രമണം നടത്തിയത്. ഉദ്യോഗസ്ഥരോട് കീഴടങ്ങാൻ ഇവർ ആവശ്യപ്പെട്ടു. എന്നാൽ കയ്യിലുണ്ടായിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് സേന നക്സലുകളെ പ്രതിരോധിക്കുകയും തുരത്തുകയും ചെയ്തു. നക്സലുകളുടെ വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ എട്ട് ജവാൻമാരാണ് അന്ന് വീരമൃത്യു വരിച്ചത്.
വിമാനത്താവളങ്ങളുടെ സുരക്ഷയിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിഐഎസ്എഫ് എടുക്കുന്നത്. സേനയുടെ നിയന്ത്രണത്തിലുള്ള ഒരു വിമാനത്താവളത്തിലും ഇത് വരെ ഭീകരാക്രമണങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ബജറ്റ്
സിഐഎസ്എഫിൻെറ അംഗസംഖ്യ വർധിപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. അതിനാൽ സാധാരണ അനുവദിക്കാറുള്ള ബജറ്റിനേക്കാൾ കൂടുതൽ തുക സർക്കാർ സേനയ്ക്കായി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ 12,201.90 കോടി രൂപയാണ് സേനക്കായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. സേനയുടെ ആധുനികവൽക്കരണമാണ് പ്രധാനലക്ഷ്യം.
പരിശീലനം
ഓരോ രണ്ട് വർഷം കൂടുമ്പോഴും പരിശീലനപദ്ധതി നവീകരിക്കുകയെന്നുള്ളത് സിഐഎസ്എഫിൻെറ രീതിയാണ്. സിഐഎസ്എഫിന്റെ കീഴിലുള്ള നാഷണൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി അക്കാദമി ജവാൻമാർക്ക് വിദഗ്ദ പരിശീലനം നൽകുന്നു. രാജ്യത്തെ വിവിധ സുരക്ഷാ ഏജൻസികൾക്കും ഇവർ പരിശീലനം നൽകുന്നുണ്ട്. അമേരിക്കൻ മാതൃകയിലുള്ള പ്രത്യേക ആയുധങ്ങളും തന്ത്രങ്ങളും പരിശീലിപ്പിക്കുന്നുണ്ട്.
എയർപോർട്ടുകൾ, മെട്രോ സ്റ്റേഷനുകൾ, മറ്റ് പ്രധാന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിന്യസിക്കാറുള്ള ക്വിക്ക് റിയാക്ഷൻ ടീമുകൾക്കും (QRT) ഇവർ തന്നെയാണ് പരിശീലനം നൽകുന്നത്. സിഐഎസ്എഫ് അക്കാദമിയിൽ രണ്ട് ഡസനോളം കോഴ്സുകളാണ് പഠിപ്പിക്കുന്നത്. ആയുധങ്ങളുടെ പരിശീലനവും മറ്റ് തന്ത്രമുറകളുമെല്ലാം ഇതിലുൾപ്പെടും. വിവിഐപികളുടെ സുരക്ഷാച്ചുമതല വഹിക്കുന്ന സ്പെഷ്യൽ സെക്യൂരിറ്റി ഗ്രൂപ്പിന് മറ്റ് വിവിധ ഏജൻസികളിൽ നിന്നും പരിശീലനവും ലഭിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.