• HOME
 • »
 • NEWS
 • »
 • india
 • »
 • സ്‌കൂളിലെത്തുന്നത് 800 മീറ്റര്‍ വള്ളം തുഴഞ്ഞ്; പ്രളയത്തെ വെല്ലുവിളിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് പ്രശംസയുമായി രാഹുല്‍ ഗാന്ധി

സ്‌കൂളിലെത്തുന്നത് 800 മീറ്റര്‍ വള്ളം തുഴഞ്ഞ്; പ്രളയത്തെ വെല്ലുവിളിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് പ്രശംസയുമായി രാഹുല്‍ ഗാന്ധി

അധ്യാപക ദിനത്തില്‍ സന്ധ്യയുടെ വീഡിയോ പങ്ക് വെച്ചു കൊണ്ടാണ് രാഹുല്‍ ഗാന്ധി അധ്യാപകദിന ആശംസകള്‍ നേര്‍ന്നത്.

News18

News18

 • Share this:
  ഉത്തര്‍പ്രദേശില്‍ നിന്നുള്ള 15കാരിയുടെ ധൈര്യവും നിശ്ചയദാര്‍ഢ്യവും കാണിക്കുന്ന ഒരുവീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സ്‌കൂളിലേക്ക് വള്ളം തുഴഞ്ഞു പോകുന്ന വിദ്യാര്‍ത്ഥിനിയെ ആണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ഗോരഖ്പൂരിലെ ബഹ്രാംപൂര്‍ പ്രദേശത്തെ 11ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സന്ധ്യ സഹാനിയാണ്, സംസ്ഥാനത്ത് പ്രളയ ദുരന്തത്തെത്തുടര്‍ന്നുണ്ടായ ദുരിതത്തില്‍ തളര്‍ന്നു പോകാതെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ ധീരവും അസാധാരണവുമായ ഈ മാര്‍ഗ്ഗം സ്വീകരിച്ചത്.

  വളരെ ഒതുങ്ങി ജീവിയ്ക്കുന്ന ഒരു കുടുംബത്തിലെ അംഗമാണ് സന്ധ്യ. അവളുടെ അച്ഛന്‍ ഒരു മരപ്പണിക്കാരനാണ്. റാപ്തി നദിയുടെ അപകടകരമായ അവസ്ഥയെയും മറികടന്നാണ് സന്ധ്യ ദിവസവും തന്റെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് 800 മീറ്റര്‍ വള്ളം തുഴഞ്ഞു പോകുന്നത്. സമൂഹ മാധ്യമങ്ങളില്‍ വൈറലായ സന്ധ്യയുടെ വീഡിയോ കണ്ട് അവളെ പ്രശംസിച്ചു കൊണ്ട് നിരവധി ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് മുന്നോട്ട് വന്നിരിക്കുന്നത്.

  വീഡിയോ വൈറലായതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച സന്ധ്യ, സരോജിനി നായിഡു, ഇന്ദിര ഗാന്ധി, കല്‍പ്പന ചൗള, പിടി ഉഷ തുടങ്ങിയവരാണ് തന്റെ പ്രചോദനമെന്ന് പറഞ്ഞു. തന്റെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഒരു നല്ല ജീവിതം നേടിക്കൊടുക്കുന്നതിനായി നല്ല വിദ്യാഭ്യാസം നേടിയെടുക്കണമെന്ന ദൃഢനിശ്ചയമാണ് ഈ ധീരയായ വിദ്യാര്‍ത്ഥിനിയെ മുന്നോട്ട് നയിക്കുന്നത്.

  മൗലിക അവകാശമായ വിദ്യാഭ്യാസം നേടുന്നതിനായി സന്ധ്യ നടത്തുന്ന പോരാട്ടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കു വെയ്ക്കപ്പെടുകയാണ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് സന്ധ്യയുടെ ദൃശ്യങ്ങള്‍ മുന്‍നിര മാധ്യമങ്ങളുടെ ശ്രദ്ധയില്‍ എത്തിച്ചത്. കൂടാതെ അവള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ല എന്നും ഇവര്‍ പുറംലോകത്തെ അറിയിച്ചു. ബാങ്ക് റോഡിലുള്ള അയോധ്യ ദാസ് ഗേള്‍സ് ഇന്റര്‍ കോളേജിലാണ് സന്ധ്യ പഠിക്കുന്നത്. റാപ്തി നദി, വള്ളം തുഴഞ്ഞ് കടന്നതിന് ശേഷം രാജ്ഘട്ടിലെത്തി അവിടെ നിന്ന് മിനി വാനിലോ ടെമ്പോയിലോ ആണ് സന്ധ്യ സ്‌കൂളില്‍ എത്തുന്നത്.

  “കോവിഡ് 19 ലോക്ക്ഡൗണ്‍ കാരണം എന്റെ സ്‌കൂള്‍ വളരെക്കാലമായി അടച്ചിട്ടിരിക്കുകയായിരുന്നു. സ്‌കൂള്‍ തുറന്നപ്പോള്‍ ഞങ്ങള്‍ റാപ്തി നദിയിലെ പ്രളയത്തിന്റെ ദുരിതം നേരിടുകയാണ്. ഞാന്‍ മറ്റ് ട്യൂഷനുകള്‍ക്കൊന്നും പോകാതെ പൂര്‍ണ്ണമായും സ്‌കൂളിനെയാണ് പഠനത്തിനായി ആശ്രയിക്കുന്നത്. അതിനാല്‍ത്തന്നെ ഞാന്‍ കൂടുതല്‍ ക്ലാസ്സുകള്‍ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല,” സന്ധ്യ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.  സന്ധ്യയുടെ പരിശ്രമങ്ങളെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്ത് എത്തി. പ്രതിസന്ധികളില്‍ തളരാതെ ദൃഢനിശ്ചയത്തോടെ പൊരുതുന്ന സന്ധ്യയെ പ്രശംസിച്ച രാഹുല്‍, “സാഹചര്യങ്ങള്‍ ധാരാളം ബുദ്ധിമുട്ടുണ്ടാക്കിയിട്ടും ഈ പെണ്‍കുട്ടി തന്റെ ധൈര്യം കൈവെടിഞ്ഞില്ല. സന്ധ്യയുടെ ധൈര്യം ഒരുപാട് പഠിപ്പിക്കുന്നു” എന്ന് ട്വിറ്ററില്‍ അഭിപ്രായം പങ്കു വെച്ചു. അധ്യാപക ദിനത്തില്‍ സന്ധ്യയുടെ വീഡിയോ പങ്ക് വെച്ചു കൊണ്ടാണ് രാഹുല്‍ ഗാന്ധി അധ്യാപകദിന ആശംസകള്‍ നേര്‍ന്നത്.  തന്റെ ഗ്രാമത്തില്‍ പ്രളയജലം കൊണ്ടുണ്ടാകുന്ന നാശനഷ്ടങ്ങള്‍ തടയുന്നതിനായി പ്രദേശത്ത് ഒരു അണക്കെട്ട് നിര്‍മ്മിക്കണമെന്ന് സന്ധ്യ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ത്ഥിച്ചു.
  Published by:Jayesh Krishnan
  First published: