മുഖത്ത് ത്രിവർണപതാക വരച്ചെത്തിയ പെൺകുട്ടിക്ക് പ്രവേശനം നിഷേധിച്ച് പഞ്ചാബിലെ അമൃത്സറിലുള്ള സുവർണക്ഷേത്രം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വിവാദമാകുകയും ചെയ്തിട്ടുണ്ട്. പെൺകുട്ടി ഗുരുദ്വാരയിലെ ഒരു ജീവനക്കാരനുമായി തർക്കിക്കുന്നത് വീഡിയോയിൽ കേൾക്കാം.
പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്നയാൾ ഇത് ”ഇന്ത്യയല്ലേ?” എന്നും ചോദിക്കുന്നുണ്ട്. ഇത് പഞ്ചാബാണ് എന്നാണ് ഈ ജീവനക്കാരൻ മറുപടി നൽകുന്നത്. ”എന്ത് വിഡ്ഢിത്തമാണ് നിങ്ങൾ പറയുന്നത്”, എന്നാണ് പെൺകുട്ടി തുടർന്ന് ചോദിക്കുന്നത്. പിന്നാലെ ഇരുവരും തമ്മിൽ തർക്കിക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.
This is shocking! Women denied entry inside Golden Temple because she has Indian flag tatoo on her face. This khalistani should be immediately arrested. Just ignoring them is not the solution because their ego is getting fatter and fatter every day. pic.twitter.com/8h2CKaG5OO
— Radharamn Das राधारमण दास (@RadharamnDas) April 17, 2023
രാധാറാം ദാസ് എന്നയാളാണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ”ഇത് ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. മുഖത്ത് ഇന്ത്യൻ പതാക വരച്ചതിനാലാണ് ഈ പെൺകുട്ടിക്ക് സുവർണ ക്ഷേത്രത്തിനുള്ളിൽ പ്രവേശനം നിഷേധിച്ചത്. ഈ ഖലിസ്ഥാനിയെ ഉടൻ അറസ്റ്റ് ചെയ്യണം. ഈ പ്രശ്നം കണ്ടില്ലെന്ന് നടിക്കരുത്. കാരണം അവരുടെ ഈഗോ ദിവസവും വർദ്ധിച്ചു വരികയാണ്”, രാധാറാം ദാസ് ട്വീറ്റ് ചെയ്തു.
ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) ജനറൽ സെക്രട്ടറി ഗുർചരൺ സിംഗ് ഗ്രെവാൾ സംഭവത്തിൽ ക്ഷമാപണം നടത്തി. പതാകയിൽ അശോകചക്രം ഇല്ലായിരുന്നു എന്നും ഇതാണ് ജീവനക്കാരനിൽ ആശയക്കുഴപ്പം ഉണ്ടാക്കിയത് എന്നും ഗുർചരൺ സിംഗ് ഗ്രെവാൾ പറഞ്ഞു. ”ഇതൊരു സിഖ് ആരാധനാലയമാണ്. എല്ലാ ആരാധനാലയങ്ങൾക്കും അതിന്റേതായ പ്രത്യേകതളുണ്ട്. ഇവിടേക്ക് എല്ലാവരേയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ജീവനക്കാരൻ മോശമായി പെരുമാറിയെങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. പെൺകുട്ടിയുടെ മുഖത്തെ പതാകയിൽ അശോകചക്രം ഇല്ലായിരുന്നു. അത് നമ്മുടെ ദേശീയ പതാകയാകില്ലല്ലോ. അതൊരു രാഷ്ട്രീയം സൂചിപ്പിക്കുന്ന പതാകയായിരിക്കാം”, ഗുർചരൺ സിംഗ് കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Golden Temple, Punjab