• HOME
  • »
  • NEWS
  • »
  • india
  • »
  • ‘ആഗോള സമ്പദ്‌വ്യവസ്ഥ പരസ്പരാശ്രിതമാണ്’: റഷ്യ സന്ദർശനത്തിൽ യുക്രൈൻ വിഷയം ഉന്നയിച്ച് എസ് ജയശങ്കർ

‘ആഗോള സമ്പദ്‌വ്യവസ്ഥ പരസ്പരാശ്രിതമാണ്’: റഷ്യ സന്ദർശനത്തിൽ യുക്രൈൻ വിഷയം ഉന്നയിച്ച് എസ് ജയശങ്കർ

'പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് പറഞ്ഞതുപോലെ, ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ല. ആഗോള സമ്പദ്‌വ്യവസ്ഥ പരസ്പരാശ്രിതമാണ്'- എസ് ജയശങ്കർ പറഞ്ഞു

  • Share this:
രണ്ട് ദിവസത്തെ റഷ്യ സന്ദർശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൊവ്വാഴ്ച റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവുമായി കൂടിക്കാഴ്ച്ച നടത്തി. വ്യാപാരം, നിക്ഷേപം, ഗതാഗതം, ലോജിസ്റ്റിക്‌സ്, ഊർജ മേഖലയിലെ പദ്ധതികൾ എന്നിവ സംബന്ധിച്ചായിരുന്നു ഇരുവരും തമ്മിൽ ചർച്ച. ഉഭയകക്ഷി ചർച്ചയ്ക്കിടെ, വിദേശകാര്യമന്ത്രി റഷ്യ-ഉക്രെയ്ൻ സംഘർഷ വിഷയവും ഉന്നയിച്ചു. "ആഗോള സമ്പദ്‌വ്യവസ്ഥ പരസ്പരാശ്രിതമാണ്" എന്ന് ഊന്നിപ്പറഞ്ഞായിരുന്നു എസ് ജയശങ്കർ ഇക്കാര്യം സൂചിപ്പിച്ചത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയ്ക്ക് നേട്ടമാണെന്നും ഇത് തുടരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയും യുക്രൈനും തമ്മിൽ യുദ്ധം രൂക്ഷമാകുന്നതിനെ തുടർന്ന് ആഗോളതലത്തിൽ വർദ്ധിച്ചു വരുന്ന ആശങ്കകൾക്കിടയിലാണ് ജയശങ്കറിന്റെ ലാവ്‌റോവുമായുള്ള കൂടിക്കാഴ്ച.

“ഇന്ത്യയ്ക്ക് റഷ്യയുമായി ദീർഘകാല ബന്ധമാണുള്ളത്. ഈ ബന്ധം നിലനിർത്താനും കൂടുതൽ ദൃഢമാക്കാനുമുള്ള വഴികൾ കണ്ടെത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇരു രാജ്യങ്ങൾക്കും താൽപ്പര്യങ്ങളുള്ള മേഖലകളെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം എങ്ങനെ വിപുലീകരിക്കാം എന്നതിനെക്കുറിച്ച് സംസാരിച്ചു. വ്യാപാര അസന്തുലിതാവസ്ഥയെക്കുറിച്ച് ഞങ്ങൾ സ്വാഭാവികമായും ആശങ്കാകുലരാണ്“ ലാവ്‌റോവിനൊപ്പമുള്ള പത്രസമ്മേളനത്തെ അഭിസംബോധന ചെയ്ത് ജയശങ്കർ പറഞ്ഞു.

റഷ്യ-ഉക്രെയ്ൻ യുദ്ധത്തെക്കുറിച്ചും ജയശങ്കർ സംസാരിച്ചു. “ഞങ്ങൾ അന്താരാഷ്ട്ര വിഷയങ്ങളിലെ വീക്ഷണങ്ങൾ പരസ്പരം കൈമാറി. യുക്രെയ്ൻ സംഘർഷം അതിൽ പ്രധാന വിഷയമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് പറഞ്ഞതുപോലെ, ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ല. ആഗോള സമ്പദ്‌വ്യവസ്ഥ പരസ്പരാശ്രിതമാണ്" അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 16 ന് ഉസ്‌ബെക്ക് നഗരമായ സമർകണ്ടിൽ പുടിനുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

"ഞങ്ങളെ സംബന്ധിച്ചിടത്തോളം റഷ്യ ഒരു 'സ്ഥിര പങ്കാളിയാണ്' എന്നും ജയശങ്കർ വ്യക്തമാക്കി. റഷ്യൻ എണ്ണ ഇറക്കുമതിയെക്കുറിച്ചും ജയശങ്കർ സംസാരിച്ചു. "ഇന്ത്യ-റഷ്യ ബന്ധം പ്രയോജനകരമാണ്. അത് രാജ്യത്തിന്റെ നേട്ടത്തിനായി പ്രവർത്തിക്കുന്നതിനാൽ തുടരാൻ ആഗ്രഹിക്കുന്നതായും " അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി റഷ്യയിൽ നിന്നുള്ള ഡിസ്കൌണ്ട് ലഭ്യമായ എണ്ണയുടെ ഇറക്കുമതി രാജ്യത്ത് വർദ്ധിപ്പിച്ചതായും വ്യക്തമാക്കി. എന്നാൽ പല പാശ്ചാത്യ ശക്തികൾക്കും ഇത് സംബന്ധിച്ച് ആശങ്ക വർധിപ്പിച്ചിരുന്നു.

മാനുഷികതയുടെ അടിസ്ഥാനത്തിൽ താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാന് പൂർണ്ണ പിന്തുണ നൽകണമെന്ന് മറ്റ് ലോകരാജ്യങ്ങളോട് ജയശങ്കർ അഭ്യർത്ഥിച്ചു. “അഫ്ഗാനിസ്ഥാനിലെ സാഹചര്യം ലോകം മറക്കരുത്. കാരണം ഇന്ന് അതിന് അർഹമായ ശ്രദ്ധ ലഭിക്കുന്നില്ല. ഇന്ത്യ ഭക്ഷണം, മരുന്നുകൾ, വാക്സിനുകൾ എന്നിവ അഫ്ഗാനിസ്ഥാന് നൽകിയിട്ടുണ്ട്, അഫ്ഗാൻ ജനതയെ പിന്തുണയ്ക്കാനുള്ള വഴികൾ കണ്ടെത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്“ ജയശങ്കർ കൂട്ടിച്ചേർത്തു.
Published by:Anuraj GR
First published: