ആഗോളതലത്തിലുള്ള പ്രതിസന്ധി ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. 2022-23 സാമ്പത്തിക വർഷത്തിൽ രാജ്യം 7 ശതമാനം വളർച്ച കൈവരിക്കുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു. കൃത്യമായ ആഭ്യന്തര നയങ്ങളുടെ ഫലമായാണ് ഇന്ത്യൻ സാമ്പത്തിക മേഖല തളരാതെ പിടിച്ച് നിൽക്കുന്നത്. വളർച്ച വർധിപ്പിക്കുന്നതിനുള്ള ഘടനാപരമായ പരിഷ്‌കാരങ്ങളിൽ സർക്കാർ ഇനിയും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അവർ വ്യക്തമാക്കി.
വെള്ളിയാഴ്ച നടന്ന ഇന്റർനാഷണൽ മോണിറ്ററി ഫിനാൻസ് കമ്മിറ്റിയുടെ (ഐഎംഎഫ്‌സി) പ്ലീനറി സെഷനിനിടെയാണ് നിർമല സീതാരാമൻ ഇക്കാര്യം അഭിപ്രായപ്പെട്ടത്. ആഗോള സമ്പദ് വ്യവസ്ഥ വലിയ പ്രതിസന്ധി നേരിടുന്ന ഒരു സാഹചര്യത്തിലാണ് യോഗം നടന്നത്. ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികൾ പോലും തളർച്ചയെ നേരിടുകയാണ്. ഭക്ഷ്യ വസ്തുക്കളുടെ വില വർധിക്കുന്നതും ഊർജ്ജ പ്രതിസന്ധിയും പണപ്പെരുപ്പവുമെല്ലാം ആഗോള സാമ്പത്തിക മേഖലയെ വലിയ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളെല്ലാം ദുർബല സാമ്പത്തിക ശക്തികളെ കാര്യമായി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
“ആഗോള സാമ്പത്തിക പ്രതിസന്ധിയിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ സാധാരണ പോലെ തന്നെ പുരോഗതി കൈവരിച്ച് കൊണ്ട് മുന്നോട്ട് പോവും. 2022-23 സാമ്പത്തിക വർഷത്തിൽ ഏഴ് ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. മെച്ചപ്പെട്ട ആഭ്യന്തര നയം കൊണ്ടാണ് നമുക്ക് മെച്ചപ്പെട്ട നിലയിൽ മുന്നോട്ട് പോകാൻ സാധിക്കുന്നത്. വളർച്ച വർദ്ധിപ്പിക്കുന്നതിനുള്ള ഘടനാപരമായ പരിഷ്കാരങ്ങളിൽ ഗവൺമെന്റ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും," അവർ ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
പണപ്പെരുപ്പം നിയന്ത്രിക്കാൻ ശ്രമിച്ച് കൊണ്ട് സാമ്പത്തിക വളർച്ചയെ മുന്നോട്ട് കൊണ്ട് പോവാൻ പറ്റുന്ന എല്ലാ നടപടിയും ഇന്ത്യൻ സർക്കാർ എടുക്കുന്നുണ്ടെന്ന് നിർമല സീതാരാമൻ IMFC അംഗങ്ങളോട് വ്യക്തമാക്കി. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന 800 ദശലക്ഷത്തിലധികം കുടുംബങ്ങൾക്ക് കഴിഞ്ഞ 25 മാസവും സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ നൽകുവാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിലെ നവീകരണത്തിൻെറ കാര്യത്തിൽ ഇന്ത്യ ഇന്ന് ലോകത്ത് തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ്. ഇക്കാര്യത്തിൽ ലോകത്തിൽ ഏറ്റവും ചെലവ് കുറവുള്ളത് ഇന്ത്യയിലാണെന്നും നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി.
ആഗോള സാമ്പത്തിക വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി വികസ്വര സാമ്പത്തിക ശക്തികൾക്കും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്കും കൂടുതൽ വിഭവങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഐഎംഎഫ് ഉറപ്പാക്കണമെന്നും ഇന്ത്യൻ ധനകാര്യമന്ത്രി ആവശ്യപ്പെട്ടു. ഐഎംഎഫിലെ മൾട്ടി-ലാറ്ററൽ ലെൻഡിംഗ് ഏജൻസിയിലെ വോട്ടിംഗ് ഷെയറുകൾ നിർണ്ണയിക്കുന്ന കാര്യത്തിൽ ഇന്ത്യയുടെ ക്വാട്ട 2.75 ശതമാനമാണ്. ചൈനയുടെ ക്വാട്ട 6.4 ശതമാനവും യുഎസിന്റേത് 17.43 ശതമാനവുമാണ്.
താഴ്ന്ന വരുമാനമുള്ള പല രാജ്യങ്ങളിലെയും രൂക്ഷമായ കടബാധ്യതയാണ് ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി. ലോകത്തെ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പ്രതിസന്ധി പരിഹരിക്കാനുള്ള ഐഎംഎഫിൻെറ പുതിയ ഇടപെടലുകളെ അവർ സ്വാഗതം ചെയ്തു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു പൊതുനയം രൂപവൽക്കരിക്കണമെന്നും സീതാരാമൻ അഭിപ്രായപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: FM Nirmala Sitharaman, FM Nirmala sitharaman speech, Nirmala sitharaman