ന്യൂഡൽഹി : പതിറ്റാണ്ടുകളായി ഗാന്ധി കുടുംബം കയ്യടക്കി വച്ചിരുന്ന അമേഠി സീറ്റ് പിടിച്ചെടുത്ത ആഹ്ളാദത്തിലാണ് ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനി. 55000ത്തിലധികം വോട്ടുകൾക്കാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇവിടെ പരാജയപ്പെട്ടത്. 2014 ലും അമേഠിയിൽ രാഹുലിനെതിരെ കടുത്ത മത്സരം കാഴ്ച വക്കാൻ സ്മൃതിക്ക് കഴിഞ്ഞിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. എന്നാൽ മൂന്ന് ലക്ഷത്തോളം വോട്ടുകൾ നേടി രാഹുലിന്റെ വോട്ടിംഗ് ശതമാനത്തിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നു.
ഒരുതവണ കൈവിട്ട് പോയ വിജയം തിരികെ പിടിച്ച ആവേശത്തിലാണ് സ്മൃതി. അമേഠിയിൽ രാഹുൽ ഗാന്ധി നൽകിയ നിറവേറ്റപ്പെടാത്ത വാഗ്ദാനങ്ങളിലൂന്നിയായിരുന്നു തന്റെ പ്രവർത്തനമെന്നായിരുന്നു വിജയിച്ച ശേഷം ന്യൂസ്18 നോട് സംസാരിക്കവെ അവർ പ്രതികരിച്ചത്.
Also Read-അമേത്തിയിൽ സ്മൃതി ഇറാനിയുടെ തേരോട്ടം; നെഹ്റു കുടുംബാംഗത്തിന്‍റെ ആദ്യ തോൽവി
'ഒരു വ്യക്തിയിൽ അല്ല ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. നിറവേറ്റാനായി ചുമതലകൾ ഉണ്ടായിരുന്നിട്ടും അത് പൂർത്തിയാക്കാത്ത ആൾ എന്ന ആശയത്തിലൂന്നിയായിരുന്നു പ്രവർത്തനം. കഴിഞ്ഞ അഞ്ച് വർഷമായുള്ള ഞങ്ങളുടെ പരിശ്രമം ഇതിനായിരുന്നു. 2014 ൽ തന്നെ ആദ്യമാറ്റങ്ങൾ കണ്ടു തുടങ്ങിയിരുന്നു.. എന്റെ സംഘടന നിരന്തരമായി പരിശ്രമിച്ചു ഒടുവിൽ അത് ഫലം കണ്ടു'.. ഇറാനി വ്യക്തമാക്കി.
അമേഠിയിൽ സ്മൃതി ഇറാനി നടത്തിയ പ്രവർത്തനങ്ങൾ തന്നെയാണ് അവർക്ക് ഗുണം ചെയ്തതെന്നാണ് രാഷ്ട്രീയ വിദഗ്ധർ പറയുന്നത്. മാസങ്ങളോളം അവിടെ പ്രചാരണം നടത്തിയ ഇറാനി സാധാരണ ജനങ്ങളുമായി സംവദിക്കാൻ സമയം കണ്ടെത്തി. കേന്ദ്രസഹായത്തോടെ പല വികസന പ്രവർത്തനങ്ങളും നടപ്പാക്കി. എന്നാൽ ദേശീയ ചുമതലുകളുള്ള രാഹുൽ കൂടുതൽ സമയവും പര്യടനങ്ങളിലായിരുന്നു.
' ഇത് ഒരു നാഴികക്കല്ലാണ്. ജനങ്ങളെ സേവിക്കുക എന്നത് അഭിമാനകരമായി കരുതുന്ന സംഘടനയാണ് ഞങ്ങളുടെത്.. 2014 ൽ തന്നെ രാഹുലിന്റെ തോൽവിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചു തുടങ്ങിയിരുന്നു.. 2017 ൽ അത് ഉറപ്പായി 2019 ഓടെ ഞങ്ങൾ അത് യാഥാർഥ്യമാക്കി'യെന്നും സ്മൃതി പറയുന്നു.
അഞ്ച് വർഷം മുൻപത്തെക്കാൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന ഉറപ്പിൽ തന്നെയായിരുന്നു ബിജെപി സ്മൃതിയെ വീണ്ടും അമേഠിയിൽ മത്സരിക്കാനിറക്കിയത്. ആ തീരുമാനം ശരിയായിരുന്നുവെന്ന് ഫലത്തിൽ നിന്നു വ്യക്തം. മണ്ഡലത്തിൽ രാഹുലിന്റെ അസാന്നിധ്യം മുതലെടുത്ത സ്മൃതി അത് വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തി തനിക്ക് അനുകൂലഘടകമാക്കി മാറ്റുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Lok sabha chunav parinam 2019, Lok sabha election result, Lok sabha election result 2019, Lok Sabha election results, അമേഠി, കോൺഗ്രസ്, നരേന്ദ്ര മോദി, ബിജെപി, യുഡിഎഫ്, രാഹുൽ ഗാന്ധി, ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം, സ്മൃതി ഇറാനി