നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Tamil Nadu | സ്വകാര്യ ക്ലിനിക്ക് വഴി രോഗിയിൽ നിന്ന് പണം തട്ടിയെടുത്തു; സര്‍ക്കാര്‍ ഡോക്ടറെ സ്ഥലം മാറ്റി ആരോഗ്യവകുപ്പ്

  Tamil Nadu | സ്വകാര്യ ക്ലിനിക്ക് വഴി രോഗിയിൽ നിന്ന് പണം തട്ടിയെടുത്തു; സര്‍ക്കാര്‍ ഡോക്ടറെ സ്ഥലം മാറ്റി ആരോഗ്യവകുപ്പ്

  ഒരു ദിവസം കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് രാജേശ്വരിയെ പിഎച്ച്‌സിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി

  doctor

  doctor

  • Share this:
   സ്വകാര്യ ക്ലിനിക്ക് (Private Clinic) വഴി രോഗിയിൽ നിന്ന് പണം തട്ടിയെടുത്ത സംഭവത്തില്‍ സര്‍ക്കാര്‍ ഡോക്ടറെ (Government Doctor) സ്ഥലം മാറ്റി ജില്ലാ ആരോഗ്യവകുപ്പ് (District Health Department). ഉദുമലൈപേട്ടയിലെ (Udumalaipet) ഒരു രോഗിയില്‍ നിന്നാണ് ഡോക്ടര്‍ പണം തട്ടിയെടുത്തത്. തിരുപ്പൂര്‍ ജില്ലയിലെ മടത്തുകുളം കാരത്തൊലുവ് ഗ്രാമത്തിലെ നിവാസികളായ മരുദമുത്തു (33),അദ്ദേഹത്തിന്റെ ഭാര്യ രാജേശ്വരി (24) എന്നിവരാണ് തട്ടിപ്പിനിരയായത്. രാജേശ്വരി ഗര്‍ഭിണിയായിരുന്നു. അവര്‍ കാണിയൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സ്ഥിരമായി ചികിത്സ തേടിയിരുന്നു.

   ഒരു ദിവസം കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് രാജേശ്വരിയെ പിഎച്ച്‌സിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. അഞ്ച് മാസം പ്രായമായ ഗർഭസ്ഥശിശു ചലിക്കുന്നില്ലെന്നും സ്‌കാന്‍ ചെയ്യണമെന്നും അവിടെ നിന്ന് നിര്‍ദേശിച്ചു. പിന്നീട് ഇവര്‍ സ്വകാര്യ കേന്ദ്രത്തിലെത്തി സ്‌കാന്‍ ചെയ്ത് പരിശോധന നടത്തിയപ്പോഴാണ് കുഞ്ഞ് മരിച്ചതായി അറിയുന്നത്.

   സെപ്റ്റംബര്‍ 23ന് ഉദുമലൈപേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഗൈനക്കോളജിസ്റ്റ് ഡോ. ജോതിമണി ഗർഭസ്ഥശിശുവിനെ നീക്കം ചെയ്യാമെന്ന് രാജേശ്വരിക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ചില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ രാജേശ്വരിക്ക് ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടു. മരുദമുത്തു ഡോക്ടറോട് രാജേശ്വരിയെ പരിചരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

   പിന്നീട് മെഡിക്കല്‍ അറ്റൻഡര്‍മാരും നഴ്‌സുമാരും രാജേശ്വരിയെ സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റാന്‍ മരുദമുത്തുവിനോട് പറഞ്ഞു. തുടർന്ന് അദ്ദേഹം സെപ്റ്റംബര്‍ 28ന് രാജേശ്വരിയെ സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്കായി 37,000 രൂപ നൽകുകയും ചെയ്തു. എന്നാല്‍ സർക്കാർ ആശുപത്രിയിൽ ചികിത്സ വൈകിപ്പിച്ച ഡോക്ടർ ജോതിമണി തന്നെ ഒരു മണിക്കൂറിനുള്ളില്‍ സ്വകാര്യ ക്ലിനിക്കില്‍ വെച്ച് രാജേശ്വരിയെ ചികിത്സിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ചികിത്സ വൈകിപ്പിക്കുകയും സ്വകാര്യ ക്ലിനിക്ക് വഴി പണം തട്ടുകയും ചെയ്‌തെന്ന ആരോപണം ഡോ. ജോതിമണി നിഷേധിച്ചു.

   നേരത്തെയും ജോതിമണിയുടെ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ നാട്ടുകാര്‍ കളക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്‌. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സംഭവം അന്വേഷിക്കുകയും ഡോ.ജോതിമണിയെ കൂനൂരിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. കൂടാതെ, രാജേശ്വരിക്ക് 37,000 രൂപ തിരികെ നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു.

   നേരത്തെ, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ഡോക്ടറെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ദമ്പതികളുടെ കുഞ്ഞ് പ്രസവത്തോടെ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് ഡോക്ടറുടെ വ്യാജ ഐഡന്റിന്റി പുറത്തുവന്നത്. പ്രസവസംബന്ധമായും സ്ത്രീജന്യമായുമുള്ള രോഗങ്ങള്‍ക്കും ധാരാളം പേര്‍ ഇവരുടെ ചികിത്സ തേടിയെത്തിയിരുന്നു. വീട്ടില്‍ വന്ന് കാണുന്നവര്‍ക്കെല്ലാം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കും സര്‍ജറിക്കും സൗകര്യമൊരുക്കി ശമ്പളത്തേക്കാള്‍ ഉപരി മാസാമാസം നല്ലൊരു തുക ഡോ. സീമ ഇതുവഴിയും നേടിയെടുത്തു.

   തുടര്‍ന്ന് ദമ്പതികളുടെ കുഞ്ഞിന്റെ പ്രസവ സമയത്ത് തടസങ്ങളുണ്ടെന്നും 4000 രൂപ മുന്‍കൂറായി നല്‍കിയാല്‍ കുഞ്ഞിനെ രക്ഷിക്കാമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ അവര്‍ ഇതിനു വഴങ്ങിയില്ല. മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു ഡോക്ടറും നഴ്‌സുമാരും ചേര്‍ന്ന് കുഞ്ഞിനെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
   Published by:Karthika M
   First published: