തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും ഗവർണർ ഡോ തമിഴിസൈ സൗന്ദരരാജനും തമ്മിലുള്ള പോര് തുടരുന്നു. സംസ്ഥാന സർക്കാർ കൈമാറിയ ബജറ്റ് പ്രസംഗത്തിൽ ഗവർണർ മാറ്റങ്ങൾ നിർദ്ദേശിച്ചു. പ്രസംഗത്തിൽ വസ്തുതകളിൽ ഉറച്ചു നിൽക്കാൻ പാർലമെന്ററി കാര്യ മന്ത്രി വി പ്രശാന്ത് റെഡ്ഡിയോട് ഗവർണർ ആവശ്യപ്പെട്ടു. നിർദേശങ്ങൾ മന്ത്രി അംഗീകരിച്ചതായാണ് റിപ്പോർട്ട്. അതിനിടെ, തന്റെ പക്കൽ മാസങ്ങളായി കെട്ടിക്കിടക്കുന്ന ആറ് ബില്ലുകൾക്ക് ഗവർണർ പച്ചക്കൊടി കാണിച്ചിട്ടുമുണ്ട്.
തെലങ്കാന ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കോടതിയിലേക്കും എത്തിയിരുന്നു. ബജറ്റ് അവതരിപ്പിക്കുന്നതിന് ഗവര്‍ണര്‍ അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ബജറ്റ് അവതരണത്തിന് അനുമതി നല്‍കാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഒടുവിൽ ഫെബ്രുവരി 3 ന് ബജറ്റ് അവതരിപ്പിക്കാൻ തടസം ഉണ്ടാകില്ലെന്ന് ഗവർണർ ഹൈക്കോടതിയെ അറിയിച്ചു.
ഇതേത്തുടർന്ന് ഗവർണർക്കെതിരെ നൽകിയ ഹർജി സംസ്ഥാന സർക്കാർ പിൻവലിച്ചു. രണ്ടാം തെലങ്കാന നിയമസഭയുടെ നാലാമത്തെ യോഗം ഫെബ്രുവരി 3 ന് ഉച്ചയ്ക്ക് 12:10 ന് യോഗം ചേരുമെന്നും ജനുവരി 30 ന് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രോട്ടോക്കോൾ അനുസരിച്ച് റിപ്പബ്ലിക് ദിനം ആഘോഷിക്കാനും തെലങ്കാന സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും മുഖ്യമന്ത്രി റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകിയിരുന്നില്ല.
പോലീസ് പരേഡിനെ അഭിസംബോധന ചെയ്യാനും ഗവർണർക്ക് കഴിഞ്ഞ വർഷം അവസരം നൽകിയിരുന്നില്ല. പ്രോട്ടോക്കോൾ പാലിക്കാത്തതിന് കെസിആർ സർക്കാരിനെതിരെ ഗവർണർ പല തവണ ആഞ്ഞടിച്ചിരുന്നു. ഇത്തവണ രാജ്ഭവനില്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ ഗവർണർ ദേശീയ പതാക ഉയർത്തിയിരുന്നു. റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.
ദേശീയ പാതകളും വന്ദേഭാരത് ട്രെയിനുകളും നിർമിക്കാൻ മുൻകൈയെടുത്ത മോദി സർക്കാരിനെ റിപ്പബ്ലിക് ദിന പ്രസംഗത്തിൽ തമിഴിസൈ പ്രശംസിക്കുകയും ചെയ്തിരുന്നു. കോവിഡ് സുരക്ഷാ മുൻകരുതലുകൾ ചൂണ്ടിക്കാട്ടിയാണ് തുടർച്ചയായി മൂന്നാം വർഷവും റിപ്പബ്ലിക് ദിനാഘോഷം നടത്താൻതെലങ്കാന സർക്കാർ തയാറാകാതിരുന്നത്.
ബിജെപി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളെ ദ്രോഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗവർണറുടെ ഓഫീസ് ദുരുപയോഗം ചെയ്യുകയാണെന്ന് തെലങ്കാന ഐടി മന്ത്രി കെ താരക രാമറാവു ആരോപിച്ചിരുന്നു. ഗവർണർ സമ്പ്രദായം നിർത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഥവാ തുടർന്നാൽ തന്നെയും രണ്ട് വർഷത്തേക്ക് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്നവരെ മാത്രമേ ഗവർണർമാരായി നിയമിക്കാവൂ എന്നും കെ താരക രാമറാവു കൂട്ടിച്ചേർത്തു.
Also read- ഝാർഖണ്ഡിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം; കുട്ടികളടക്കം 14 പേർ വെന്തുമരിച്ചു
തെലങ്കാന സർക്കാർ തന്നെയും തന്റെ ഓഫീസിനെ വീണ്ടും വീണ്ടും അപമാനിക്കുകയാണെന്ന് കഴിഞ്ഞ സെപ്തംബറിൽ, ഗവർണർ സ്ഥാനത്തെത്തി മൂന്ന് വർഷം തികഞ്ഞ വേളയിൽ ഗവർണർ തമിഴിസൈ സൗന്ദരരാജൻ ആരോപിച്ചിരുന്നു. ഒരു വനിതാ ഗവർണറോട് തെലങ്കാന സർക്കാർ വിവേചനം കാണിക്കുകയാണെന്നും അവർ ആരോപിച്ചു. തന്റെ ഫോൺ കോളുകൾ കെസിആർ സർക്കാർ ട്രാക്ക് ചെയ്യുന്നുണ്ടെന്നും ഗവർണർ ആരോപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.