അർച്ചന ആർ
സംസ്ഥാനത്ത് ഇനി പുതിയതായി യൂക്കാലിപ്‌റ്റസ് മരങ്ങൾ (Eucalyptus Trees) നടരുതെന്ന് മദ്രാസ് ഹൈക്കോടതി (Madras Highcourt) തമിഴ്‌നാട് (Tamil Nadu) സർക്കാരിനോട് ആവശ്യപ്പെട്ടു. തമിഴ്‌നാട് റിസർവ് വനമേഖലയിലെ പടർന്ന് പിടിക്കുന്ന തരത്തിലുള്ള മരങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസുകൾ ജസ്റ്റിസുമാരായ സതീഷ് കുമാർ, ഭരത ചക്രവർത്തി എന്നിവരുടെ ബെഞ്ച് വാദം കേൾക്കുന്നതിനിടെയാണ് പരാമർശം. ജൂലായ് 25നാണ് കേസ് പരിഗണിച്ചത്. അനാവശ്യമായി പടർന്ന് പിടിക്കുന്ന തരത്തിലുള്ള മരങ്ങൾ തമിഴ്‌നാട്ടിലെ വനമേഖലയിൽ നിന്ന് നീക്കം ചെയ്യുന്നതിനെക്കുറിച്ച് ഈ അവസരത്തിൽ സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
പടർന്ന് പന്തലിക്കുന്ന മരങ്ങൾ നീക്കം ചെയ്യുന്നതിനായി ജില്ലാതലത്തിലുള്ള കമ്മിറ്റികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. വരുന്ന പത്ത് വർഷത്തിനുള്ളിൽ ഇത്തരം മരങ്ങൾ നീക്കം ചെയ്യാനാണ് തീരുമാനം. നാഷണൽ ബാങ്ക് ഫോർ റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്), ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (ജൈക്ക) എന്നിവ വഴി മരങ്ങൾ നീക്കം ചെയ്യുന്നതിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനും ശ്രമം നടത്തുന്നുണ്ട്.
റിപ്പോർട്ട് പരിശോധിച്ച് വിലയിരുത്തിയ ജഡ്ജിമാർ തമിഴ്നാട് സർക്കാരിൻെറ ഇക്കാര്യത്തിലുള്ള മെല്ലെപ്പോക്ക് നടപടിയിൽ നിരാശ പ്രകടിപ്പിച്ചു. സർക്കാർ ക്രിയാത്മകമായി ഒരു ഇടപെടലും നടത്തുന്നില്ലെന്നാണ് കോടതിയുടെ വിമർശനം. മരങ്ങൾ നീക്കം ചെയ്യുന്നതിനായി 10 വർഷം കാത്തിരിക്കാൻ സാധിക്കില്ല. സർക്കാർ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം. വിഷയം ഗൌരവമായി പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്വകാര്യ മേഖലയെ ഏൽപ്പിച്ചാൽ ഇതിലും വേഗത്തിൽ മരങ്ങൾ നീക്കം ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നതായും കോടതി സൂചിപ്പിച്ചു.
സംസ്ഥാനത്തെ വനമേഖലയിലെ പടർന്ന് പിടിക്കുന്ന മരങ്ങൾ നീക്കം ചെയ്യുന്നതിന് സർക്കാർ എടുക്കുന്ന നടപടികൾ നിലവിലെ സാഹചര്യത്തിൽ ഗുണം ചെയ്യുന്നില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. യൂക്കാലിപ്‌റ്റസ് മരങ്ങൾ ഒരു കാരണവശാലും ഇനി നട്ടുവളർത്തരുതെന്നും കോടതി ഉത്തരവിട്ടു. കേസിൻെറ വാദം കേൾക്കൽ ആഗസ്ത് 16ലേക്ക് മാറ്റിയിട്ടുണ്ട്.
സമാനമായ മറ്റൊരു സംഭവത്തിൽ പടർന്ന് പിടിക്കുന്ന കുറ്റിച്ചെടികളായ ജൂലിഫ്‌ളോറ മരങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകളും സന്നദ്ധപ്രവർത്തകരും കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച കോടതി ജൂലിഫ്‌ളോറ മരങ്ങൾ നീക്കം ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ, സംസ്ഥാന സർക്കാർ ഇതുവരെ ജൂലിഫ്ലോറ മരങ്ങൾ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികളൊന്നും തന്നെ എടുത്തിട്ടില്ല. കോടതിക്ക് ഈ സമീപനത്തിലും നിരാശയുണ്ട്. ജൂലിഫ്ലോറ മരങ്ങൾ പൂർണമായും നശിപ്പിച്ച് കളയണമെന്നാണ് കേസ് പരിഗണിച്ച കോടതിയിലെ ജഡ്ജിമാർ ആവശ്യപ്പെട്ടത്. ഇത്തരം പടർന്ന് പിടിക്കുന്ന മരങ്ങൾ ഇല്ലാതാക്കി പകരം കൃഷി പ്രോത്സാഹിപ്പിക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്.
യൂക്കാലിപ്റ്റസ് മരങ്ങളും ജൂലിഫ്‌ളോറ മരങ്ങളും പെട്ടെന്ന് പടർന്ന് പിടിക്കുന്ന മരങ്ങളാണ്. ഇവ വനമേഖലയെ കീഴടക്കുകയാണ്. ഇത് തടയുന്നതിന് വേണ്ടിയാണ് കോടതിയുടെ ഇടപെടൽ. സംസ്ഥാന സർക്കാർ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് മദ്രാസ് ഹൈക്കോടതി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Madras high court, Tamilnadu