എല്ലാ ഉപഭോക്താക്കള്‍ക്കും സുരക്ഷിതവും വിശ്വസനീയവുമായ ഇന്റര്‍നെറ്റ് (internet) സേവനങ്ങൾ ഉറപ്പാക്കുന്നതിന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (IT) നിയമത്തിലെ വ്യവസ്ഥ പ്രകാരം സര്‍ക്കാര്‍ ഇതുവരെ 320 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ (320 mobile applications) രാജ്യത്ത് നിരോധിച്ചതായി കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി സോം പ്രകാശ് (som prakash) പാര്‍ലമെന്റിനെ അറിയിച്ചു. സംസ്ഥാനത്തിന്റെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ എന്നിവ കണക്കിലെടുത്താണ് ഈ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചതെന്നും ലോക്സഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ അദ്ദേഹം പറഞ്ഞു. നേരത്തെ ബ്ലോക്ക് ചെയ്ത ആപ്പുകള്‍ റീബ്രാന്‍ഡ് ചെയ്ത ശേഷം വീണ്ടും ലോഞ്ച് ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ 49 ആപ്പുകള്‍ വീണ്ടും ബ്ലോക്ക് ചെയ്തതായും അദ്ദേഹം പറഞ്ഞു. പുതിയ നിരോധന ലിസ്റ്റില്‍ പ്രമുഖ ഗെയിമിങ് ആപ്പുകളോ മറ്റ് പ്രധാന ആപ്പുകളോ ഇല്ല. പ്രചാരം കുറഞ്ഞ ആപ്ലിക്കേഷനുകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടവയില്‍ അധികവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
''എല്ലാ ഉപഭോക്താക്കള്‍ക്കും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്റര്‍നെറ്റ് ഉറപ്പാക്കുക എന്ന ലക്ഷ്യമനുസരിച്ച്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) ആക്ട്, 2000 ലെ സെക്ഷന്‍ 69 എ പ്രകാരം സര്‍ക്കാര്‍ ഇതുവരെ 320 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്'', സോം പ്രകാശ് പറഞ്ഞു.
പബ്ജി, ടിക് ടോക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾക്ക് നേരത്തെ തന്നെ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഐ.ടി നിയമത്തിലെ 69A സെക്ഷൻ അനുസരിച്ച് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് മൊബൈൽ ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ ആഭ്യന്തര മന്ത്രാലയത്തിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നിരോധനം.
2000 ഏപ്രില്‍ മുതല്‍ 2021 ഡിസംബര്‍ വരെ ചൈനയില്‍ നിന്ന് ഇന്ത്യ 2.45 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം മാത്രമേ സ്വീകരിച്ചിട്ടുള്ളൂവെന്നും മറ്റൊരു രേഖാമൂലമുള്ള മറുപടിയില്‍ അദ്ദേഹം പറഞ്ഞു. ''2000 ഏപ്രില്‍ മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം എഫ്ഡിഐ ഇക്വിറ്റി വരവില്‍ 0.43 ശതമാനം ഓഹരിയുമായി (2.45 ബില്യണ്‍ യുഎസ് ഡോളര്‍) ചൈന ഇരുപതാം സ്ഥാനത്താണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read-
The Kashmir Files | കശ്മീര്‍ ഫയല്‍സിന്റെ നികുതി ഒഴിവാക്കണമെന്ന് ബിജെപി; യൂട്യൂബില്‍ അപ്ലോഡ് ചെയ്യാന്‍ കെജ്രിവാളിന്റെ മറുപടി
കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും കണക്കുകളനുസരിച്ച് 50,000 കോടി രൂപയുടെ വ്യവസായിക നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രത്യേക മറുപടിയില്‍ മന്ത്രി പരാമര്‍ശിച്ചു. നിലവില്‍ ഇപ്പോള്‍ 21 മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി 146 കേന്ദ്ര അംഗീകാരങ്ങള്‍ നാഷന്‍വൈഡ് സിംഗിള്‍ വിന്‍ഡോ സിസ്റ്റം (എന്‍എസ്ഡബ്ല്യുഎസ്) പോര്‍ട്ടല്‍ വഴി ഉപയോഗിക്കാന്‍ പ്രാപ്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പരാമര്‍ശിച്ചു.
'14 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെ ഏകജാലക സംവിധാനങ്ങള്‍ NSWS പോര്‍ട്ടലുമായി ബന്ധിപ്പിച്ചിരിക്കുന്നു, അതുവഴി ആ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും അനുമതികളിലേക്കുള്ള പ്രവേശനം ഒരൊറ്റ ലോഗിന്‍ ഐഡി മുഖേന സാധ്യമാകും'' അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.