• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആനത്താരകളിലെ ഭൂമി സർക്കാർ ഏറ്റെടുക്കാൻ വഴിയൊരുങ്ങുന്നു


Updated: July 29, 2018, 1:00 PM IST
ആനത്താരകളിലെ ഭൂമി സർക്കാർ ഏറ്റെടുക്കാൻ വഴിയൊരുങ്ങുന്നു
representative image

Updated: July 29, 2018, 1:00 PM IST
#എം.ഉണ്ണികൃഷ്ണൻ, ന്യൂസ് 18 ഡൽഹി

മനുഷ്യരും ആനകളും തമ്മിലുള്ള സംഘർഷം കുറയ്ക്കാൻ ആനത്താരകളിലെ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് ദേശീയ വന്യജീവി ബോർഡ്. ഇതിന് കഴിയില്ലെങ്കിൽ ആനത്താരകൾ പരിസ്ഥിതി ലോല മേഖലകളായി പ്രഖ്യാപിക്കണം. വന്യജീവികൾക്ക് വാഹനമിടിച്ചു ജീവൻ നഷ്ടമാകാതിരിക്കാൻ രാത്രി പട്രോളിംഗ് ശക്തമാക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു. ബോർഡ് നിയമിച്ച വിദഗ്ദ സമിതിയുടെ റിപ്പോർട്ട് ന്യൂസ് 18 ന് ലഭിച്ചു.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിക്കുന്നത് പരിശോധിച്ച ഉന്നതതല സമിതിയുടെ ശുപാർശകൾ അംഗീകരിച്ചാണ് ദേശീയ വന്യ ജീവി ബോർഡിന്റെ തുടർ നടപടികൾ.

ആനകൾ ജനവാസ മേഖലകളിൽ എത്തുന്നത് കുറയ്ക്കാൻ എല്ലാ ആനത്താരകളിലെയും ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ബോർഡ് ആവശ്യപ്പെടും. ഇതിന് നേരത്തെ പരിസ്ഥിതി മന്ത്രാലയം നൽകിയ നിർദ്ദേശങ്ങൾ നടപ്പാക്കാൻ അതിവേഗ നടപടി വേണം.

കടുവാ വന്യജീവി സാങ്കേതങ്ങളിൽ നിന്ന് ആൾക്കാരെ മാറ്റിപാർപ്പിക്കുന്ന പദ്ധതിക്ക് സമാനമായി ആനത്താരകൾക്ക് സമീപത്തുനിന്നും സ്വമേധയാ ആൾക്കാർക്ക് മാറിതാമസിക്കുന്നതിനുള്ള പദ്ധതികൾ സംസ്ഥാനങ്ങൾക്ക് നടപ്പാക്കാം. ഇതിനായി ആനത്താരകൾ ഉൾപ്പെടുന്ന ഭൂമേഖലകൾ സംസ്ഥാനങ്ങൾ മാപ്പ് ചെയ്യണം.
Loading...
വന്യജീവികൾ നാട്ടിൽ ഇറങ്ങിയാൽ ആൾക്കൂട്ടം സംഘടിക്കുന്നത് തടയാൻ കാലതാമസമില്ലാതെ നിരോധനാജ്ഞ പ്രഖ്യാപിക്കണം. കടുവ, പുലി, ആന എന്നിവ നാട്ടിൽ ഇറങ്ങിയാൽ എങ്ങനെ നേരിടണമെന്ന് വ്യക്തമാക്കുന്ന നടപടിക്രമങ്ങൾ ഉണ്ട്. മറ്റു വന്യജീവികളുടെ കാര്യത്തിലും നടപടിക്രമങ്ങൾ പുറത്തിറക്കും.
വന്യജീവികൾ ഇറങ്ങാൻ സാധ്യതയുള്ള പാതകളിൽ രാത്രി പട്രോളിംഗ് വർദ്ധിപ്പിക്കണം. വൈദ്യുതിയേറ്റു വന്യ മൃഗങ്ങൾക്ക് ജീവൻ നഷ്ടമാകാതിരിക്കാൻ ഊർജമന്ത്രാലയം മാർഗ്ഗരേഖകൾ പിന്തുടരണമെന്നും പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെടാൻ വന്യജീവി ബോർഡ് തീരുമാനിച്ചു.



വന്യ ജീവി ബോർഡ് അംഗീകരിച്ച മറ്റു ശുപാർശകൾ :

■ മനുഷ്യരും വന്യജീവികളും തമ്മിലുളള സംഘർഷങ്ങൾ നേരിടുന്നത്തിൽ വനം- വന്യജീവി ഉധ്യോഗസ്ഥർക്ക് കൂടുതൽ പരിശീലനം നൽകും. ഉദ്യോഗസ്ഥരുടെ സിലബസിൽ ഇക്കാര്യം ഉൾപ്പെടുത്തും.

■ വന്യജീവി വെറ്റിനറി സയൻസ് നിലവിലെ വെറ്റിനറി കരിക്കുലത്തിന്റെ ഭാഗമാക്കും. ഇതിനായി പരിസ്ഥിതി മന്ത്രാലയം കൃഷി മന്ത്രാലയത്തോടും വെറ്റിനറി കൗൺസിലിനോടും ആവശ്യപ്പെടും.

■ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങളിൽ നഷ്ടപരിഹാരം നൽകുന്നതിന് മൊബൈൽ ആപ്പ് ഉണ്ടാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകും.

■ മൃഗങ്ങൾ നാട്ടിൽ ഇറങ്ങുമ്പോൾ പരമ്പരാഗതമായി തുടർന്ന് വരുന്ന നടപടികൾ ആധുനിക സാങ്കേതിക വിദ്യയുമായി ഇണക്കിച്ചേർത്ത് ഉപയോഗിക്കണം.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ 1100 പേരാണ് കൊല്ലപ്പെട്ടത്. കേരളത്തിൽ ആനകളുടെ ആക്രമണത്തിൽ മാത്രം 30ലധികം പേർക്ക് ജീവൻ നഷ്ടമായി. വന്യജീവികളുടെ ആക്രമണത്തിൽ ആളുകൾ മരിക്കുന്നതും വാഹനാപകടങ്ങളിലടക്കം മൃഗങ്ങൾ കൊല്ലപ്പെടുന്നതും വർധിച്ച സാഹചര്യത്തിലാണ് ഉന്നത തല സമിതിക്ക് രൂപം നൽകിയിരുന്നത്. സുപ്രീം കോടതിയിൽ വിദ്യ ആത്രേയ നൽകിയ പൊതു താല്പര്യ ഹർജിയുടെ ഭാഗമായി കൂടിയാണ് നടപടി. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് അടക്കമുള്ള വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ സംരക്ഷണത്തിനായുള്ള ശുപാർശകളും വിദഗ്ദ സമിതി സമർപ്പിച്ചിട്ടുണ്ട്.
First published: July 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍